[1] യേശു തുടർന്ന് അവരോട്, “ഞാൻ നിങ്ങളോട് പറയട്ടെ, ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുന്നതിനുമുമ്പ് ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല, നിശ്ചയം” എന്ന് പറഞ്ഞു.
[2] ഇതിനുശേഷം ആറുദിവസം കഴിഞ്ഞ് യേശു പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെ മുമ്പിൽ രൂപാന്തരപ്പെട്ടു.
[3] അദ്ദേഹത്തിന്റെ വസ്ത്രം ഭൂമിയിൽ ആർക്കും വെളുപ്പിക്കാൻ കഴിയുന്നതിലും അധികം വെണ്മയുള്ളതായി തിളങ്ങി.
[4] ഏലിയാവും മോശയും അവർക്കു പ്രത്യക്ഷരായി, യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.
[5] അപ്പോൾ പത്രോസ് യേശുവിനോട്, “റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്; നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം; ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്ന് പറഞ്ഞു.
[6] എന്തു പറയണമെന്ന് അറിയാഞ്ഞതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്; കാരണം അവർ അത്രയേറെ ഭയവിഹ്വലരായിരുന്നു.
[7] അപ്പോൾത്തന്നെ ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിൽനിന്ന് “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.
[8] പെട്ടെന്ന്, അവർ ചുറ്റും നോക്കി; അപ്പോൾ തങ്ങളോടുകൂടെ യേശുവിനെ അല്ലാതെ മറ്റാരെയും പിന്നെ കണ്ടില്ല.
[9] അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർക്കുന്നതുവരെ, ഈ കണ്ടത് ആരോടും പറയരുത് എന്ന് കൽപ്പിച്ചു.
[10] അവർ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു, എന്നാൽ “മരിച്ചവരിൽനിന്ന് ഉയിർക്കുക” എന്നതിന്റെ അർഥം എന്തെന്ന് അവർക്കിടയിൽ ചർച്ചചെയ്തുകൊണ്ടും ഇരുന്നു.
[11] അവർ അദ്ദേഹത്തോട്, “ഏലിയാവ് ആദ്യം വരണം എന്ന് വേദജ്ഞർ പറയുന്നത് എന്തുകൊണ്ടാണ്?” എന്ന് ചോദിച്ചു.
[12] അതിന് യേശു: “ആദ്യം ഏലിയാവു വന്ന് എല്ലാക്കാര്യങ്ങളും തീർച്ചയായും പുനഃസ്ഥാപിക്കുമെങ്കിൽ മനുഷ്യപുത്രൻ വളരെ കഷ്ടത സഹിക്കുകയും തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് എഴുതിയിരിക്കുന്നത് എങ്ങനെ?
[13] എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, ഏലിയാവ് വന്നുകഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന പ്രകാരം തങ്ങൾ ആഗ്രഹിച്ചതുപോലെയെല്ലാം യെഹൂദർ അദ്ദേഹത്തോട് പ്രവർത്തിക്കുകയുംചെയ്തു.”
[14] അവർ മറ്റു ശിഷ്യന്മാരുടെ അടുത്തെത്തിയപ്പോൾ വലിയൊരു ജനസമൂഹം അവർക്കുചുറ്റും നിൽക്കുന്നതും വേദജ്ഞർ അവരോടു തർക്കിക്കുന്നതും കണ്ടു.
[15] യേശുവിനെ കണ്ട ഉടനെ ജനങ്ങളെല്ലാം അദ്ഭുതാദരങ്ങളോടെ ഓടിച്ചെന്ന് അദ്ദേഹത്തെ അഭിവാദനംചെയ്തു.
[16] “എന്തിനെക്കുറിച്ചാണ് നിങ്ങൾ അവരോടു തർക്കിച്ചുകൊണ്ടിരിക്കുന്നത്?” യേശു ചോദിച്ചു.
[17] ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ: “ഗുരുവേ, ഒരു ദുരാത്മാവ് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നിരുന്നു.
[18] അത് അവനിൽ ആവേശിക്കുമ്പോഴെല്ലാം അവനെ നിലത്തുവീഴ്ത്തും; അവന്റെ വായിൽനിന്ന് നുരയും പതയും വരികയും പല്ലുകടിക്കുകയും ശരീരം മരവിക്കുകയുംചെയ്യും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചു; എന്നാൽ അവർക്ക് അതിന് കഴിഞ്ഞില്ല” എന്ന് പറഞ്ഞു.
[19] അപ്പോൾ യേശു, “അവിശ്വാസമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ വസിക്കും? എത്രകാലം നിങ്ങളെ വഹിക്കും? ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് പറഞ്ഞു.
[20] അവർ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആ ആത്മാവ് ബാലനെ തള്ളിയിട്ടു. അവൻ നിലത്തു വീണുരുളുകയും വായിലൂടെ നുരയും പതയും വരികയുംചെയ്തു.
[21] യേശു ബാലന്റെ പിതാവിനോട്, “ഇവൻ ഇങ്ങനെ ആയിട്ട് എത്രനാളായി?” എന്ന് ചോദിച്ചു. “കുട്ടിക്കാലംമുതൽതന്നെ.
[22] അത് അവനെ കൊല്ലേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്കു കഴിയുമെങ്കിൽ ദയതോന്നി ഞങ്ങളെ സഹായിക്കേണമേ,” എന്ന് അയാൾ മറുപടി പറഞ്ഞു.
[23] “ ‘അങ്ങേക്കു കഴിയുമെങ്കിൽ എന്നോ?’ വിശ്വസിക്കുന്നവനു സകലവും സാധ്യം,” യേശു പറഞ്ഞു.
[24] ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കേണമേ” എന്ന് നിലവിളിച്ചു പറഞ്ഞു.
[25] ജനങ്ങൾ കൂട്ടമായി അവിടേക്ക് ഓടിക്കൂടുന്നതു കണ്ടിട്ട് യേശു ദുരാത്മാവിനെ ശാസിച്ചുകൊണ്ട്, “ബധിരനും മൂകനുമായ ആത്മാവേ, അവനിൽനിന്ന് പുറത്തുപോകൂ, ഇനിയൊരിക്കലും അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്ന് പറഞ്ഞു.
[26] ആത്മാവ് നിലവിളിച്ച് അവനെ നിലത്തു പിന്നെയും തള്ളിയിട്ട് ഉരുട്ടിയശേഷം അവനെ വിട്ടുപോയി. ബാലൻ ഒരു മൃതശരീരംപോലെ ആയിത്തീർന്നതുകൊണ്ട് “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു.
[27] യേശു അവനെ കൈക്കുപിടിച്ച് ഉയർത്തി, അവൻ എഴുന്നേറ്റുനിന്നു.
[28] യേശു വീട്ടിൽ എത്തിയപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോട്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്ന് രഹസ്യമായി ചോദിച്ചു.
[29] അതിന് യേശു, “പ്രാർഥനയാൽ മാത്രമല്ലാതെ ഈ വക ഒഴിഞ്ഞുപോകുകയില്ല” എന്ന് ഉത്തരം പറഞ്ഞു.
[30] അവർ ആ സ്ഥലംവിട്ട് ഗലീലയിലൂടെ കടന്നുപോയി. തങ്ങൾ എവിടെയാണെന്ന് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു.
[31] യേശു ശിഷ്യന്മാരെ ഉപദേശിച്ചുകൊണ്ട് അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കയ്യിൽ ഏൽപ്പിക്കപ്പെടും. അവർ അവനെ കൊല്ലും, എന്നാൽ മൂന്നുദിവസം കഴിഞ്ഞ് അയാൾ ഉയിർത്തെഴുന്നേൽക്കുകയുംചെയ്യും.”
[32] എന്നാൽ, അദ്ദേഹം പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, അതിനാൽ, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.
