[1] അതിരാവിലെതന്നെ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും ന്യായാധിപസമിതിയിലുള്ള എല്ലാവരും, പദ്ധതിയിട്ടതനുസരിച്ച്, യേശുവിനെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി പീലാത്തോസിന് കൈമാറി.
[2] “നീയാണോ യെഹൂദരുടെ രാജാവ്?” പീലാത്തോസ് ചോദിച്ചു. “അതേ, താങ്കൾ പറയുന്നതു ശരിതന്നെ” യേശു ഉത്തരം പറഞ്ഞു.
[3] പുരോഹിതമുഖ്യന്മാർ യേശുവിനെതിരായി പല ആരോപണങ്ങളും ഉന്നയിച്ചു.
[4] പീലാത്തോസ് വീണ്ടും യേശുവിനോട്, “താങ്കൾ മറുപടി ഒന്നും പറയുന്നില്ലേ? നോക്കൂ, എത്രയോ ആരോപണങ്ങളാണ് ഇവർ താങ്കൾക്കെതിരെ ഉന്നയിക്കുന്നത്?” എന്ന് ചോദിച്ചു.
[5] എന്നിട്ടും യേശു പ്രത്യുത്തരമൊന്നും പറയാതിരുന്നതുകൊണ്ടു പീലാത്തോസ് ആശ്ചര്യപ്പെട്ടു.
[6] പെസഹാഘോഷവേളയിൽ ജനങ്ങൾ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക പതിവായിരുന്നു.
[7] വിപ്ലവത്തിനിടയിൽ കൊല നടത്തിയ ബറബ്ബാസ് എന്ന് പേരുള്ള ഒരു തീവ്രവാദി ഈസമയത്ത് കാരാഗൃഹത്തിൽ ഉണ്ടായിരുന്നു.
[8] ജനക്കൂട്ടം പീലാത്തോസിന്റെ അടുക്കൽ ചെന്നു തങ്ങൾക്കുവേണ്ടി പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
[9] പുരോഹിതമുഖ്യന്മാർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അറിഞ്ഞിരുന്ന പീലാത്തോസ് അവരോട്,
[10] “യെഹൂദരുടെ രാജാവിനെ നിങ്ങൾക്കായി മോചിച്ചുതരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?” എന്ന് ചോദിച്ചു.
[11] എന്നാൽ, ബറബ്ബാസിനെയാണ് മോചിപ്പിക്കേണ്ടതെന്ന് പീലാത്തോസിനോട് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചിരുന്നു.
[12] “എങ്കിൽ, യെഹൂദരുടെ രാജാവ് എന്നു നിങ്ങൾ വിളിക്കുന്ന ഇയാളെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് പിന്നെയും ചോദിച്ചു.
[13] “അവനെ ക്രൂശിൽ തറയ്ക്കുക!” അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ചു.
[14] “എന്തിന്? അയാൾ എന്തുകുറ്റമാണ് ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ, അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിൽ തറയ്ക്കുക” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.
[15] ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ബറബ്ബാസിനെ അവർക്കുവേണ്ടി മോചിപ്പിച്ചു. അയാൾ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം, ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.
[16] സൈനികർ യേശുവിനെ കൊട്ടാരത്തിനുള്ളിൽ ദേശാധിപതിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവർ സൈന്യത്തെ മുഴുവൻ വിളിച്ചുവരുത്തി.
[17] അവർ അദ്ദേഹത്തെ ഊതനിറമുള്ള പുറങ്കുപ്പായം ധരിപ്പിച്ചു; അതിനുശേഷം ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു.
[18] പിന്നീട്, “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വന്ദിച്ചു.
[19] അവർ അദ്ദേഹത്തിന്റെ തലയിൽ വടികൊണ്ട് അടിച്ചു; ദേഹത്തു തുപ്പി; മുട്ടുകുത്തി അദ്ദേഹത്തെ പരിഹാസപൂർവം നമസ്കരിച്ചു.
[20] ഇങ്ങനെ അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം ഊതനിറമുള്ള പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി.
[21] അലെക്സന്തറിന്റെയും രൂഫൊസിന്റെയും പിതാവായ ശിമോൻ എന്നു പേരുള്ള കുറേന ഗ്രാമവാസിയായ ഒരു മനുഷ്യൻ ഗ്രാമപ്രദേശത്തുനിന്ന് അതുവഴി കടന്നുപോകുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു.
[22] അവർ യേശുവിനെ “തലയോട്ടിയുടെ സ്ഥലം” എന്നർഥമുള്ള “ഗൊൽഗോഥാ” എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് കൊണ്ടുപോയി.
[23] മീറ കലക്കിയ വീഞ്ഞ് അവർ അദ്ദേഹത്തിന് കൊടുത്തു; എന്നാൽ അദ്ദേഹം അത് സ്വീകരിച്ചില്ല.
