Skip to content
Opens in a new window
Listen to this chapter • 3:40

[1] അളവുകോൽപോലെയുള്ള ഒരു ഓടത്തണ്ട് എന്റെ കയ്യിൽ ലഭിച്ചു. തുടർന്ന് എനിക്കു ലഭിച്ച ആജ്ഞ: “നീ ചെന്നു ദൈവാലയവും യാഗപീഠവും അളക്കുക; അവിടെ ആരാധിക്കുന്നവരെ എണ്ണുക.

[2] ദൈവാലയാങ്കണം അളക്കാതെ വിടുക. കാരണം, അത് യെഹൂദേതരർക്കു നൽകപ്പെട്ടിരിക്കുന്നു. അവർ വിശുദ്ധനഗരത്തെ നാൽപ്പത്തിരണ്ട് മാസം ചവിട്ടി അശുദ്ധമാക്കും.

[3] അവിടെ എന്റെ രണ്ട് സാക്ഷികളെ ഞാൻ നിയോഗിക്കും. അവർ ചണവസ്ത്രം ധരിച്ചുകൊണ്ട് 1,260 ദിവസം പ്രവചിക്കും.”

[4] അവർ “ഈ ഭൂമിയുടെ അധിപതിയുടെ സന്നിധിയിൽ നിൽക്കുന്ന രണ്ട് ഒലിവുമരവും രണ്ട് വിളക്കുതണ്ടും ആകുന്നു.”

[5] അവർക്കു ദോഷം വരുത്താൻ ആരെങ്കിലും തുനിഞ്ഞാൽ ആ പ്രവാചകന്മാരുടെ വായിൽനിന്ന് തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ നശിപ്പിച്ചുകളയും. ഇങ്ങനെ അവർക്കു ദോഷം വരുത്താൻ ഇച്ഛിക്കുന്ന ഓരോരുത്തനും ഹിംസിക്കപ്പെടും.

[6] തങ്ങളുടെ പ്രവചനശുശ്രൂഷാകാലത്ത് മഴ പെയ്യാതെ ആകാശം അടച്ചുകളയാൻ അവർക്ക് അധികാരമുണ്ട്. വെള്ളം രക്തമാക്കാനും ആഗ്രഹിക്കുമ്പോഴെല്ലാം സകലവിധ ബാധകളാലും ഭൂമിയെ ദണ്ഡിപ്പിക്കാനുമുള്ള അധികാരവും അവർക്കുണ്ട്.

[7] അവർ തങ്ങളുടെ ശുശ്രൂഷ പൂർത്തിയാക്കിക്കഴിയുമ്പോൾ അഗാധഗർത്തത്തിൽനിന്ന് കയറിവരുന്ന മൃഗം അവരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി കൊന്നുകളയും.

[8] അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആലങ്കാരികമായി സൊദോം എന്നും ഈജിപ്റ്റ് എന്നും വിളിക്കപ്പെടുന്നതുമായ മഹാനഗരത്തിന്റെ തെരുവീഥിയിൽ അവരുടെ മൃതദേഹങ്ങൾ കിടക്കും.

[9] സകലജനവിഭാഗങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ഭാഷകളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ളവർ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങൾ വീക്ഷിക്കും; ആ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആരെയും അനുവദിക്കുകയുമില്ല.

[10] ഈ രണ്ട് പ്രവാചകന്മാർ ഭൂവാസികളെ ദണ്ഡിപ്പിച്ചതിനാൽ അവരുടെ മരണത്തിൽ ഭൂവാസികൾ ആനന്ദിക്കുകയും ആഹ്ലാദം പങ്കിടാൻ അന്യോന്യം സമ്മാനങ്ങൾ കൈമാറുകയുംചെയ്യും.

[11] എന്നാൽ, മൂന്നര ദിവസത്തിനുശേഷം ദൈവത്തിൽനിന്ന് ജീവശ്വാസം അവരിൽ പ്രവേശിച്ചു, അവർ എഴുന്നേറ്റുനിന്നു. അവരെ കണ്ടവരെല്ലാം അത്യന്തം ഭയപ്പെട്ടു.

[12] അപ്പോൾ, “ഇവിടെ കയറിവരിക” എന്നു സ്വർഗത്തിൽനിന്നു തങ്ങളോടു പറയുന്ന ഒരു മഹാശബ്ദം അവർ കേട്ടു. അവരുടെ ശത്രുക്കൾ നോക്കിനിൽക്കെ ഒരു മേഘത്തിൽ അവർ സ്വർഗത്തിലേക്കു കയറിപ്പോയി.

[13] ഉടൻതന്നെ ശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. നഗരത്തിന്റെ പത്തിലൊന്നു ഭാഗം തകർന്നുവീണു. ഏഴായിരംപേർ ആ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു; ശേഷമുള്ളവർ ഭയന്ന്, സ്വർഗത്തിലെ ദൈവത്തെ മഹത്ത്വപ്പെടുത്താൻ തുടങ്ങി.

[14] രണ്ടാമത്തെ ഭീകരാനുഭവം കഴിഞ്ഞു. ഇതാ, മൂന്നാമത്തെ ഭീകരാനുഭവം ആസന്നമായിരിക്കുന്നു.

[15] ഏഴാമത്തെ ദൂതൻ കാഹളം മുഴക്കി. അപ്പോൾ, “ലോകഭരണം നമ്മുടെ കർത്താവിനും അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവിടന്ന് എന്നെന്നേക്കും ഭരിക്കും” എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി.

[16] ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്:

[17] “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ സർവശക്തിയുള്ള ദൈവമായ കർത്താവേ, അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.

[18] രാജ്യങ്ങൾ ക്രുദ്ധിച്ചു; അങ്ങയുടെ ക്രോധദിവസവും വന്നുചേർന്നു. മരിച്ചവരെ ന്യായംവിധിക്കാനും; അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കും അങ്ങയുടെ നാമത്തെ ആദരിക്കുന്ന വിശുദ്ധർക്കും ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം നൽകാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുമുള്ള സമയവും വന്നിരിക്കുന്നു.”

[19] അപ്പോൾ സ്വർഗത്തിലെ ദൈവാലയം തുറന്നു; ആലയത്തിനുള്ളിൽ ദൈവത്തിന്റെ നിയമപെട്ടകം ദൃശ്യമായി. മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

യോഹന്നാന് ലഭിച്ച വെളിപ്പാട് — Chapters