Skip to content
Opens in a new window

[1] ഈ സംഭവത്തിനുശേഷം ഇസ്രായേൽമക്കൾ മോവാബ് സമതലങ്ങളിലേക്കു യാത്രചെയ്ത് യെരീഹോവിന് അക്കരെ യോർദാൻ നദീതീരത്തു പാളയമടിച്ചു.

[2] ഇസ്രായേൽ അമോര്യരോടു ചെയ്ത സകലതും സിപ്പോരിന്റെ മകനായ ബാലാക്ക് കണ്ടു.

[3] ജനം വളരെയധികം ഉണ്ടായിരുന്നതിനാൽ മോവാബ് ഭയപ്പെട്ടു. വാസ്തവത്തിൽ ഇസ്രായേൽമക്കളുടെ സാന്നിധ്യം മോവാബ്യരിൽ ഭീതിയുളവാക്കി.

[4] മോവാബ്യർ മിദ്യാനിലെ തലവന്മാരോട്, “കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ പടക്കൂട്ടം നമുക്കുചുറ്റുമുള്ള സകലതും നക്കിക്കളയാൻ പോകുന്നു” എന്നു പറഞ്ഞു. അന്നു മോവാബിലെ രാജാവായിരുന്ന സിപ്പോരിന്റെ മകൻ ബാലാക്ക്

[5] ബെയോരിന്റെ മകൻ ബിലെയാമിനെ വിളിക്കാൻ ദൂതന്മാരെ അയച്ചു. അദ്ദേഹം തന്റെ സ്വദേശത്ത്, യൂഫ്രട്ടീസ് നദിക്ക് അരികെയുള്ള പെഥോരിൽ ആയിരുന്നു. ബാലാക്ക് പറഞ്ഞു: “ഈജിപ്റ്റിൽനിന്ന് ഒരു ജനം വന്നിരിക്കുന്നു; അവർ ദേശത്തെ മൂടി എനിക്കു സമീപം പാർപ്പുറപ്പിച്ചിരിക്കുന്നു.

[6] അവർ എന്നിലും ശക്തന്മാരാകുകയാൽ വന്ന് ഈ ജനത്തെ ശപിക്കണമേ. എങ്കിൽ എനിക്ക് ഈ ജനത്തെ തോൽപ്പിച്ച് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാൻ കഴിഞ്ഞേക്കും. കാരണം നീ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടും; നീ ശപിക്കുന്നവർ ശപിക്കപ്പെടും എന്നു ഞാൻ അറിയുന്നു.”

[7] മോവാബിലെയും മിദ്യാനിലെയും തലവന്മാർ പ്രശ്നദക്ഷിണയുമായി പുറപ്പെട്ടു. അവർ ബിലെയാമിന്റെ അടുക്കൽവന്ന് ബാലാക്ക് പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞു.

[8] “രാത്രി ഇവിടെ പാർക്കുക, എങ്കിൽ യഹോവ എനിക്കു തരുന്ന മറുപടി ഞാൻ നിങ്ങളെ അറിയിക്കാം,” എന്ന് ബിലെയാം അവരോടു പറഞ്ഞു. അങ്ങനെ മോവാബ്യപ്രഭുക്കന്മാർ അദ്ദേഹത്തോടൊപ്പം താമസിച്ചു.

[9] ദൈവം ബിലെയാമിന്റെ അടുക്കൽവന്ന് “നിന്നോടൊപ്പമുള്ള ഈ പുരുഷന്മാർ ആര്?” എന്നു ചോദിച്ചു.

[10] ബിലെയാം ദൈവത്തോട്, “മോവാബിലെ രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് എനിക്ക് ഈ സന്ദേശമയച്ചു:

[11] ‘ഈജിപ്റ്റിൽനിന്നും പുറപ്പെട്ടുവന്ന ഒരു ജനം ദേശത്തെ മൂടിയിരിക്കുന്നു. ആകയാൽ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. അങ്ങനെയെങ്കിൽ എനിക്ക് അവരെ തോൽപ്പിച്ചോടിക്കാൻ കഴിഞ്ഞേക്കും.’ ”

[12] എന്നാൽ ദൈവം ബിലെയാമിനോട്, “അവരോടൊപ്പം പോകരുത്. നീ ആ ജനത്തെ ശപിക്കരുത്, അവർ അനുഗ്രഹിക്കപ്പെട്ടവരാണ്” എന്നു പറഞ്ഞു.

[13] അടുത്ത പ്രഭാതത്തിൽ ബിലെയാം എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്, “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊൾക, നിങ്ങളോടൊപ്പം വരുന്നതിനു യഹോവ എന്നെ അനുവദിക്കുന്നില്ല” എന്നു പറഞ്ഞു.

[14] അങ്ങനെ മോവാബ്യപ്രഭുക്കന്മാർ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, “ഞങ്ങളോടൊപ്പം വരുന്നതിനു ബിലെയാം വിസമ്മതിച്ചു” എന്നു പറഞ്ഞു.

[15] അതിനുശേഷം ബാലാക്ക് ആദ്യത്തേതിലും മാന്യരായ വേറെ അധികം പ്രഭുക്കന്മാരെ അയച്ചു.

[16] അവർ ബിലെയാമിന്റെ അടുക്കൽവന്നു പറഞ്ഞു, “സിപ്പോരിന്റെ മകൻ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘എന്റെയടുക്കൽ വരുന്നതിന് ഒന്നും തടസ്സമാകരുത്.

[17] കാരണം ഞാൻ താങ്കൾക്ക് മാന്യമായ പ്രതിഫലംനൽകും; താങ്കൾ പറയുന്നതെന്തും ചെയ്യും. വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.’ ”

[18] എന്നാൽ ബിലെയാം അവരോടു പറഞ്ഞത്: “ബാലാക്ക് അദ്ദേഹത്തിന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തന്നാലും യഹോവയായ എന്റെ ദൈവം കൽപ്പിക്കുന്നതിനപ്പുറം—കൂടുതലോ കുറവോ—ഒന്നും എനിക്കു ചെയ്യാൻ കഴിയുകയില്ല.

[19] നിങ്ങളും ഇന്നു രാത്രി ഇവിടെ പാർക്കുക, മറ്റെന്തെങ്കിലുംകൂടി യഹോവ എന്നോടു പറയുമോ എന്നു ഞാൻ അറിയട്ടെ.”

[20] ആ രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്, “ഈ പുരുഷന്മാർ നിന്നെ വിളിക്കാൻ വന്നതിനാൽ അവരോടുകൂടെപ്പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം ചെയ്യുക.”

[21] ബിലെയാം രാവിലെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കഴുതയ്ക്കു ജീനിയിട്ട് മോവാബിലെ പ്രഭുക്കന്മാരോടുകൂടെ പോയി.

[22] എന്നാൽ അയാൾ പോയപ്പോൾ ദൈവം അത്യന്തം കോപിച്ചു. യഹോവയുടെ ദൂതൻ അയാളെ എതിരിടാൻ വഴിയിൽ നിന്നു. ബിലെയാം തന്റെ കഴുതപ്പുറത്ത് യാത്രചെയ്യുകയായിരുന്നു. അയാളുടെ രണ്ടു ദാസന്മാരും അയാളോടുകൂടെ ഉണ്ടായിരുന്നു.

[23] യഹോവയുടെ ദൂതൻ കൈയിൽ ഊരിയ വാളുമേന്തി വഴിയിൽ നിൽക്കുന്നതു കണ്ട കഴുത വഴിയിൽനിന്ന് ഒരുവയലിലേക്ക് തിരിഞ്ഞു. അതിനെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിലെയാം കഴുതയെ അടിച്ചു.

[24] പിന്നെ യഹോവയുടെ ദൂതൻ രണ്ടു മുന്തിരിത്തോപ്പുകളുടെ ഇടയിൽ രണ്ടുവശത്തും മതിലുള്ള ഒരു ഇടുങ്ങിയ വഴിയിൽ നിന്നു.

[25] കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികിലേക്ക് ഒതുങ്ങി. ബിലെയാമിന്റെ കാൽ മതിലിനിടയിൽ ഞെരുങ്ങി. അതുകൊണ്ട് അയാൾ അതിനെ വീണ്ടും അടിച്ചു.

[26] പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടുനീങ്ങി ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ഒട്ടും ഇടമില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.

[27] കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ ബിലെയാമിന്റെ കീഴിൽ കിടന്നു. അയാൾ കോപിച്ചു തന്റെ വടികൊണ്ട് അതിനെ അടിച്ചു.

