Skip to content
Opens in a new window

[1] യഹോവ മോശയോട് അരുളിച്ചെയ്തു:

[2] “അഹരോനോട് സംസാരിക്കുക. അദ്ദേഹത്തോട് ഇപ്രകാരം പറയുക: ‘നീ വിളക്കു കൊളുത്തുമ്പോൾ അവ ഏഴും വിളക്കുതണ്ടിന്റെ മുൻഭാഗത്തേക്കു വെളിച്ചം കൊടുക്കുന്ന നിലയിൽ ആയിരിക്കണം.’ ”

[3] അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹം വിളക്കുതണ്ടിന്റെ മുൻവശത്തു വെളിച്ചംകിട്ടത്തക്കവണ്ണം വിളക്കുകൾ വെച്ചു.

[4] വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു.

[5] യഹോവ മോശയോട് അരുളിച്ചെയ്തു:

[6] “ഇസ്രായേല്യരുടെ ഇടയിൽനിന്ന് ലേവ്യരെ വേർതിരിച്ച് അവരെ ആചാരപരമായി ശുദ്ധീകരിക്കുക.

[7] അവരെ ഇപ്രകാരം വിശുദ്ധീകരിക്കുക: ശുദ്ധീകരണജലം അവരുടെമേൽ തളിക്കുക; തുടർന്ന് ശരീരംമുഴുവൻ ക്ഷൗരംചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ ശുദ്ധീകരിക്കണം.

[8] അവർ ഒരു കാളക്കിടാവിനെ അതിന്റെ ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത് നേരിയമാവോടുകൂടി എടുക്കണം; തുടർന്നു പാപശുദ്ധീകരണയാഗത്തിനായി മറ്റൊരു കാളക്കിടാവിനെ നീയും എടുക്കണം.

[9] ഇതിനുശേഷം മുഴുവൻ ഇസ്രായേൽസഭയെ കൂട്ടിവരുത്തുകയും ലേവ്യരെ സമാഗമകൂടാരത്തിനു മുമ്പിലേക്ക് കൊണ്ടുവരികയും വേണം.

[10] ലേവ്യരെ നീ യഹോവയുടെമുമ്പാകെ കൊണ്ടുവരണം; ഇസ്രായേൽമക്കൾ അവരുടെമേൽ കൈവെക്കണം.

[11] അഹരോൻ തന്റെ കൈ ഉയർത്തി ലേവ്യരെ, അവർ യഹോവയുടെ വേലചെയ്യാൻ ഒരുക്കമായിരിക്കേണ്ടതിന്, ഇസ്രായേല്യരുടെ ഇടയിൽനിന്ന് ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കണം.

[12] “ലേവ്യർ കാളകളുടെ തലമേൽ കൈവെച്ചശേഷം, ഒന്നിനെ യഹോവയ്ക്കു പാപശുദ്ധീകരണയാഗത്തിനായും മറ്റേതിനെ ലേവ്യർക്കു പ്രായശ്ചിത്തത്തിനുള്ള ഹോമയാഗത്തിനായും ഉപയോഗിക്കണം.

[13] ലേവ്യരെ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മുമ്പിൽ നിർത്തി നിങ്ങളുടെ കൈകൾ ഉയർത്തി അവരെ യഹോവയ്ക്ക് ഒരു വിശിഷ്ടയാഗമായി അർപ്പിക്കുക.

[14] ഇപ്രകാരമാണ് നിങ്ങൾ ലേവ്യരെ മറ്റ് ഇസ്രായേൽമക്കളിൽനിന്നും വേർതിരിക്കേണ്ടത്. ലേവ്യർ എനിക്കുള്ളവർ ആയിരിക്കും.

