Skip to content
Opens in a new window

[1] യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:

[2] “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു വസിക്കാൻ നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം,

[3] യഹോവയ്ക്കു പ്രസാദമുള്ള ഹൃദ്യസുഗന്ധമായി ആടുമാടുകളുടെ കൂട്ടത്തിൽനിന്ന് ഒരു ദഹനയാഗമോ ഹോമയാഗമോ പ്രത്യേക നേർച്ചകൾക്കുള്ള യാഗമോ സ്വമേധാദാനമോ ഉത്സവവഴിപാടോ അർപ്പിക്കുമ്പോൾ

[4] വഴിപാട് കൊണ്ടുവരുന്നയാൾ കാൽ ഹീൻ ഒലിവെണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം യഹോവയ്ക്കു കൊണ്ടുവരണം.

[5] ഹോമയാഗത്തിനോ വഴിപാടിനോ ഉള്ള ഓരോ ആട്ടിൻകുട്ടിക്കും ഒപ്പം പാനീയയാഗമായി കാൽ ഹീൻ വീഞ്ഞ് കൊണ്ടുവരണം.

[6] “ ‘ആട്ടുകൊറ്റനായാൽ മൂന്നിലൊന്ന് ഹീൻ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും

[7] മൂന്നിലൊന്ന് ഹീൻ വീഞ്ഞ് പാനീയയാഗവും കൊണ്ടുവരണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അർപ്പിക്കണം.

[8] “ ‘യഹോവയ്ക്ക് ഒരു ഹോമയാഗമായോ പ്രത്യേക നേർച്ചയ്ക്കുള്ള യാഗമായോ ഒരു സമാധാനയാഗമായോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ

[9] അര ഹീൻ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം കാളക്കിടാവിനോടൊപ്പം കൊണ്ടുവരണം.

[10] അര ഹീൻ വീഞ്ഞ് പാനീയയാഗമായും കൊണ്ടുവരണം. അത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കണം.

[11] കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഏതായാലും ഇപ്രകാരം ഒരുക്കപ്പെടണം.

[12] നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗത്തിനൊത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ ചെയ്യണം.

[13] “ ‘സ്വദേശിയായ ഓരോരുത്തരും യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോൾ അവർ ഇവയെല്ലാം ഇങ്ങനെതന്നെ ചെയ്യണം.

[14] വരാനുള്ള തലമുറകളിലും ഒരു പ്രവാസിയോ നിങ്ങളുടെ മധ്യേ പാർക്കുന്ന മറ്റാരെങ്കിലുമോ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോഴൊക്കെയും നിങ്ങൾ ചെയ്യുന്നതുപോലെതന്നെ അവരും ചെയ്യണം.

[15] സഭയ്ക്കുമുഴുവൻ, നിങ്ങൾക്കും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും ഒരേ നിയമം ആയിരിക്കണം; തലമുറതലമുറയായി ഇത് ഒരു ശാശ്വതനിയമം. നിങ്ങളും പ്രവാസിയും യഹോവയുടെമുമ്പാകെ തുല്യരായിരിക്കും:

[16] നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കും വിധിയും നിയമവും ഒന്നുതന്നെ ആയിരിക്കും.’ ”

[17] യഹോവ മോശയോട് അരുളിച്ചെയ്തു:

[18] “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് നിങ്ങൾ പ്രവേശിക്കുകയും

[19] ആ ദേശത്തിലെ ഭക്ഷണം നിങ്ങൾ കഴിക്കുകയും ചെയ്യുമ്പോൾ ഒരു അംശം യഹോവയ്ക്കു വഴിപാടായി നീക്കിവെക്കുക.

[20] നിങ്ങളുടെ ആദ്യത്തെ പൊടിമാവിൽനിന്ന് ഒരു വട ഉണ്ടാക്കി അർപ്പിക്കുക. മെതിക്കളത്തിൽനിന്നുള്ള വിശിഷ്ടയാഗമായി അത് അർപ്പിക്കുക.

[21] വരുംതലമുറകളിലെല്ലാം നിങ്ങളുടെ ആദ്യത്തെ പൊടിമാവിൽനിന്ന് ഈ വിശിഷ്ടയാഗാർപ്പണം യഹോവയ്ക്ക് സമർപ്പിക്കണം.

[22] “ ‘യഹോവ മോശയ്ക്കു നൽകിയ ഈ കൽപ്പനകളിലേതെങ്കിലും അനുസരിക്കുന്നതിൽ നിങ്ങൾ അബദ്ധവശാൽ വീഴ്ചവരുത്തിയാൽ—

[23] യഹോവ മോശയിൽക്കൂടെ അരുളിച്ചെയ്ത ആ നാളുമുതൽ തലമുറതലമുറയായി നിങ്ങൾ അനുസരിക്കാത്ത കൽപ്പനകൾ എല്ലാംതന്നെ—

[24] നിങ്ങൾ അബദ്ധവശാൽ പിഴയ്ക്കുകയും സഭ അതിനെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്താൽ സഭമുഴുവനും യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ഹോമയാഗമായി ഒരു കാളക്കിടാവിനെ അർപ്പിക്കണം. അതിനോടൊപ്പം വിധിപ്രകാരമുള്ള ഭോജനയാഗവും പാനീയയാഗവും, പാപശുദ്ധീകരണയാഗമായ ഒരു കോലാട്ടുകൊറ്റനോടൊപ്പം അർപ്പിക്കണം.

