[1] എന്റെ കുഞ്ഞുങ്ങളേ, പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക; അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക.
[2] കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു, എന്റെ അഭ്യസനം നിരാകരിക്കരുത്.
[3] ഞാനും എന്റെ പിതാവിനു മകനും മാതാവിന്റെ ഏക ഓമനസന്താനവും ആയിരുന്നു.
[4] എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു: “എന്റെ വാക്കുകൾ നീ ഹൃദയപൂർവം സ്വീകരിക്കുക; എന്റെ കൽപ്പനകൾ പാലിച്ചാൽ നീ ജീവിക്കും.
[5] ജ്ഞാനം നേടുക, വിവേകം ആർജിക്കുക; എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്.
[6] ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും; അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും.
[7] ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക. നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അറിവ് സമ്പാദിക്കുക.
[8] അവളെ താലോലിക്കുക, അവൾ നിന്നെ ഉയർത്തും; അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും.
[9] അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.”
[10] എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക, എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും.
[11] ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു.
[12] നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല; ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല.
[13] ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ.
[14] ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്.
[15] അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്; അത് വിട്ടൊഴിഞ്ഞ് നിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുക.
[16] കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല; ആരെയെങ്കിലും വീഴ്ത്തിയില്ലെങ്കിൽ അവരെ സുഖനിദ്ര കൈവിടുന്നു,
[17] അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു അതിക്രമത്തിന്റെ വീഞ്ഞു പാനംചെയ്യുന്നു.
[18] നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു, അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും.
[19] എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല.
[20] എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക; എന്റെ മൊഴികൾക്കു ചെവിചായ്ക്കുക.
[21] അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്, അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക;
[22] കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു.
[23] എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക, കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്.
[24] വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക; ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.
[25] നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ; നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക.
[26] നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും.
[27] നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ.