Skip to content
Opens in a new window
Listen to this chapter • 4:17

[1] ഹാസോർ രാജാവായ യാബീൻ ഇത് കേട്ടപ്പോൾ മാദോൻ രാജാവായ യോബാബ്, ശിമ്രോൻരാജാവ്, അക്ക്ശാഫ് രാജാവ് എന്നിവരുടെ അടുക്കലും

[2] വടക്ക് മലമ്പ്രദേശത്തും കിന്നേരെത്തിന് തെക്ക് സമഭൂമിയിലും താഴ്‌വരയിലും പടിഞ്ഞാറ് ദോർമേടുകളിലുമുള്ള രാജാക്കന്മാരുടെ അടുക്കൽ ആളയച്ച്.

[3] കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്ത് ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ച്.

[4] അവർ കടല്ക്കരയിലെ മണൽപോലെ അനവധി പടയാളികളും വളരെ കുതിരകളും രഥങ്ങളും ഉള്ള സൈന്യമായി പുറപ്പെട്ടു.

[5] ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മേരോം തടാകത്തിന്നരികെ പാളയമിറങ്ങി.

[6] അപ്പോൾ യഹോവ യോശുവയോട്: “അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തു വീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം”.

[7] അങ്ങനെ യോശുവയും സൈന്യവും മേരോ തടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരെ വന്ന് അവരെ ആക്രമിച്ചു.

[8] യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീം വരെയും കിഴക്ക് മിസ്പെതാഴ്‌വരവരെയും അവരെ ഓടിച്ച്, ആരും ശേഷിക്കാതെ സംഹരിച്ചുകളഞ്ഞു.

[9] യഹോവ കല്പിച്ചതുപോലെ യോശുവ അവരോട് ചെയ്തു; കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ട് ചുട്ടുകളഞ്ഞു.

[10] യോശുവ ആ സമയം തിരിഞ്ഞ് ഹാസോർ പിടിച്ച് അതിലെ രാജാവിനെ വാൾകൊണ്ട് കൊന്നു; അന്നുണ്ടായിരുന്ന രാജ്യങ്ങളിൽ ഹാസോർ ഏറ്റവും പ്രബലമായിരുന്നു.

[11] അവർ അതിലെ സകലമനുഷ്യരെയും വാൾകൊണ്ട് നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊണ്ട് ചുട്ടുകളഞ്ഞു.

[12] ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും യോശുവ പിടിക്കുകയും രാജാക്കന്മാരെ ഒക്കെയും വാളിനാൽ നിർമ്മൂലമാക്കിക്കളയുകയും ചെയ്തു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.

[13] ഹാസോർ ഒഴികെ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല.

[14] ഈ പട്ടണങ്ങളിലെ കൊള്ളയും കന്നുകാലികളെയും യിസ്രായേൽ മക്കൾ എടുത്തു; മനുഷ്യരെ ഒക്കെയും അവർ വാളുകൊണ്ട് സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.

[15] യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചിരുന്നു; അതിനാൽ യഹോവ മോശെയോട് കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.

[16] ഇങ്ങനെ മലനാടും തെക്കേദേശവും ഗോശെൻദേശവും താഴ്‌വരയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വരയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശവും യോശുവ പിടിച്ചു.

[17] അവിടങ്ങളിലെ രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു.

[18] ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തിരുന്നു.

[19] ഗിബെയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽ മക്കളോട് സഖ്യത ചെയ്തില്ല; ശേഷമുള്ള പട്ടണമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി.

[20] യഹോവ മോശെയോട് കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കയും ചെയ്യേണ്ടതിന് അവർ യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടാൻ തക്കവണ്ണം യഹോവ അവരുടെ മനസ്സ് കഠിനമാക്കിയിരുന്നു.

[21] അക്കാലത്ത് യോശുവ മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നിവിടങ്ങളിലെ അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി.

[22] ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽ മക്കളുടെ ദേശത്ത് ഒരു അനാക്യനും ശേഷിച്ചില്ല.

[23] യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം ഉണ്ടായി.

യോശുവ — Chapters