[33] അവർ കഫാർനഹൂമിൽ എത്തി. അദ്ദേഹം വീട്ടിൽ വന്നശേഷം അവരോട്, “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു തർക്കിച്ചുകൊണ്ടിരുന്നത്?” എന്ന് ചോദിച്ചു.
[34] അവരോ, തങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി വഴിയിൽവെച്ചു വാദിക്കുകയായിരുന്നതുകൊണ്ടു നിശ്ശബ്ദരായിരുന്നു.
[35] അദ്ദേഹം ഇരുന്നശേഷം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ചിട്ട് അവരോട്, “നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ ഒടുക്കത്തവനും എല്ലാവർക്കും ദാസനുമാകണം” എന്ന് പറഞ്ഞു.
[36] അതിനുശേഷം അദ്ദേഹം ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യത്തിൽ നിർത്തി. പിന്നെ അവനെ കൈകളിൽ എടുത്തുകൊണ്ട് അദ്ദേഹം അവരോടു പറഞ്ഞു:
[37] “ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവരോ എന്നെയല്ല, എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”
[38] “ഗുരുവേ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു, അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്ന് ശിഷ്യന്മാരിൽ ഒരാളായ യോഹന്നാൻ പറഞ്ഞു.
[39] “അയാളെ തടയരുത്” യേശു പറഞ്ഞു, “എന്റെ നാമത്തിൽ ഒരത്ഭുതം പ്രവർത്തിക്കുന്ന ഒരാൾക്ക് അടുത്ത നിമിഷത്തിൽ എന്നെ ദുഷിച്ചു പറയാൻ സാധ്യമല്ല;
[40] നമുക്കു പ്രതികൂലമല്ലാത്തയാൾ നമുക്ക് അനുകൂലമാണ്.
[41] ക്രിസ്തുവിന്റെ ശിഷ്യർ എന്ന പരിഗണനയിൽ ഒരു പാത്രം വെള്ളമെങ്കിലും നിങ്ങൾക്കു തരുന്നയാൾക്ക് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്ന് ഞാൻ നിങ്ങളോടു പറയുന്നു.
[42] “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി കടലിൽ എറിയുന്നതാണ് അയാൾക്ക് ഏറെ നല്ലത്.
[43] നിന്റെ കൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അത് വെട്ടി എറിയുക.
[44] രണ്ട് കയ്യും ഉള്ള വ്യക്തിയായി കെടാത്ത തീയുള്ള നരകത്തിൽ പോകുന്നതിനെക്കാൾ, അംഗഭംഗമുള്ള വ്യക്തിയായി നിത്യജീവനിൽ കടക്കുന്നതാണ് അയാൾക്കു നല്ലത്.
[45] നിന്റെ കാൽ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അത് വെട്ടി എറിഞ്ഞുകളയുക.
[46] രണ്ട് കാലും ഉള്ള വ്യക്തിയായി നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ, മുടന്തുള്ള വ്യക്തിയായി നിത്യജീവനിൽ കടക്കുന്നതാണ് അയാൾക്കു നല്ലത്.
[47] നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിയുക. രണ്ട് കണ്ണും ഉള്ള വ്യക്തിയായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു കണ്ണുള്ള വ്യക്തിയായി ദൈവരാജ്യത്തിൽ കടക്കുന്നതാണ് അയാൾക്ക് ഉത്തമം.
[48] “ ‘നരകത്തിലുള്ള പുഴു ചാകുന്നില്ല, അവിടത്തെ തീ അണയുന്നതുമില്ല.’
[49] എല്ലാവരും അഗ്നിയാൽ ഉപ്പുള്ളവരായിത്തീരും.
[50] “ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായിത്തീർന്നാൽ അതിന്റെ ഉപ്പുരസം വീണ്ടെടുക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? നിങ്ങൾ സ്വാദുള്ളവരായും, പരസ്പരം സമാധാനത്തോടെ ജീവിക്കുന്നവരായും ഇരിക്കുക.”