[24] അവർ യേശുവിനെ ക്രൂശിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ പങ്കിട്ട്, ഓരോരുത്തനും അവയിൽ ഏതു കിട്ടുമെന്ന് അറിയാൻ നറുക്കിട്ടു.
[25] മൂന്നാംമണി നേരത്താണ് അവർ അദ്ദേഹത്തെ ക്രൂശിച്ചത്.
[26] “യെഹൂദരുടെ രാജാവ്” എന്നതായിരുന്നു അദ്ദേഹത്തിന്റെ ക്രൂശിൻമീതെ എഴുതിവെച്ചിരുന്ന കുറ്റപത്രം.
[27] അവർ അദ്ദേഹത്തോടുകൂടെ രണ്ട് കൊള്ളക്കാരെ, ഒരാളെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു.
[28] “അധർമികളുടെ കൂട്ടത്തിൽ അയാൾ എണ്ണപ്പെട്ടു” എന്ന തിരുവെഴുത്ത് നിവൃത്തിയായി.
[29] ആവഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ഹേ, ദൈവാലയം തകർത്ത് മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ,
[30] ക്രൂശിൽനിന്ന് ഇറങ്ങിവരിക, നിന്നെത്തന്നെ രക്ഷിക്കുക!” എന്ന് പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു.
[31] അങ്ങനെതന്നെ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പരസ്പരം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാനുള്ള കഴിവോ ഇല്ല!
[32] ഇസ്രായേലിന്റെ രാജാവായ ഈ ക്രിസ്തു ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; എങ്കിൽ നമുക്ക് അത് കണ്ടു വിശ്വസിക്കാം.” തന്നോടൊപ്പം ക്രൂശിക്കപ്പെട്ടവരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.
[33] ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതൽ മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ട് വ്യാപിച്ചു.
[34] മൂന്നുമണിക്ക് യേശു, “എലോഹീ, എലോഹീ, ലമ്മാ ശബക്താനി” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.
[35] അടുത്തുനിന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അതാ, അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്ന് പറഞ്ഞു.
[36] ഒരുത്തൻ ഓടിച്ചെന്ന് ഒരു സ്പോഞ്ചിൽ പുളിച്ച വീഞ്ഞ് നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തുകൊണ്ട്, “നിൽക്കൂ, ഏലിയാവ് അയാളെ താഴെയിറക്കാൻ വരുമോ എന്ന് നോക്കാം” എന്ന് പറഞ്ഞു.
[37] യേശു അത്യുച്ചത്തിൽ നിലവിളിച്ച് പ്രാണത്യാഗംചെയ്തു.
[38] തൽക്ഷണം ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി.
[39] യേശുവിന്റെ മുമ്പിൽനിന്നിരുന്ന ശതാധിപൻ, അദ്ദേഹം പ്രാണത്യാഗം ചെയ്തതെങ്ങനെയെന്ന് കണ്ടിട്ട്, “ഈ മനുഷ്യൻ വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്ന് പറഞ്ഞു.
[40] ചില സ്ത്രീകൾ അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമിയും ഉണ്ടായിരുന്നു.
[41] ഗലീലയിൽവെച്ചു യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നവരാണ് ഈ സ്ത്രീകൾ. ജെറുശലേമിലേക്ക് അദ്ദേഹത്തോടുകൂടെ വന്ന മറ്റുപല സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.
[42] അന്ന് ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കദിവസമായിരുന്നു. അതുകൊണ്ട് സന്ധ്യയായപ്പോൾ
[43] ന്യായാധിപസമിതിയിലെ ഒരു പ്രമുഖാംഗവും ദൈവരാജ്യം വരാനായി കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസഫ് ധൈര്യം സംഭരിച്ചുകൊണ്ട് പീലാത്തോസിന്റെ അടുക്കൽചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു.
[44] “ഇത്രവേഗം യേശു മരിച്ചുവോ!” പീലാത്തോസ് ആശ്ചര്യപ്പെട്ടു. അയാൾ ശതാധിപനെ വരുത്തി യേശു മരിച്ചുകഴിഞ്ഞുവോ എന്ന് ചോദിച്ചു.
[45] ശതാധിപനിൽനിന്ന് ഈ കാര്യം ഉറപ്പുവരുത്തിയതിനുശേഷം അദ്ദേഹം ശരീരം യോസഫിനു വിട്ടുകൊടുത്തു.
[46] യോസഫ് മൃതദേഹം താഴെയിറക്കി, ഒരു മൃദുലവസ്ത്രം വാങ്ങി ശവശരീരം അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിച്ചിരുന്ന കല്ലറയിൽ സംസ്കരിച്ചു. പിന്നീട് അയാൾ ഒരു കല്ല് ഉരുട്ടി കല്ലറയുടെ കവാടത്തിൽ വെച്ചു.
[47] മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മയായ മറിയയും യേശുവിന്റെ മൃതദേഹം സംസ്കരിച്ചത് എവിടെയെന്ന് കണ്ടു.