[28] അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു. അത് ബിലെയാമിനോട്, “നീ എന്നെ ഈ മൂന്നുതവണ അടിക്കാൻ ഞാൻ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു.

[29] ബിലെയാം കഴുതയോട്, “നീ എന്നെ ഒരു വിഡ്ഢിയാക്കി! എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിന്നെ കൊല്ലുമായിരുന്നു” എന്നു മറുപടി പറഞ്ഞു.

[30] കഴുത ബിലെയാമിനോടു പറഞ്ഞു: “ഈ ദിവസംവരെ എപ്പോഴും യാത്രചെയ്തുവന്ന നിന്റെ കഴുതയല്ലേ ഞാൻ? ഇങ്ങനെ ഞാൻ ഇതിനുമുമ്പ് എപ്പോഴെങ്കിലും നിന്നോട് ചെയ്തിട്ടുണ്ടോ?” “ഇല്ല,” അയാൾ പറഞ്ഞു.

[31] അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണുകൾ തുറന്നു. ഊരിയ വാളുമേന്തി യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നത് കണ്ടു. അയാൾ സാഷ്ടാംഗം വണങ്ങി വീണു.

[32] യഹോവയുടെ ദൂതൻ അയാളോടു ചോദിച്ചു: “നീ മൂന്നുപ്രാവശ്യം നിന്റെ കഴുതയെ അടിച്ചതെന്ത്? നിന്റെ വഴി നാശകരമാകുകയാൽ നിന്നെ എതിരിടാനാണ് ഞാനിവിടെ വന്നിരിക്കുന്നത്.

[33] കഴുത എന്നെക്കണ്ട് മൂന്നു തവണയും തിരിഞ്ഞുമാറിപ്പോയി. അതു തിരിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ നിശ്ചയമായും ഞാൻ നിന്നെ കൊല്ലുകയും അതിനെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.”

[34] ബിലെയാം യഹോവയുടെ ദൂതനോട്, “ഞാൻ പാപംചെയ്തിരിക്കുന്നു. എന്നെ എതിരിടാൻ അങ്ങ് വഴിയിൽ നിൽക്കുകയായിരുന്നു എന്നു ഞാൻ അറിഞ്ഞില്ല. അങ്ങേക്ക് അനിഷ്ടമെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.

[35] യഹോവയുടെ ദൂതൻ ബിലെയാമിനോട്, “ആ പുരുഷന്മാരോടുകൂടെ പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം പറയുക” എന്നു പറഞ്ഞു. അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോയി.

[36] ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ തന്റെ രാജ്യാതിർത്തിയിൽ അർന്നോൻനദീതീരത്തുള്ള മോവാബ്യ പട്ടണത്തിലേക്കു ചെന്നു.

[37] ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “ഞാൻ താങ്കൾക്ക് ഒരു അടിയന്തരക്ഷണം അല്ലേ അയച്ചത്? എന്തുകൊണ്ടു താങ്കൾ എന്റെയടുക്കൽ വന്നില്ല? താങ്കൾക്കു പ്രതിഫലം നൽകാൻ തക്ക പ്രാപ്തി എനിക്കില്ലേ?”

[38] “ആകട്ടെ, ഞാൻ ഇപ്പോൾ നിന്റെയടുക്കൽ വന്നല്ലോ,” ബിലെയാം മറുപടി പറഞ്ഞു. “പക്ഷേ, വെറുതേ എന്തെങ്കിലും പറയാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിൽ തരുന്നതുമാത്രമേ ഞാൻ സംസാരിക്കൂ.”

[39] പിന്നെ ബിലെയാം ബാലാക്കിനോടുകൂടെ കിര്യത്ത്-ഹൂസോത്തിലേക്കു പോയി.

[40] ബാലാക്ക് കാളകളെയും ആടുകളെയും യാഗമർപ്പിച്ചു. ബിലെയാമിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.

[41] അടുത്ത പ്രഭാതത്തിൽ ബാലാക്ക് ബിലെയാമിനെ കൂട്ടിക്കൊണ്ട് ബാമോത്ത്-ബാലിലേക്കു കയറിച്ചെന്നു. അവിടെനിന്ന് അദ്ദേഹത്തിന് ഇസ്രായേൽജനത്തിന്റെ ഒരുഭാഗം കാണാമായിരുന്നു.

സംഖ്യാപുസ്തകം — Chapters