[1] ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെമുമ്പിൽ എന്താണ് ഉള്ളതെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക,
[2] നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ നിങ്ങളുടെ തൊണ്ടയിൽ ഒരു കത്തിവെക്കുക.
[3] അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്, കാരണം ആ ഭക്ഷണം വഞ്ചനാപരമാണ്.
[4] സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്; തക്കസമയത്ത് അതിൽനിന്നു പിൻവാങ്ങുന്നതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം.
[5] ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും, അതിനു നിശ്ചയമായും ചിറകു മുളയ്ക്കുകയും ഒരു കഴുകനെപ്പോൽ ആകാശത്തേക്കു പറന്നകലുകയും ചെയ്യും.
[6] അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്, അവരുടെ വിശിഷ്ടഭോജ്യം ആഗ്രഹിക്കുരുത്;
[7] കാരണം അവരെപ്പോഴും അതിനെത്ര വിലയാകും എന്നു ചിന്തിക്കുന്നവരാണ്. “ഭക്ഷിക്കുക, പാനംചെയ്യുക,” എന്ന് അവർ നിങ്ങളോടു പറയും, എന്നാൽ അവരത് മനസ്സോടെ പറയുന്നതല്ല.
[8] ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും നിങ്ങളുടെ ഉപചാരവാക്കുകൾ പാഴാകുകയും ചെയ്യും.
[9] ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്, കാരണം നിങ്ങളുടെ വിവേകമുള്ള വാക്കുകൾ അവർ നിന്ദിക്കും.
[10] പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ അനാഥരുടെ പുരയിടം കൈയ്യേറുകയോ ചെയ്യരുത്,
[11] കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്; അവിടന്ന് നിനക്കെതിരായി അവരുടെ വ്യവഹാരം നടത്തും.
[12] നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും കാതുകൾ പരിജ്ഞാനവചസ്സുകൾക്കായി തുറക്കുകയും ചെയ്യുക.
[13] മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്; വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല.
[14] അവരെ വടികൊണ്ട് ശിക്ഷിക്കുക, അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക.
[15] എന്റെ കുഞ്ഞേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ, എന്റെ ഹൃദയം ആനന്ദഭരിതം ആയിരിക്കും;
[16] നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ എന്റെ അന്തരിന്ദ്രിയം ആനന്ദിക്കും.
[17] നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്, എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക.
[18] നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.
[19] എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക, നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക:
[20] അമിതമായി മദ്യം കുടിക്കുന്നവരുടെയോ മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,
[21] കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും; മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.
[22] നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക, നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്.
[23] സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്; ജ്ഞാനവും ശിക്ഷണവും തിരിച്ചറിവും സ്വായത്തമാക്കുക.
[24] നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്; ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും.
[25] നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ; നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ.
[26] എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ,
[27] വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്; ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്.
[28] കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു പുരുഷഗണത്തിലെ അവിശ്വസ്തരുടെ എണ്ണം അവൾ വർധിപ്പിക്കുന്നു.
[29] ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം? ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി? ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്?
[30] മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ.
[31] വീഞ്ഞു ചെമന്നിരിക്കുമ്പോഴും ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്.
[32] ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും.
[33] നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും, നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും.
[34] നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും കപ്പൽപ്പായ്മരത്തിൻമുകളിൽ തൂങ്ങിനിൽക്കുന്നവരെപ്പോലെയും ആകും.
[35] “അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല! അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല! ഇനി ഞാൻ എപ്പോഴാണ് ഉണരുക അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും.