Skip to content
Opens in a new window
Listen to this chapter • 8:45

[1] യേശു അവിടെനിന്നു യാത്രതിരിച്ച് സ്വന്തം പട്ടണത്തിൽ ശിഷ്യന്മാരുമായി മടങ്ങിയെത്തി.

[2] അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അത് കേട്ട് ആശ്ചര്യപ്പെട്ടു. “ഈ മനുഷ്യന് ഇവയെല്ലാം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്? എന്തെല്ലാം അത്ഭുതങ്ങളാണ് ഇയാൾ ചെയ്യുന്നത്?

[3] ഇത് ആ മരപ്പണിക്കാരനല്ലേ? ഇയാൾ മറിയയുടെ മകനല്ലേ? യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ ഇയാൾ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെ ഇല്ലേ?” എന്ന് ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

[4] യേശു അവരോട്, “ഒരു പ്രവാചകൻ ബഹുമാനിക്കപ്പെടാത്തത് അയാളുടെ സ്വദേശത്തും ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്ന് പറഞ്ഞു.

[5] ഏതാനും ചില രോഗികളുടെമേൽ കൈവെച്ച് അവരെ സൗഖ്യമാക്കിയതല്ലാതെ, അവിടെ അത്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

[6] അവരുടെ അവിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെട്ടു. അതിനുശേഷം യേശു ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച് ഉപദേശിച്ചുകൊണ്ടിരുന്നു.

[7] അദ്ദേഹം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവർക്ക് ദുരാത്മാക്കളുടെമേൽ അധികാരം നൽകി. അവർക്ക് ഇപ്രകാരം നിർദേശം നൽകി, ഈരണ്ടുപേരായി അയയ്ക്കാൻതുടങ്ങി.

[8] “ഈ യാത്രയിൽ ഒരു വടിമാത്രമേ കരുതാവൂ—ആഹാരമോ ബാഗോ പണമോ എടുക്കാൻ പാടില്ല.

[9] ചെരിപ്പു ധരിക്കാം, ഒന്നിലധികം വസ്ത്രം അരുത്.

[10] ഒരു പട്ടണത്തിൽ ചെന്ന് അവിടെയുള്ള ഒരു ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേഭവനത്തിൽത്തന്നെ താമസിക്കുക.

[11] ഏതെങ്കിലും സ്ഥലത്തു നിങ്ങളെ സ്വീകരിക്കാതിരിക്കുകയും അവിടെയുള്ളവർ നിങ്ങളുടെസന്ദേശം അംഗീകരിക്കാതിരിക്കുകയും ചെയ്താൽ ആ സ്ഥലം വിട്ടുപോകുമ്പോൾ, ആ സ്ഥലവാസികൾക്കെതിരെ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.”

[12] ശിഷ്യന്മാർ പോയി ജനങ്ങൾ അവരുടെ പാപങ്ങൾ ഉപേക്ഷിച്ചു ദൈവത്തിലേക്കു തിരിയണമെന്നു പ്രസംഗിച്ചു;

[13] അനവധി ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികളുടെമേൽ എണ്ണ പുരട്ടി അവരെ സൗഖ്യമാക്കുകയുംചെയ്തു.

[14] ഹെരോദാരാജാവ് യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയിലുള്ള ചർച്ച കേട്ടു; കാരണം, യേശുവിന്റെ പേര് ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. “യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്,” എന്നു ചിലർ പറഞ്ഞു.

[15] മറ്റുചിലരാകട്ടെ, “ഏലിയാപ്രവാചകൻ മടങ്ങിവന്നിരിക്കുന്നു” എന്ന് പറഞ്ഞു. വേറെചിലരോ, “പുരാതന പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകനാണ് ഇദ്ദേഹം” എന്ന് അഭിപ്രായപ്പെട്ടു.

[16] എന്നാൽ ഹെരോദാവാകട്ടെ, “ഞാൻ ശിരച്ഛേദം ചെയ്യിച്ച യോഹന്നാനാണ് ഇത്. അയാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.

[17] കുറച്ചുകാലംമുമ്പ് യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിൽ അടയ്ക്കാൻ കൽപ്പന കൊടുത്തത് ഈ ഹെരോദാവ് ആയിരുന്നു. ഹെരോദ്യയുടെ പ്രേരണയാലായിരുന്നു അദ്ദേഹം ഇത് ചെയ്തത്. അദ്ദേഹം തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹം കഴിച്ചിരുന്നു.

[18] “സഹോദരന്റെ ഭാര്യയെ നീ നിയമവിരുദ്ധമായാണ് സ്വന്തമാക്കിയിരിക്കുന്നത്” എന്ന് യോഹന്നാൻ ഹെരോദാവിനോട് പറഞ്ഞിരുന്നു.

