Skip to content
Opens in a new window
Listen to this chapter • 5:30

[1] പരീശന്മാരും വേദജ്ഞരിൽ ചിലരും യേശുവിനെ കാണാനായി ജെറുശലേമിൽനിന്ന് വന്ന് അദ്ദേഹത്തിന്റെ ചുറ്റുംകൂടി.

[2] അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത, അതായത് യെഹൂദാചാരപ്രകാരം കഴുകാത്ത കൈകൊണ്ട്, ആഹാരം കഴിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.

[3] പൂർവികരുടെ പാരമ്പര്യമനുസരിച്ചു പരീശരും യെഹൂദരെല്ലാവരും ആചാരപരമായി കൈ കഴുകാതെ ആഹാരം കഴിക്കുകയില്ല.

[4] ചന്തസ്ഥലത്തുനിന്നു വരുമ്പോഴും ഒരു അനുഷ്ഠാനമെന്നനിലയിൽ ശുദ്ധിവരുത്താതെ ഒന്നും ഭക്ഷിക്കുകയില്ല. പാനപാത്രങ്ങൾ, കുടങ്ങൾ, ഓട്ടുപാത്രങ്ങൾ എന്നിവ കഴുകുക തുടങ്ങി മറ്റനേകം ആചാരങ്ങളും അവർ അനുഷ്ഠിച്ചിരുന്നു.

[5] അതുകൊണ്ട്, പരീശന്മാരും വേദജ്ഞരും യേശുവിനോട്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുഷ്ഠിച്ചു ജീവിക്കാതെ ‘അശുദ്ധമായ’ കൈകൾകൊണ്ടു ഭക്ഷണം കഴിക്കുന്നതെന്ത്?” എന്ന് ചോദിച്ചു.

[6] അതിന് അദ്ദേഹം: “കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ച് പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു: “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

[7] അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’

[8] നിങ്ങൾ ദൈവകൽപ്പനകൾ ഉപേക്ഷിച്ചു മാനുഷികപാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്നു” എന്ന് പറഞ്ഞു.

[9] അദ്ദേഹം അവരോടു തുടർന്നു പറഞ്ഞത്: “സ്വന്തം പാരമ്പര്യങ്ങൾ പാലിക്കാൻവേണ്ടി കൗശലപൂർവം നിങ്ങൾ ദൈവകൽപ്പനകളെ അവഗണിക്കുന്നു.

[10] ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷ നൽകണം’ എന്നും മോശ കൽപ്പിച്ചിരിക്കുന്നു.

[11] എന്നാൽ നിങ്ങൾ: ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ ‘ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ അഥവാ ‘കൊർബാൻ’ എന്നു പറഞ്ഞാൽ മാതാപിതാക്കളോടുള്ള അയാളുടെ കടമ തീർന്നു എന്നു പറയുന്നു.

[12] അങ്ങനെ പിതാവിനോ മാതാവിനോവേണ്ടി ഒരിക്കലും എന്തെങ്കിലും ചെയ്തുകൊടുക്കാൻ നിങ്ങൾ അവനെ അനുവദിക്കുന്നുമില്ല.

[13] ഇപ്രകാരം നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പനയെ അസാധുവാക്കുന്നു. ഇതുമാത്രമല്ല, ഇതുപോലെയുള്ള പലതും നിങ്ങൾ ചെയ്യുന്നുണ്ട്.”

[14] യേശു ജനക്കൂട്ടത്തെ വീണ്ടും തന്റെ അടുത്തേക്ക് വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “എല്ലാവരും എന്റെ വാക്ക് ശ്രദ്ധാപൂർവം കേട്ട് മനസ്സിലാക്കുക.

[15] പുറമെനിന്നു മനുഷ്യന്റെ അകത്തേക്കു ചെല്ലുന്ന യാതൊന്നിനും ആ വ്യക്തിയെ ‘അശുദ്ധമാക്കാൻ’ കഴിയുകയില്ല.

[16] പിന്നെയോ, മനുഷ്യഹൃദയത്തിൽനിന്നു പുറത്തു വരുന്നതാണ് അവനെ അശുദ്ധനാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”

[17] ജനക്കൂട്ടത്തെ വിട്ട് അദ്ദേഹം ഭവനത്തിൽ എത്തിയപ്പോൾ ശിഷ്യന്മാർ ഈ സാദൃശ്യകഥയെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു.

