[1] ശലോമോന്റെ സുഭാഷിതങ്ങൾ: ജ്ഞാനമുള്ള മക്കൾ അവരുടെ പിതാവിന് ആനന്ദമേകുന്നു, ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു.
[2] അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല, എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു.
[3] നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല, ദുഷ്ടരുടെ അതിമോഹത്തെ അവിടന്ന് നിഷ്ഫലമാക്കുന്നു.
[4] അലസകരങ്ങൾ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും, എന്നാൽ ഉത്സാഹികളുടെ കരങ്ങളോ, സമ്പത്തു കൊണ്ടുവരുന്നു.
[5] വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു, എന്നാൽ കൊയ്ത്തുകാലത്ത് ഉറങ്ങുന്നവരോ, അപമാനം വരുത്തുന്ന മക്കളും ആകുന്നു.
[6] അനുഗ്രഹങ്ങൾ നീതിനിഷ്ഠരുടെ ശിരസ്സിൽ കിരീടമണിയിക്കുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ അധരം അതിക്രമം ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
[7] നീതിനിഷ്ഠരുടെ നാമം അനുഗ്രഹാശിസ്സുകൾക്ക് ഉപയുക്തമാകുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാമം ജീർണിച്ചുപോകും.
[8] ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു, എന്നാൽ വായാടികളായ ഭോഷർ നശിച്ചുപോകും.
[9] സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും, കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും.
[10] ദുഷ്ടലാക്കോടെ കണ്ണിറുക്കുന്നവർ ദോഷംവരുത്തുന്നു വായാടികളായ ഭോഷർ നാശത്തിലേക്കു പതിക്കുന്നു.
[11] നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്, എന്നാൽ ദുഷ്ടരുടെ അധരം അക്രമത്തെ മറച്ചുവെക്കുന്നു.
[12] വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു, എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു.
[13] വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നു, എന്നാൽ വിവേകഹീനരുടെ മുതുകിൽ ഒരു പ്രഹരമാണു വീഴുന്നത്.
[14] ബുദ്ധിയുള്ളവർ പരിജ്ഞാനം സംഭരിച്ചുവെക്കുന്നു, എന്നാൽ ഭോഷരുടെ വായ് നാശം ക്ഷണിച്ചുവരുത്തുന്നു.
[15] ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്, എന്നാൽ ദാരിദ്ര്യം അഗതികൾക്കു നാശകരവുമാണ്.
[16] നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം, എന്നാൽ നീചരുടെ അധ്വാനഫലം പാപവും മരണവും.
[17] ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്, എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു.
[18] വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്.
[19] വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല, എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.
[20] നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി, ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും.
[21] നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു, എന്നാൽ ബുദ്ധിശൂന്യതകൊണ്ട് ഭോഷർ മരിക്കുന്നു.
[22] യഹോവയുടെ അനുഗ്രഹം സമ്പത്ത് പ്രദാനംചെയ്യുന്നു, അവിടന്ന് അതിനോട് കഷ്ടതയൊന്നും കൂട്ടിച്ചേർക്കുന്നില്ല.
[23] ദോഷം പ്രവർത്തിക്കുന്നത് ഭോഷർക്ക് ഒരു വിനോദം, എന്നാൽ ഒരു വിവേകി ജ്ഞാനത്തിൽ ആഹ്ലാദിക്കുന്നു.
[24] ദുഷ്ടത പ്രവർത്തിക്കുന്നവർ ഭയപ്പെടുന്നതുതന്നെ അവർക്കു ഭവിക്കും; നീതിനിഷ്ഠരുടെ അഭിലാഷങ്ങൾ സഫലമാക്കപ്പെടും.
[25] വീശിയടിക്കുന്ന കൊടുങ്കാറ്റ് ദുഷ്ടത പ്രവർത്തിക്കുന്നവരെ ചുഴറ്റിയെറിയും, എന്നാൽ നീതിനിഷ്ഠർ എല്ലാ കാലത്തേക്കും ഉറച്ചുനിൽക്കും.
[26] തങ്ങളെ നിയോഗിക്കുന്നവർക്ക് അലസർ പല്ലിനു വിന്നാഗിരിയും കണ്ണിനു പുകയും എന്നപോലെയാണ്.
[27] യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു, എന്നാൽ ദുഷ്ടരുടെ സംവത്സരങ്ങൾ ഹ്രസ്വമാക്കപ്പെടും.
[28] നീതിനിഷ്ഠരുടെ പ്രത്യാശ ആനന്ദമേകുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷയോ, നിഷ്ഫലം.
[29] യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം, എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം.
[30] നീതിനിഷ്ഠർ ഒരിക്കലും ഉന്മൂലമാക്കപ്പെടുകയില്ല, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ ദേശത്ത് സുസ്ഥിരമായി ജീവിക്കുകയില്ല.
[31] നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു, എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും.
[32] നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു, എന്നാൽ ദുഷ്ടരുടെ നാവ് വൈകൃതഭാഷണത്തിന് ഉറവിടം.