Skip to content
Opens in a new window
Listen to this chapter • 5:33

[1] എന്നാൽ യിസ്രായേൽ മക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരിഹോ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല.

[2] യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരിഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.

[3] നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറ് ദിവസം പട്ടണത്തെ ചുറ്റിനടക്കേണം;

[4] ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.

[5] പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.

[6] നൂനിന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴ് പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം” എന്ന് പറഞ്ഞു.

[7] ജനത്തോട് അവൻ: “നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം” എന്ന് പറഞ്ഞു.

[8] യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴ് പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.

[9] ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.

[10] യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്” എന്ന് കല്പിച്ചു.

[11] അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്ക് വന്ന് രാപാർത്തു.

[12] യോശുവ അതികാലത്ത് എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.

[13] ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.

[14] രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റി പാളയത്തിലേക്ക് മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറ് ദിവസം ചെയ്തു;

[15] ഏഴാം ദിവസമോ അവർ അതികാലത്ത് എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴു പ്രാവശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.

[16] ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോട് പറഞ്ഞതെന്തെന്നാൽ: “ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്ക് തന്നിരിക്കുന്നു.

[17] ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.

[18] എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.

[19] വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്ക് വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണം.

[20] അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു.

[21] പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.

[22] എന്നാൽ രാജ്യം ഒറ്റുനോക്കിയ രണ്ട് പുരുഷന്മാരോട് യോശുവ: “വേശ്യയുടെ വീട്ടിൽചെന്ന് അവിടെനിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോട് സത്യം ചെയ്തതുപോലെ പുറത്തുകൊണ്ടുവരുവീൻ” എന്ന് പറഞ്ഞു.

[23] അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്ന് രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്ത് കൊണ്ടുവന്ന് യിസ്രായേൽപാളയത്തിന് പുറത്ത് പാർപ്പിച്ചു.

[24] പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ച് ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു.

[25] യെരിഹോ പട്ടണം ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.

[26] അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരിഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്ന് പറഞ്ഞു. 27 യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.

[27] യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.

യോശുവ — Chapters