[25] പുരോഹിതൻ സകല ഇസ്രായേൽസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അത് അബദ്ധവശാലായിരുന്നതിനാൽ അവർക്കു ക്ഷമലഭിക്കും. അവരുടെ തെറ്റിനായി അവർ യഹോവയ്ക്ക് ഒരു ദഹനയാഗവും ഒരു പാപശുദ്ധീകരണയാഗവും കൊണ്ടുവരികയും ചെയ്തല്ലോ.

[26] അങ്ങനെയെങ്കിൽ സകല ഇസ്രായേൽസഭയോടും അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസികളോടും ക്ഷമിക്കും സർവജനങ്ങളും അബദ്ധവശാലുള്ള ആ പാപത്തിൽ ഉൾപ്പെട്ടിരുന്നല്ലോ.

[27] “ ‘എന്നാൽ കേവലം ഒരു വ്യക്തിമാത്രം അബദ്ധവശാൽ പാപംചെയ്താൽ, അയാൾ പാപശുദ്ധീകരണയാഗത്തിനായി ഒരുവയസ്സു പ്രായമുള്ള ഒരു പെണ്ണാടിനെ കൊണ്ടുവരണം.

[28] അബദ്ധവശാൽ പാപം ചെയ്തവനുവേണ്ടി പുരോഹിതൻ യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തുകഴിയുമ്പോൾ അയാളോടു ക്ഷമിക്കും.

[29] സ്വദേശിയായ ഇസ്രായേല്യരോ പ്രവാസിയോ ആകട്ടെ, അബദ്ധവശാൽ പാപംചെയ്യുന്ന ഏവനും നിയമം ഒന്നുതന്നെ ആയിരിക്കും.

[30] “ ‘സ്വദേശിയോ പ്രവാസിയോ മനഃപൂർവം പാപംചെയ്താൽ അയാൾ യഹോവയെ നിന്ദിക്കുന്നു. ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.

[31] യഹോവയുടെ വചനത്തോട് അവജ്ഞകാട്ടി അവിടത്തെ കൽപ്പന ലംഘിച്ചിരിക്കുകയാൽ, അയാൾ നിശ്ചയമായും ഛേദിക്കപ്പെടണം; അയാളുടെ അകൃത്യം അയാളുടെമേൽ നിൽക്കും.’ ”

[32] ഇസ്രായേല്യർ മരുഭൂമിയിലായിരിക്കുമ്പോൾ, ശബ്ബത്തുദിവസത്തിൽ ഒരു മനുഷ്യൻ വിറകുപെറുക്കുന്നതുകണ്ടു.

[33] അയാൾ വിറകു പെറുക്കുന്നതു കണ്ടവർ അയാളെ മോശയുടെയും അഹരോന്റെയും സർവസഭയുടെയും മുമ്പാകെ കൊണ്ടുവന്നു.

[34] ആ മനുഷ്യനോട് എന്തുചെയ്യണമെന്നു വ്യക്തമല്ലാതിരുന്നതിനാൽ അവർ അയാളെ തടങ്കലിൽ വെച്ചു.

[35] അതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യൻ മരിക്കണം. സർവസഭയും അയാളെ പാളയത്തിനു പുറത്തുവെച്ചു കല്ലെറിയണം.”

[36] അങ്ങനെ സഭ അയാളെ പാളയത്തിനുപുറത്തു കൊണ്ടുപോയി. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കല്ലെറിഞ്ഞുകൊന്നു.

[37] യഹോവ മോശയോട് അരുളിച്ചെയ്തു,

[38] “ഇസ്രായേല്യരോടു സംസാരിക്കുക അവരോട് ഇപ്രകാരം പറയുക: ‘വരുംതലമുറകളിലൊക്കെയും നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങളുടെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കണം. ഓരോ തൊങ്ങലിലും ഓരോ നീലനൂൽ ഉണ്ടായിരിക്കണം.

[39] ഈ തൊങ്ങലുകളിന്മേൽ നോക്കുമ്പോൾ നിങ്ങൾ യഹോവയുടെ സകലകൽപ്പനകളും ഓർക്കാനും അങ്ങനെ നിങ്ങളുടെ ഹൃദയങ്ങളുടെയും കണ്ണുകളുടെയും മോഹങ്ങൾക്കു പിന്നാലെപോയി നിങ്ങൾതന്നെ പരസംഗം ചെയ്യാതിരിക്കാനും അവ നിങ്ങൾക്ക് ഉപകരിക്കും.

[40] അങ്ങനെ നിങ്ങൾ എന്റെ സകലകൽപ്പനകളും അനുസരിക്കാൻ ഓർക്കുകയും നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധർ ആയിരിക്കുകയും ചെയ്യും.

[41] നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന, നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”

സംഖ്യാപുസ്തകം — Chapters