Skip to content
Opens in a new window
Listen to this chapter • 4:05

[1] അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു.

[2] നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലം നൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്.

[3] ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും.

[4] അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും.

[5] ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്ക് ഉണ്ടാകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും.

[6] അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.”

[7] “ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”

[8] യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു.

[9] എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്ന് പറഞ്ഞു.

[10] തുടർന്ന് ദൂതൻ എന്നോട് പറഞ്ഞത്: “ഈ പ്രവചനങ്ങൾ നിവൃത്തിയാകുന്ന സമയം ആസന്നമായിരിക്കയാൽ, ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾക്ക് മുദ്രവെക്കരുത്.

[11] അധർമികൾ ഇനിയും അധർമികളായിത്തന്നെ തുടരട്ടെ; അശുദ്ധർ ഇനിയും അശുദ്ധരായിത്തന്നെ തുടരട്ടെ. ധർമിഷ്ടർ നീതിപ്രവൃത്തികൾ ചെയ്യട്ടെ; വിശുദ്ധർ ഇനിയും വിശുദ്ധീകരിക്കട്ടെ.”

[12] “ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്.

[13] ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു.

[14] “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ.

[15] എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, ഘാതകർ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.

[16] “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോട് സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”

[17] ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.

[18] ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോട് കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും.

[19] ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും.

[20] ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!” ആമേൻ! കർത്താവായ യേശുവേ, വരേണമേ.

[21] യേശുകർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഇരിക്കട്ടെ. ആമേൻ.

യോഹന്നാന് ലഭിച്ച വെളിപ്പാട് — Chapters