[1] അവർ തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്തേക്കു യാത്രയായി.
[2] യേശു വള്ളത്തിൽനിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ദുരാത്മാവുള്ള ഒരു മനുഷ്യൻ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായിവന്നു.
[3] ഈ മനുഷ്യൻ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്. ചങ്ങലകൊണ്ടുപോലും ആർക്കും അയാളെ ബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
[4] പലപ്പോഴും അയാളുടെ കൈകാലുകൾ ചങ്ങലകൊണ്ടും വിലങ്ങുകൊണ്ടും ബന്ധിച്ചിരുന്നെങ്കിലും അയാൾ ചങ്ങല വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങ് ഉരുമ്മിയൊടിച്ചു കളയുകയും ചെയ്തിരുന്നു. അയാളെ ആർക്കും കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.
[5] രാവും പകലും അയാൾ കല്ലറകൾക്കിടയിലും കുന്നുകളിലും അലഞ്ഞുതിരിയുകയും നിലവിളിക്കുകയും കല്ലുകൊണ്ട് സ്വയം മുറിവേൽപ്പിക്കുകയും ചെയ്തുപോന്നു.
[6] യേശുവിനെ ദൂരെനിന്നുതന്നെ കണ്ടിട്ട് അയാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി.
[7] “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാൻ അപേക്ഷിക്കുന്നു; എന്നെ പീഡിപ്പിക്കരുതേ,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
[8] “ദുരാത്മാവേ, ഇവനിൽനിന്നു പുറത്തുപോകുക,” എന്ന് യേശു കൽപ്പിച്ചിരുന്നു.
[9] പിന്നെ യേശു അയാളോട്, “നിന്റെ പേരെന്താണ്?” എന്ന് ചോദിച്ചു. “എന്റെ പേര് ലെഗ്യോൻ; ഞങ്ങൾ പലരാകുന്നു” അയാൾ ഉത്തരം പറഞ്ഞു.
[10] തങ്ങളെ ആ പ്രദേശത്തുനിന്നു പറഞ്ഞയയ്ക്കരുതെന്ന് അവൻ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു.
[11] അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
[12] ദുരാത്മാക്കൾ യേശുവിനോട്, “ഞങ്ങളെ പന്നികളിലേക്ക് അയയ്ക്കേണമേ; അവയിൽ പ്രവേശിക്കാൻ ഞങ്ങളെ അനുവദിക്കേണമേ” എന്നു യാചിച്ചു.
[13] അദ്ദേഹം അവയ്ക്ക് അനുവാദം നൽകി; ദുരാത്മാക്കൾ ആ മനുഷ്യനിൽനിന്ന് പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ദുരാത്മാക്കൾ ബാധിച്ചതും എണ്ണത്തിൽ രണ്ടായിരം വരുന്ന ആ കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
[14] പന്നികളെ മേയിക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു. എന്താണ് സംഭവിച്ചത് എന്നു കാണാൻ ജനങ്ങൾ വന്നുകൂടി.
[15] അവർ യേശുവിന്റെ അടുക്കൽ എത്തിയപ്പോൾ, ഭൂതബാധിതനായ ആ മനുഷ്യൻ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെ ഇരിക്കുന്നതു കണ്ടു; അവർ ഭയപ്പെട്ടു.
[16] ഭൂതബാധിതനു സംഭവിച്ചതും പന്നികളുടെ കാര്യവും ദൃക്സാക്ഷികൾ മറ്റുള്ളവരെ അറിയിച്ചു.
[17] ഇത് കേട്ടപ്പോൾ ജനങ്ങൾ യേശുവിനോടു തങ്ങളുടെ ദേശം വിട്ടുപോകാൻ അപേക്ഷിച്ചുതുടങ്ങി.
[18] യേശു വള്ളത്തിൽ കയറുമ്പോൾ, ഭൂതബാധിതനായിരുന്ന മനുഷ്യൻ അദ്ദേഹത്തെ അനുഗമിക്കാൻ അനുവാദം ചോദിച്ചു.
[19] യേശു അവനെ അനുവദിക്കാതെ, “നീ വീട്ടിലേക്കു പോയി, കർത്താവ് നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നും നിന്നോട് എങ്ങനെ കരുണ കാണിച്ചുവെന്നും അവിടെയുള്ളവരോടു പറയുക” എന്ന് പറഞ്ഞു.
[20] ആ മനുഷ്യൻ പോയി യേശു തനിക്കു ചെയ്തതെല്ലാം ദെക്കപ്പൊലി നാട്ടിൽ അറിയിച്ചുതുടങ്ങി. ജനങ്ങൾ ആശ്ചര്യപ്പെട്ടു.
[21] യേശു വീണ്ടും വള്ളത്തിൽ കയറി തടാകത്തിന്റെ അക്കരയ്ക്ക് ചെന്നപ്പോൾ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തിനുചുറ്റും തടിച്ചുകൂടി.