[19] അതുകൊണ്ട് ഹെരോദ്യയ്ക്ക് യോഹന്നാന്റെനേരേ പക ഉണ്ടായിരുന്നു. അദ്ദേഹത്തെ കൊന്നുകളയാൻ അവൾ ആഗ്രഹിച്ചു. എന്നാൽ, അവൾക്ക് അതിനു കഴിഞ്ഞിരുന്നില്ല.

[20] കാരണം, യോഹന്നാൻ നീതിനിഷ്ഠനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഹെരോദാവ് അദ്ദേഹത്തെ ഭയപ്പെടുകയും പരിരക്ഷിക്കുകയുംചെയ്തിരുന്നു. യോഹന്നാന്റെ പ്രഭാഷണം ഹെരോദാവിനെ വളരെയേറെ അസ്വസ്ഥനാക്കാറുണ്ടായിരുന്നെങ്കിലും അത് ആനന്ദത്തോടെ കേട്ടുപോന്നു.

[21] ഹെരോദാവ് തന്റെ ജന്മദിനത്തിൽ, ഉന്നത ഉദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കുംവേണ്ടി ഒരു വിരുന്നു നടത്തിയത് ഹെരോദ്യയ്ക്ക് ഒരവസരമായി:

[22] ഹെരോദ്യയുടെ മകൾ വിരുന്നുശാലയുടെ അകത്തുവന്നു നൃത്തം ചെയ്ത് ഹെരോദാവിനെയും അതിഥികളെയും പ്രസാദിപ്പിച്ചു. രാജാവ് അവളോട്, “നിനക്ക് ഇഷ്ടമുള്ളതെന്തും എന്നോടു ചോദിക്കുക, അത് ഞാൻ നിനക്കു തരാം” എന്ന് പറഞ്ഞു.

[23] “നീ എന്തു ചോദിച്ചാലും, രാജ്യത്തിന്റെ പകുതിയായാൽപ്പോലും ഞാൻ നിനക്കു തരും,” എന്ന് അദ്ദേഹം അവളോടു സത്യംചെയ്തുപറഞ്ഞു.

[24] അവൾ പുറത്തുപോയി, “ഞാൻ എന്താണു ചോദിക്കേണ്ടത്?” എന്ന് അമ്മയോടു ചോദിച്ചു. “യോഹന്നാൻസ്നാപകന്റെ തല ആവശ്യപ്പെടുക,” അമ്മ പറഞ്ഞു.

[25] ഉടനെതന്നെ, പെൺകുട്ടി വേഗത്തിൽ രാജാവിന്റെ അടുക്കൽ തിരിച്ചെത്തി. “യോഹന്നാൻസ്നാപകന്റെ തല ഇപ്പോൾത്തന്നെ ഒരു തളികയിൽ എനിക്ക് തരേണം” എന്ന് അപേക്ഷിച്ചു.

[26] രാജാവ് അത്യന്തം ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ അപേക്ഷ നിരസിക്കാൻ അയാൾക്കു നിവൃത്തിയില്ലാതായി.

[27] അതുകൊണ്ട് ഹെരോദാവ് ഉടൻതന്നെ യോഹന്നാന്റെ തല കൊണ്ടുവരുന്നതിനുള്ള കൽപ്പന കൊടുത്ത് ഒരു ആരാച്ചാരെ അയച്ചു. അയാൾ ചെന്ന് കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്തു.

[28] അദ്ദേഹത്തിന്റെ തല ഒരു തളികയിലാക്കി കൊണ്ടുവന്നു; പടയാളി അത് പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.

[29] യോഹന്നാന്റെ ശിഷ്യന്മാർ ഈ വാർത്തയറിഞ്ഞ് വരികയും അദ്ദേഹത്തിന്റെ ശരീരം എടുത്ത് ഒരു കല്ലറയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു.

[30] അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ മടങ്ങിവന്നു തങ്ങൾ ചെയ്തതും ഉപദേശിച്ചതുമെല്ലാം അദ്ദേഹത്തെ അറിയിച്ചു.

[31] ഈസമയത്ത് യേശുവിന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും പോകുകയും ചെയ്തിരുന്നതുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം അവരോട്, “നിങ്ങൾ എന്റെകൂടെ ഒരു വിജനസ്ഥലത്തു വന്ന് അൽപ്പം വിശ്രമിക്കുക” എന്ന് പറഞ്ഞു.

[32] അങ്ങനെ അവർ ഒരു വള്ളത്തിൽ കയറി ഒരു വിജനസ്ഥലത്തേക്ക് യാത്രയായി.