[15] “ലേവ്യരെ നിങ്ങൾ ശുദ്ധീകരിക്കുകയും നിങ്ങളുടെ കൈകൾ ഉയർത്തി വിശിഷ്ടയാഗാർപ്പണമായി സമർപ്പിക്കയും ചെയ്തശേഷം അവർക്കു തങ്ങളുടെ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിലേക്കു പ്രവേശിക്കാം.

[16] ഇസ്രായേൽമക്കളിൽനിന്ന് ലേവ്യരെ എനിക്കു പൂർണമായി നൽകിയിരിക്കുന്നു. എല്ലാ ഇസ്രായേല്യരിലുമുള്ള ആദ്യജാതന്മാർക്കു പകരം—സകല ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതനു പകരംതന്നെ—അവരെ ഞാൻ എനിക്കായി എടുത്തിരിക്കുന്നു.

[17] മനുഷ്യനാകട്ടെ, മൃഗമാകട്ടെ, ഇസ്രായേലിലുള്ള കടിഞ്ഞൂലെല്ലാം എനിക്കുള്ളതാണ്. ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരെയും ഞാൻ സംഹരിച്ചപ്പോൾ, ഞാൻ അവരെ എനിക്കായി വേർതിരിച്ചു.

[18] ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരമായി ലേവ്യരെ ഞാൻ എടുത്തിരിക്കുന്നു.

[19] ഇസ്രായേല്യർക്കുവേണ്ടി സമാഗമകൂടാരത്തിൽ വേലചെയ്യാനായും അവർ വിശുദ്ധമന്ദിരത്തോടടുക്കുമ്പോൾ യാതൊരു ബാധയും അവരുടെമേൽ വരാതിരിക്കാൻ അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനായും ലേവ്യരെ ഞാൻ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു.”

[20] ലേവ്യരെക്കുറിച്ചു യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ, മോശയും അഹരോനും ഇസ്രായേൽസഭ മുഴുവനും ലേവ്യർക്കു ചെയ്തുകൊടുത്തു.

[21] ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും തങ്ങളുടെ വസ്ത്രങ്ങൾ അലക്കുകയും ചെയ്തു. തുടർന്ന് അഹരോൻ തന്റെ കൈകൾ ഉയർത്തി അവരെ ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കുകയും അവരെ ശുദ്ധീകരിക്കാനായി പ്രായശ്ചിത്തം കഴിക്കുകയും ചെയ്തു.

[22] അതിനുശേഷം ലേവ്യർ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മേൽനോട്ടത്തിനു കീഴിൽ സമാഗമകൂടാരത്തിലെ തങ്ങളുടെ വേല ചെയ്യുന്നതിനായി വന്നു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അവർ ലേവ്യരെ യഹോവയ്ക്കായി വേർതിരിച്ചു.

[23] യഹോവ മോശയോട് അരുളിച്ചെയ്തു:

[24] “ലേവ്യർക്കുള്ള നിയമമാണിത്: ഇരുപത്തഞ്ചോ അതിലധികമോ വയസ്സ് പ്രായമുള്ള പുരുഷന്മാർ സമാഗമകൂടാരത്തിലെ ശുശ്രൂഷയിൽ പങ്കാളിത്തം വഹിക്കാൻ വരണം.

[25] എന്നാൽ അൻപതാം വയസ്സിൽ, അവർ തങ്ങളുടെ പതിവായ ശുശ്രൂഷയിൽനിന്ന് വിരമിക്കുകയും തുടർന്ന് വേലചെയ്യാതിരിക്കുകയും വേണം.

[26] അവർക്കു തങ്ങളുടെ സഹോദരന്മാരെ സമാഗമകൂടാരത്തിലെ അവരുടെ കർത്തവ്യം നിർവഹിക്കുന്നതിൽ സഹായിക്കാം. പക്ഷേ, അവർ നേരിട്ടു ചുമതല വഹിക്കരുത്. ഇപ്രകാരമാണ് നിങ്ങൾ ലേവ്യർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കേണ്ടത്.”

സംഖ്യാപുസ്തകം — Chapters