[22] യെഹൂദപ്പള്ളിമുഖ്യന്മാരിൽ ഒരാളായ യായീറോസ് അവിടെ വന്നു. അയാൾ യേശുവിനെ കണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണ്,
[23] “എന്റെ കുഞ്ഞുമകൾ മരിക്കാറായിരിക്കുന്നു; അവൾ സുഖംപ്രാപിച്ചു ജീവിക്കേണ്ടതിന് അങ്ങു ദയവായി വന്ന് അവളുടെമേൽ കൈവെക്കേണമേ” എന്നു കേണപേക്ഷിച്ചു.
[24] യേശു അയാളോടൊപ്പം പോയി. വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടരുകയും തിക്കിത്തിരക്കുകയുംചെയ്തു.
[25] പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
[26] പല വൈദ്യന്മാരുടെയും ചികിത്സയാൽ അവൾ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുന്നതിനുപകരം അധികം വഷളായിക്കൊണ്ടിരുന്നു.
[27] യേശുവിനെപ്പറ്റി കേട്ടിരുന്ന അവൾ ജനത്തിരക്കിനിടയിലൂടെ വന്ന് അദ്ദേഹത്തിന്റെ പിന്നിലെത്തി പുറങ്കുപ്പായത്തിൽ തൊട്ടു.
[28] കാരണം, “അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും” എന്ന് അവൾ ചിന്തിച്ചിരുന്നു.
[29] ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. രോഗം മാറിയതായി അവൾ ശരീരത്തിൽ അനുഭവിച്ചറിഞ്ഞു.
[30] തന്നിൽനിന്നു ശക്തി പുറപ്പെട്ടതായി തൽക്ഷണം യേശു മനസ്സിലാക്കി. ജനമധ്യേ തിരിഞ്ഞുനിന്ന് അദ്ദേഹം, “ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്?” എന്ന് ആരാഞ്ഞു.
[31] “ജനങ്ങൾ അങ്ങയെ തിക്കുന്നതു കാണുന്നില്ലേ?” എന്നിട്ടും “ ‘ആരാണ് എന്നെ തൊട്ടത്?’ എന്ന് അങ്ങു ചോദിക്കുന്നത് എന്ത്” എന്ന് ശിഷ്യന്മാർ ചോദിച്ചു.
[32] എങ്കിലും തന്നെ തൊട്ടത് ആരാണ് എന്ന് അറിയാൻ യേശു ചുറ്റും നോക്കി.
[33] തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു; സത്യമെല്ലാം തുറന്നു പറഞ്ഞു.
[34] അദ്ദേഹം അവളോട്, “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക. നിന്റെ കഷ്ടത അവസാനിച്ചല്ലോ” എന്ന് പറഞ്ഞു.
[35] യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്നു ചില ആളുകൾ വന്ന് “താങ്കളുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്ന് പറഞ്ഞു.
[36] അവർ പറഞ്ഞതു ഗൗനിക്കാതെ യേശു പള്ളിമുഖ്യനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക” എന്ന് പറഞ്ഞു.
[37] പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടൊപ്പം വീട്ടിനുള്ളിൽ പ്രവേശിക്കാൻ യേശു അനുവദിച്ചില്ല.
[38] അവർ പള്ളിമുഖ്യന്റെ വീട്ടിൽ എത്തിയപ്പോൾ, ജനങ്ങൾ നിലവിളിച്ചും ഉറക്കെ കരഞ്ഞും ബഹളംകൂട്ടുന്നത് യേശു കണ്ടു.
[39] അദ്ദേഹം അകത്തുചെന്ന് അവരോട്, “എന്തിനാണ് ഈ ബഹളവും കരച്ചിലും? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്ന് പറഞ്ഞു.
[40] അവരോ അദ്ദേഹത്തെ പരിഹസിച്ചു. യേശു, എല്ലാവരെയും പുറത്താക്കിയതിനുശേഷം, കുട്ടിയുടെ മാതാപിതാക്കളെയും തന്നോടുകൂടെയുണ്ടായിരുന്ന ശിഷ്യന്മാരെയുംകൂട്ടിക്കൊണ്ട്, അകത്ത് കുട്ടി കിടന്നിരുന്നിടത്തു ചെന്നു.
[41] അവളുടെ കൈക്കുപിടിച്ച് അദ്ദേഹം അവളോട്, “തലീഥാ കൂമി” എന്ന് പറഞ്ഞു. “ ‘മകളേ, എഴുന്നേൽക്കൂ’ എന്നു ഞാൻ നിന്നോടു പറയുന്നു” എന്നാണ് അതിന്റെ അർഥം.
[42] ഉടൻതന്നെ ബാലിക എഴുന്നേറ്റ് നടന്നു. അവൾക്കു പന്ത്രണ്ട് വയസ്സുണ്ടായിരുന്നു. ഇത് സംഭവിച്ചത് കണ്ടവരെല്ലാം അത്ഭുതപരതന്ത്രരായി.
[43] സംഭവിച്ചത് ആരും അറിയരുതെന്ന് യേശു അവരോടു കർശനമായി കൽപ്പിച്ചു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്നും അദ്ദേഹം ആജ്ഞാപിച്ചു.