[18] “നിങ്ങൾ ഇത്ര ബുദ്ധിഹീനരോ?” അദ്ദേഹം ചോദിച്ചു. “പുറമെനിന്ന് ഉള്ളിലേക്കുചെല്ലുന്ന യാതൊരു ഭക്ഷണത്തിനും മനുഷ്യനെ അശുദ്ധനാക്കാൻ കഴിയുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലയോ?

[19] കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കും പിന്നെ ശരീരത്തിനു പുറത്തേക്കുമാണ് പോകുന്നത്.” എല്ലാ ഭക്ഷണവും ശുദ്ധമെന്ന് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കി.

[20] അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്നു പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്.

[21] വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം,

[22] അത്യാഗ്രഹം, ദുഷ് പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു.

[23] ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്നു മനുഷ്യനെ അശുദ്ധമാക്കുന്നു.”

[24] യേശു ആ സ്ഥലം വിട്ടു സോരിന്റെ പ്രദേശത്തേക്കുപോയി. അദ്ദേഹം ഒരു ഭവനത്തിൽ പ്രവേശിച്ചു; അത് ആരും അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു, എങ്കിലും തന്റെ സാന്നിധ്യം രഹസ്യമായി വെക്കുക അസാധ്യമായിരുന്നു.

[25] ദുരാത്മാവു ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ അദ്ദേഹത്തെക്കുറിച്ചു കേട്ടയുടനെ, വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു.

[26] അവൾ സുറൊഫൊയ്നീക്യയിൽ ജനിച്ച ഒരു ഗ്രീക്കുകാരി ആയിരുന്നു. തന്റെ മകളിൽനിന്നു ഭൂതത്തെ പുറത്താക്കാൻ അവൾ യേശുവിനോട് അപേക്ഷിച്ചു.

[27] യേശു അവളോട്, “ആദ്യം മക്കൾ തിന്നു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്ന് പറഞ്ഞു.

[28] അതിന് അവൾ, “അതേ കർത്താവേ, മേശയുടെ കീഴിൽ ഉള്ള നായ്ക്കുട്ടികളും മക്കളുടെ കൈകളിൽനിന്നു വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നല്ലോ” എന്നു മറുപടി പറഞ്ഞു.

[29] അപ്പോൾ യേശു അവളോട് പറഞ്ഞത്: പൊയ്ക്കൊള്ളുക, “നിന്റെ വിശ്വാസം നിറഞ്ഞ ഈ വാക്കുകൾനിമിത്തം ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു.”

[30] അവൾ വീട്ടിൽ എത്തിയപ്പോൾ കുട്ടി ഭൂതബാധ ഒഴിഞ്ഞ് കട്ടിലിൽ കിടക്കുന്നതു കണ്ടു.

[31] പിന്നീട് യേശു സോർപ്രദേശം വിട്ടു സീദോനിലൂടെ ദെക്കപ്പൊലിവഴി ഗലീലാതടാകതീരത്തേക്കു പോയി.

[32] അവിടെ ചിലർ ബധിരനും മൂകനുമായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു; അയാളുടെമേൽ കൈവെച്ച് സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോടു യാചിച്ചു.

[33] യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തി തന്റെ വിരലുകൾ അയാളുടെ ചെവികളിൽ ഇട്ടു; തന്റെ തുപ്പൽ അയാളുടെ നാവിൽ തൊടുവിച്ചു.

[34] അദ്ദേഹം സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ “തുറന്നുവരിക” എന്നർഥമുള്ള “എഫഥാ” എന്ന് പറഞ്ഞു.

[35] അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.

[36] ഇത് ആരോടും പറയരുത് എന്ന് യേശു കൽപ്പിച്ചു. അദ്ദേഹം പറയരുതെന്ന് എത്രയേറെ കൽപ്പിച്ചുവോ അത്രയേറെ അവർ അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു.

[37] “അദ്ദേഹം എല്ലാം നന്നായി ചെയ്തിരിക്കുന്നു, ബധിരർക്കു കേൾവിയും മൂകർക്കു സംസാരശേഷിയും നൽകുന്നല്ലോ,” എന്നു പറഞ്ഞ് ജനങ്ങൾ അത്യന്തം ആശ്ചര്യപ്പെട്ടു.

മർക്കോസ് എഴുതിയ സുവിശേഷം — Chapters