Skip to content
Opens in a new window

[1] വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ.

[2] പരിജ്ഞാനമില്ലാതെ ആവേശംകാണിക്കുന്നതു നല്ലതല്ല, തിടുക്കത്തോടെ ചുവടുകൾവെക്കുന്നവർക്കു വഴിതെറ്റുന്നു.

[3] ഒരു മനുഷ്യന്റെ മൗഢ്യം അയാളെ നാശത്തിലേക്കു നയിക്കുന്നു, എന്നിട്ടും അയാളുടെ ഹൃദയം യഹോവയ്ക്കെതിരേ രോഷാകുലമാകുന്നു.

[4] സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു, എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു.

[5] കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല.

[6] ഭരണകർത്താക്കളുടെ പ്രീതിക്കായി ധാരാളമാളുകൾ ശ്രമിക്കുന്നു, എല്ലാവരും ദാനശീലരുടെ സുഹൃത്തുക്കളുമാകുന്നു.

[7] ദരിദ്രരുടെ ബന്ധുക്കളെല്ലാം അവരെ ഒഴിവാക്കുന്നു— അവരുടെ സുഹൃത്തുക്കൾ അവരുമായി അകലംപാലിക്കാൻ എത്രയധികം ശ്രമിക്കും! ദരിദ്രർ അവരോടു കേണപേക്ഷിക്കും എന്നാൽ അവർ പ്രതികരിക്കുകപോലുമില്ല.

[8] ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു; വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും.

[9] കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും.

[10] ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം!

[11] ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു; അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു.

[12] രാജക്രോധം സിംഹഗർജനംപോലെയാണ്, എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും.

[13] ഒരു ഭോഷസന്താനം പിതാവിന്റെ നാശം; കലഹപ്രിയയായ ഭാര്യയോ, നിലയ്ക്കാത്ത ചോർച്ചപോലെയും.

[14] വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി, എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം.

[15] അലസത ഗാഢനിദ്ര വരുത്തുന്നു, മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു.

[16] കൽപ്പനകൾ പ്രമാണിക്കുന്നവർ തങ്ങളുടെ ജീവൻ സൂക്ഷിക്കുന്നു, എന്നാൽ അവയെ അവഗണിക്കുന്നവർ മരിക്കും.

[17] ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു, അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.

[18] പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക; അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്.

[19] ക്ഷിപ്രകോപിയായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും; ഒരിക്കൽ നിങ്ങൾ അയാളെ സഹായിച്ചാൽ, നിങ്ങൾക്കത് ആവർത്തിക്കേണ്ടതായിവരും.

[20] ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക, അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും.

[21] മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്, എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു.

[22] ഒരു മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത് കരുണയാണ്; നുണപറയുന്നവരായിരിക്കുന്നതിലും, ദരിദ്രരായിരിക്കുന്നതാണ് നല്ലത്.

[23] യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു; അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.

[24] അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല!

[25] ഒരു പരിഹാസിയെ അടിക്കുക, അങ്ങനെ ലളിതമാനസർ വിവേകം അഭ്യസിക്കും; വിവേകിയെ ശാസിക്കുക, അവർ പരിജ്ഞാനം നേടും.

[26] സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ മാനഹാനിക്ക് ഇരയാകും.

[27] എന്റെ കുഞ്ഞേ, എന്റെ ഉപദേശങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ, പരിജ്ഞാനത്തിന്റെ വാക്കുകളിൽനിന്ന് നീ അലഞ്ഞുതിരിയേണ്ടിവരും.

[28] അഴിമതിക്കു കൂട്ടുനിൽക്കുന്ന സാക്ഷി നീതിയെ അവഹേളിക്കുന്നു, ദുഷ്ടരുടെ വായ് അന്യായത്തെ വിഴുങ്ങുന്നു.

[29] പരിഹാസിക്കു ന്യായവിധിയും ഭോഷരുടെ മുതുകിനു പ്രഹരവും ഒരുക്കിയിരിക്കുന്നു.

സദൃശവാക്യങ്ങൾ — Chapters