Skip to content
Opens in a new window
Listen to this chapter • 2:35

[1] മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.

[2] ആ ദൂതന്റെ കയ്യിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.

[3] സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.

[4] ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.

[5] കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.

[6] ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്ത് പറഞ്ഞത്, “ഇനി ഒട്ടും താമസിക്കയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളം മുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇത് സംഭവിക്കും.”

[8] എന്നാൽ സ്വർഗത്തിൽനിന്നു ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കയ്യിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്ന് പറഞ്ഞു.

[9] ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്ന് അപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്പ്പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’” എന്ന് പറഞ്ഞു.

[10] ഞാൻ ദൂതന്റെ കയ്യിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്പ്പേറിയതായി.

[11] അയാൾ എന്നോട്, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം” എന്ന് പറഞ്ഞു.

യോഹന്നാന് ലഭിച്ച വെളിപ്പാട് — Chapters