[1] അവർ ഈജിപ്റ്റിൽനിന്നും പുറത്തു വന്നശേഷം രണ്ടാംവർഷം ഒന്നാംമാസം യഹോവ സീനായിമരുഭൂമിയിൽവെച്ച് മോശയോട് അരുളിച്ചെയ്തു. അവിടന്നു കൽപ്പിച്ചത്:
[2] “ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം.
[3] അതിന്റെ നിശ്ചിതസമയമായ ഈമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത്, അതിന്റെ സകലനിയമങ്ങൾക്കും ചട്ടങ്ങൾക്കും ഒത്തവണ്ണം അത് ആചരിക്കണം.”
[4] അങ്ങനെ മോശ ഇസ്രായേല്യരോട് പെസഹ ആചരിക്കാൻ പറഞ്ഞു,
[5] ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവെച്ച് അവർ പെസഹ ആചരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേല്യർ സകലതും ചെയ്തു.
[6] എന്നാൽ അവരിൽ ചിലർക്ക്, തങ്ങൾ ശവത്താൽ, ആചാരപരമായി അശുദ്ധരായിരുന്നതിനാൽ ആ ദിവസം പെസഹ ആചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ആ ദിവസംതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽവന്ന്,
[7] മോശയോടു പറഞ്ഞു: “ഒരു ശവത്താൽ ഞങ്ങൾ അശുദ്ധരായിത്തീർന്നു, പക്ഷേ, മറ്റ് ഇസ്രായേല്യരോടൊപ്പം നിശ്ചിതസമയത്തുതന്നെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നതിൽനിന്ന് ഞങ്ങളെ ഒഴിവാക്കുന്നതെന്ത്?”
[8] മോശ അവരോടു പറഞ്ഞു: “യഹോവ നിങ്ങളെക്കുറിച്ച് എന്തു കൽപ്പിക്കുന്നു എന്നു ഞാൻ കണ്ടെത്തുംവരെ നിങ്ങൾ കാത്തുനിൽക്കുക.”
[9] അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു:
[10] “ഇസ്രായേൽമക്കളോടു പറയുക: ‘നിങ്ങളിലോ നിങ്ങളുടെ സന്തതിയിലോ ആരെങ്കിലും ശവത്താൽ അശുദ്ധരായിരിക്കുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താൽ, അവർക്കും യഹോവയുടെ പെസഹ ആചരിക്കാം.
[11] അവർ അത് രണ്ടാംമാസത്തിന്റെ പതിന്നാലാംതീയതി സന്ധ്യാസമയത്ത് ആചരിക്കണം. അവർ ആട്ടിൻകുട്ടിയെ പുളിപ്പില്ലാത്ത അപ്പത്തോടും കയ്‌പുചീരയോടുംകൂടെ ഭക്ഷിക്കണം.
[12] അവർ അതിൽ യാതൊന്നും പ്രഭാതംവരെ ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയും ചെയ്യരുത്. അവർ പെസഹാ ആചരിക്കുമ്പോൾ അതിന്റെ സകലചട്ടങ്ങളും അനുസരിക്കണം.
[13] എന്നാൽ ആരെങ്കിലും ആചാരപരമായി ശുദ്ധമായിരിക്കുകയും യാത്രയിലല്ലാതിരിക്കുകയും ചെയ്തിട്ടും പെസഹ ആചരിക്കാതിരുന്നാൽ, ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. കാരണം അയാൾ നിശ്ചിതസമയത്ത് യഹോവയ്ക്കു വഴിപാട് അർപ്പിച്ചില്ല. അങ്ങനെയുള്ളവർ തങ്ങളുടെ പാപത്തിന്റെ ശിക്ഷ അനുഭവിക്കണം.
[14] “ ‘നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പ്രവാസിക്കു യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ അയാൾ അതു ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ആചരിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമം ആയിരിക്കണം.’ ”
[15] സമാഗമകൂടാരം ഉയർത്തിയ നാളിൽ മേഘം ഉടമ്പടിയുടെ കൂടാരമായ സമാഗമകൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ സമാഗമകൂടാരത്തിന്മേലുള്ള മേഘം കാഴ്ചയ്ക്ക് അഗ്നിസമാനമായിരുന്നു.
[16] —അത് എപ്പോഴും അപ്രകാരമായിരുന്നു—രാത്രിയിൽ മേഘം അതിനെ മൂടി, അത് അഗ്നിപോലെ കാണപ്പെട്ടു.
[17] കൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും; മേഘം നിൽക്കുന്നിടത്തൊക്കെയും അവർ പാളയമടിക്കും.
[18] യഹോവയുടെ കൽപ്പനപ്രകാരം ഇസ്രായേല്യർ യാത്രപുറപ്പെടുകയും അവിടത്തെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും ചെയ്തു. മേഘം സമാഗമകൂടാരത്തിനുമുകളിൽ നിൽക്കുന്നത്രയുംകാലം അവർ പാളയത്തിൽ വസിച്ചു.
[19] മേഘം ദീർഘകാലം സമാഗമകൂടാരത്തിന്മേൽ നിലകൊണ്ടപ്പോൾ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ യഹോവയുടെ കൽപ്പനകൾ അനുസരിച്ചു.
[20] ചില അവസരങ്ങളിൽ കുറച്ചു ദിവസങ്ങളിലേക്കുമാത്രമേ മേഘം സമാഗമകൂടാരത്തിനു മുകളിലുണ്ടായിരുന്നുള്ളൂ; യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയത്തിൽ കഴിയുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ യാത്രപുറപ്പെടുകയും ചെയ്യും.
[21] ചില അവസരങ്ങളിൽ സന്ധ്യമുതൽ പ്രഭാതംവരെമാത്രം മേഘം നിശ്ചലമായിരിക്കും. പ്രഭാതത്തിൽ അത് ഉയരുമ്പോൾ, അവർ യാത്രപുറപ്പെടും. പകലോ രാത്രിയോ എപ്പോൾ മേഘം പൊങ്ങുമോ അപ്പോൾ അവർ യാത്രപുറപ്പെടും.
[22] സമാഗമകൂടാരത്തിന്മേൽ മേഘം രണ്ടുദിവസത്തേക്കോ ഒരു മാസത്തേക്കോ ഒരു വർഷത്തേക്കോ നിലയുറപ്പിച്ചാൽ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ പാളയത്തിൽതന്നെ പാർക്കും; എന്നാൽ അത് ഉയരുമ്പോൾ അവർ യാത്രപുറപ്പെടും.
[23] യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ പുറപ്പെടുകയും ചെയ്യും. മോശമുഖാന്തരം ഉള്ള കൽപ്പനകൾക്കനുസൃതമായി അവർ യഹോവയുടെ ആജ്ഞ അനുസരിച്ചു.