[33] എന്നാൽ, അവർ പോകുന്നതുകണ്ട് അത് എവിടേക്കാണെന്നു മനസ്സിലാക്കിയ അനേകം ആളുകൾ എല്ലാ പട്ടണങ്ങളിൽനിന്നും ഓടി അവർക്കുമുമ്പേ ആ സ്ഥലത്തെത്തി.

[34] യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനസഞ്ചയം ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരിക്കുന്നതുകണ്ട്; അദ്ദേഹത്തിന് അവരോട് സഹതാപം തോന്നി. യേശു അവരെ പല കാര്യങ്ങളും ഉപദേശിക്കാൻ തുടങ്ങി.

[35] നേരം വൈകിയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അടുത്തെത്തി. “ഇതൊരു വിജനസ്ഥലമാണ്, നേരവും വളരെ വൈകിയിരിക്കുന്നു,

[36] ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും പോയി എന്തെങ്കിലും ഭക്ഷണസാധനങ്ങൾ വാങ്ങാൻ ജനങ്ങളെ പറഞ്ഞയച്ചാലും” എന്ന് പറഞ്ഞു.

[37] അതിന് ഉത്തരമായി യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്ന് പറഞ്ഞു. “അതിന് ഇരുനൂറ് വെള്ളിക്കാശു വേണ്ടി വരും. ഞങ്ങൾ പോയി അത്രയും പണം സ്വരൂപിച്ച് അപ്പം വാങ്ങി അവർക്കു ഭക്ഷിക്കാൻ കൊടുക്കണമോ?” എന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു.

[38] അദ്ദേഹം അവരോട്, “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? പോയി നോക്കുക” എന്ന് പറഞ്ഞു. അവർ നോക്കിയിട്ട്, “അഞ്ച്; രണ്ട് മീനും ഉണ്ട്” എന്ന് പറഞ്ഞു.

[39] ജനങ്ങളെ പച്ചപ്പുൽപ്പുറത്തു പന്തിപന്തിയായി ഇരുത്താൻ യേശു അവരോടു പറഞ്ഞു.

[40] അവർ നൂറും അമ്പതും വീതം നിരനിരയായി നിലത്തിരുന്നു.

[41] അദ്ദേഹം അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ട് മീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു.

[42] എല്ലാവരും ഭക്ഷിച്ചു തൃപ്തരായി;

[43] അവശേഷിച്ച അപ്പക്കഷണങ്ങളും മീനും ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

[44] ഭക്ഷണം കഴിച്ചവരിൽ അയ്യായിരംപേർ പുരുഷന്മാർ ആയിരുന്നു.

[45] യേശു ജനസഞ്ചയത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരെ ബേത്ത്സയിദെക്കു പോകാൻ അവരെ നിർബന്ധിച്ചു.

[46] ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഒരു മലയിലേക്ക് കയറിപ്പോയി.

[47] അന്ന് രാത്രിയിൽ വള്ളം തടാകത്തിന്റെ നടുവിലും അദ്ദേഹം തനിച്ചു കരയിലും ആയിരുന്നു,

[48] കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നതു യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിന് മീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു.

[49] അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് അത് ഒരു ഭൂതമായിരിക്കുമെന്ന് അവർ വിചാരിച്ചു.

[50] അദ്ദേഹത്തെ കണ്ട് അവരെല്ലാവരും ഭയവിഹ്വലരായി അലമുറയിട്ടു. ഉടനെതന്നെ യേശു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട” എന്ന് അവരോട് പറഞ്ഞു.

[51] പിന്നെ അദ്ദേഹം അവരോടൊപ്പം വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. അവർ അത്ഭുതപരതന്ത്രരായി.

[52] അവർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാതിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഭവത്തിന്റെ പ്രാധാന്യം അവർ ഗ്രഹിച്ചിരുന്നില്ല.

[53] അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി, വള്ളം അവിടെ അടുപ്പിച്ചു.

[54] വള്ളത്തിൽനിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.

[55] അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് യേശു ഉണ്ടെന്നു കേട്ട സ്ഥലങ്ങളിലേക്കെല്ലാം രോഗികളെ കിടക്കകളിൽ എടുത്തുകൊണ്ടുവന്നുതുടങ്ങി.

[56] ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും അദ്ദേഹം പോയിടത്തെല്ലാം അവർ രോഗികളെ കൊണ്ടുവന്നു, ചന്തമൈതാനങ്ങളിൽ കിടത്തിയിട്ട് അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. അദ്ദേഹത്തെ തൊട്ടവരെല്ലാം സൗഖ്യംപ്രാപിച്ചു.

മർക്കോസ് എഴുതിയ സുവിശേഷം — Chapters