[1] അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു.
[2] യോശുവ സർവ്വജനത്തോടും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “അബ്രാഹാമിന്‍റെയും നാഹോരിന്റെയും പിതാവായ തേരഹ് തുടങ്ങി നിങ്ങളുടെ പിതാക്കന്മാർ പണ്ട് നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ സേവിച്ചുപോന്നു.
[3] എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്ന് കൊണ്ടുവന്ന് കനാൻദേശത്തുകൂടെ നടത്തി അവന്റെ സന്തതിയെ വർദ്ധിപ്പിക്കുകയും അവന് യിസ്ഹാക്കിനെ കൊടുക്കുകയും ചെയ്തു.
[4] യിസ്ഹാക്കിന് ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന് ഞാൻ സേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും ഈജിപ്റ്റിലേക്ക് പോയി.
[5] പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ ഈജിപ്റ്റിൽ ബാധകളെ അയച്ചു; അതിന്‍റെശേഷം നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു.
[6] അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു; അവർ ചെങ്കടലിന്നരികെ എത്തി; ഈജിപ്റ്റുകാർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു;
[7] അവർ യഹോവയോട് നിലവിളിച്ചപ്പോൾ അവൻ അവർക്കും ഈജിപ്റ്റുകാർക്കും മദ്ധ്യേ അന്ധകാരം വരുത്തി. എന്റെ കൽപ്പനയാൽ കടൽ അവരെ മൂടിക്കളഞ്ഞു; ഇങ്ങനെ ഞാൻ ഈജിപ്റ്റുകാരോട് ചെയ്തത് അവർ സ്വന്ത കണ്ണാലെ കണ്ടു; അവരുടെ സന്തതികളായ നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
[8] പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്ക് കൊണ്ടുവന്നു; അവർ നിങ്ങളോട് യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ച് നശിപ്പിച്ചുകളഞ്ഞു.
[9] അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ട് യിസ്രായേലിനോട് യുദ്ധംചെയ്തു; നിങ്ങളെ ശപിക്കുവാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.
[10] എങ്കിലും എനിക്ക് ബിലെയാമിന്റെ അപേക്ഷ കേൾക്കുവാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്ന് വിടുവിച്ചു.
[11] പിന്നെ നിങ്ങൾ യോർദ്ദാൻ കടന്ന് യെരിഹോവിലേക്ക് വന്നു; യെരിഹോനിവാസികൾ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോട് യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.
[12] ഞാൻ കടന്നലിനെ നിങ്ങൾക്ക് മുമ്പെ അയച്ചു; അവ അമോര്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിങ്ങൾ വാളുകൊണ്ടോ വില്ലുകൊണ്ടൊ അല്ല അവരെ ജയിച്ചത്.
[13] നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്ക് തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു.
[14] ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പീൻ. നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ ഫ്രാത്ത് നദിക്കക്കരെയും ഈജിപ്റ്റിലുംവെച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നെ സേവിക്കയും ചെയ്‌വിൻ.
[15] യഹോവയെ സേവിക്കുന്നതു നന്നല്ലെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഫ്രാത്ത് നദിക്കക്കരെവെച്ച് നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്ന് തെരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും”.
[16] അതിന് ജനം ഉത്തരം പറഞ്ഞത്: “യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിക്കുവാൻ ഞങ്ങൾക്ക് ഒരുനാളും ഇടയാകാതിരിക്കട്ടെ.
[17] ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച് ഞങ്ങൾക്കുവേണ്ടി വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാ വഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജനതകളുടെ ഇടയിലും ഞങ്ങളെ കാത്തുരക്ഷിക്കയും ചെയ്തത് ദൈവമായ യഹോവ തന്നേയല്ലോ.
[18] ദേശത്ത് പാർത്തിരുന്ന അമോര്യർ മുതലായ സകലജനതകളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനത്രേ ഞങ്ങളുടെ ദൈവം”.
[19] യോശുവ ജനത്തോടു പറഞ്ഞത്: “നിങ്ങൾക്ക് യഹോവയെ സേവിക്കുവാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
[20] നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്ക് നന്മചെയ്തതുപോലെ അവൻ തിരിഞ്ഞ് നിങ്ങൾക്ക് തിന്മചെയ്ത് നിങ്ങളെ സംഹരിക്കും”.
[21] ജനം യോശുവയോട്: “അല്ല, നിശ്ചയമായും ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും” എന്ന് പറഞ്ഞു.
[22] യോശുവ ജനത്തോട്: “യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നേ സാക്ഷികൾ” എന്ന് പറഞ്ഞു. “അതേ, ഞങ്ങൾ തന്നേ സാക്ഷികൾ” എന്ന് അവർ പറഞ്ഞു.
[23] “ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പീൻ” എന്ന് അവൻ പറഞ്ഞു.
[24] ജനം യോശുവയോട് “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും” എന്ന് പറഞ്ഞു.
[25] അങ്ങനെ യോശുവ അന്ന് ശെഖേമിൽ വച്ച് യിസ്രായേൽ ജനവുമായി ഒരു ഉടമ്പടിചെയ്തു; അവർക്ക് ചട്ടങ്ങളും നിയമങ്ങളും നൽകി.
[26] പിന്നെ യോശുവ ഈ വചനങ്ങൾ എല്ലാം ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്ത് അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലക മരത്തിൻ കീഴെ നാട്ടി. യോശുവ സകലജനത്തോടും പറഞ്ഞത്:
[27] “ഇതാ, ഈ കല്ല് നമുക്കു മധ്യേ സാക്ഷിയായിരിക്കും; അത് യഹോവ നമ്മോട് കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങൾ ദൈവത്തെ നിഷേധിച്ചാൽ അത് നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കും”
[28] ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്ക് പറഞ്ഞയച്ചു.
[29] യഹോവയുടെ ദാസനും നൂനിന്റെ പുത്രനുമായ യോശുവ നൂറ്റിപ്പത്ത് വയസ്സുള്ളപ്പോൾ മരിച്ചു.
[30] യിസ്രായേൽജനം അവനെ എഫ്രയീം പർവ്വതത്തിലുള്ള തിമ്നത്ത്-സേരഹിൽ ഗാശ് മലയുടെ വടക്കുവശത്ത് അവന്റെ അവകാശഭൂമിയിൽ അടക്കം ചെയ്തു.
[31] യോശുവയുടെ കാലത്തും അവനുശേഷം യഹോവ യിസ്രായേലിന് വേണ്ടി ചെയ്ത സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലം വരെയും യിസ്രായേൽ യഹോവയെ സേവിച്ചു.
[32] യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികൾ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹമോരിന്റെ മക്കളോട് നൂറ് വെള്ളിക്കാശിന് വാങ്ങിയിരുന്ന നിലത്ത്, അടക്കം ചെയ്തു; അത് യോസേഫിന്റെ മക്കൾക്ക് അവകാശമായിത്തീർന്നിരുന്നു.
[33] അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന് എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന ഒരു കുന്നിൽ അടക്കം ചെയ്തു.