Skip to content
Opens in a new window

[1] സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.

[2] സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു.

[3] ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.

[4] വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും.

[5] ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്, എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു.

[6] കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

[7] ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു, വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്.

[8] ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച അവസാനിക്കും.

[9] ഉദാരമനസ്കരായവർ അനുഗൃഹീതർ, കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു.

[10] പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും; കലഹവും അധിക്ഷേപവും അവസാനിക്കും.

[11] ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക് രാജാവ് സ്നേഹിതനായിത്തീരും.

[12] പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്, വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു.

[13] അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്! ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!”

[14] വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്; യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു.

[15] മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു, എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.

[16] സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും.

[17] ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക; ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക,

[18] കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം.

[19] നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്, ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു.

[20] ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്, ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ,

[21] നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന് നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ് ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്.

[22] ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത് നിർധനരെ കോടതികയറ്റി തകർത്തുകളയരുത്,

[23] കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.

[24] ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.

[25] അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും.

[26] മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;

[27] അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്, നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.

[28] നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്.

[29] തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ? അവർ രാജാക്കന്മാരെ സേവിക്കും കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.

സദൃശവാക്യങ്ങൾ — Chapters