Skip to content
Opens in a new window

[1] മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഈജിപ്റ്റിൽനിന്നും ഗണംഗണമായി പുറപ്പെട്ട ഇസ്രായേൽമക്കളുടെ പ്രയാണത്തിലെ പാളയങ്ങൾ ഇവയാണ്:

[2] യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പ്രയാണത്തിലെ പാളയങ്ങൾ മോശ രേഖപ്പെടുത്തി. ഘട്ടംഘട്ടമായുള്ള അവരുടെ പ്രയാണം ഇതാണ്:

[3] ഒന്നാംമാസം പതിനഞ്ചാംതീയതി—പെസഹായുടെ പിറ്റേന്നാൾ—ഇസ്രായേല്യർ രമെസേസിൽനിന്ന് യാത്രപുറപ്പെട്ടു. ഈജിപ്റ്റുകാരുടെ ദേവതകളുടെമേൽ യഹോവ ന്യായവിധി വരുത്തുകയാൽ അവിടന്ന് അവരുടെ ഇടയിൽ സംഹരിച്ച അവരുടെ സകല ആദ്യജാതന്മാരെയും സംസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന അവരുടെയെല്ലാം കണ്മുമ്പിലൂടെ ഇസ്രായേല്യർ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

[5] ഇസ്രായേല്യർ രമെസേസിൽനിന്ന് പുറപ്പെട്ട് സൂക്കോത്തിൽ പാളയമടിച്ചു.

[6] അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിക്കരികെയുള്ള ഏഥാമിൽ പാളയമടിച്ചു.

[7] അവർ ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനു കിഴക്കുഭാഗത്തുള്ള പീ-ഹഹീരോത്തിലേക്കു പിൻവാങ്ങി മിഗ്ദോലിനു സമീപം പാളയമടിച്ചു.

[8] അവർ പീ-ഹഹീരോത്തിൽനിന്ന് പുറപ്പെട്ട് കടലിലൂടെ മരുഭൂമിയിൽ കടന്നു. അവർ ഏഥാം മരുഭൂമിയിലൂടെ മൂന്നുദിവസം സഞ്ചരിച്ചു, തുടർന്ന് അവർ മാറായിൽ പാളയമടിച്ചു.

[9] അവർ മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിലേക്കു പോയി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവർ അവിടെ പാളയമടിച്ചു.

[10] അവർ ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികിൽ പാളയമടിച്ചു.

[11] അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമടിച്ചു.

[12] അവർ സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമടിച്ചു.

[13] അവർ ദൊഫ്കയിൽനിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമടിച്ചു.

[14] അവർ ആലൂശിൽനിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു.

[15] അവർ രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമടിച്ചു.

[16] അവർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമടിച്ചു.

[17] അവർ കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമടിച്ചു.

[18] അവർ ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്മയിൽ പാളയമടിച്ചു.

[19] അവർ രിത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-ഫേരെസിൽ പാളയമടിച്ചു.

[20] അവർ രിമ്മോൻ-ഫേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നായിൽ പാളയമടിച്ചു.

[21] അവർ ലിബ്നായിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമടിച്ചു.

[22] അവർ രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമടിച്ചു.

[23] അവർ കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർ പർവതത്തിൽ പാളയമടിച്ചു.

[24] അവർ ശാഫേർ പർവതത്തിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമടിച്ചു.

[25] അവർ ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമടിച്ചു.

[26] അവർ മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമടിച്ചു.

[27] അവർ തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമടിച്ചു.

[28] അവർ താരഹിൽനിന്ന് പുറപ്പെട്ട് മിത്ക്കയിൽ പാളയമടിച്ചു.

[29] അവർ മിത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമടിച്ചു.

[30] അവർ ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മൊസേരോത്തിൽ പാളയമടിച്ചു.

[31] അവർ മൊസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേ-യാക്കാനിൽ പാളയമടിച്ചു.

[32] അവർ ബെനേ-യാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമടിച്ചു.

[33] അവർ ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്-ബാഥായിൽ പാളയമടിച്ചു.

[34] അവർ യൊത്-ബാഥായിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമടിച്ചു.

[35] അവർ അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെറിൽ പാളയമടിച്ചു.

[36] അവർ എസ്യോൻ-ഗേബെറിൽനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിലെ കാദേശിൽ പാളയമടിച്ചു.

[37] അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽ പാളയമടിച്ചു.

[38] യഹോവയുടെ കൽപ്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. അവിടെ അദ്ദേഹം, ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം നാൽപ്പതാംവർഷത്തിന്റെ അഞ്ചാംമാസം ഒന്നാംതീയതി മരിച്ചു.

[39] അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിക്കുമ്പോൾ അദ്ദേഹത്തിനു നൂറ്റിഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്നു.

[40] കനാൻ ദേശത്തിനു തെക്കു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് ഇസ്രായേല്യർ വരുന്നു എന്നു കേട്ടു.

[41] ഇസ്രായേല്യർ ഹോർ പർവതത്തിൽനിന്ന് പുറപ്പെട്ട് സല്മോനയിൽ പാളയമടിച്ചു.

[42] അവർ സല്മോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമടിച്ചു.

[43] അവർ പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു.

[44] അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമടിച്ചു.

[45] അവർ ഇയ്യീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ പാളയമടിച്ചു.

[46] അവർ ദീബോൻ-ഗാദിൽനിന്ന് പുറപ്പെട്ട് അല്മോൻ-ദിബ്ലാഥയീമിൽ പാളയമടിച്ചു.

[47] അവർ അല്മോൻ-ദിബ്ലാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിനുസമീപം അബാരീം പർവതങ്ങളിൽ പാളയമടിച്ചു.

[48] അവർ അബാരീം പർവതങ്ങളിൽനിന്ന് പുറപ്പെട്ടു യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബ് സമതലങ്ങളിൽ പാളയമടിച്ചു.

[49] അവിടെ മോവാബ് സമതലത്തിൽ യോർദാന്റെ തീരത്ത് ബേത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ അവർ പാളയമടിച്ചു.

[50] യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് അരുളിച്ചെയ്തു:

[51] “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങൾ യോർദാൻ കടന്ന് കനാനിലേക്കു പോകുമ്പോൾ,

[52] നിങ്ങളുടെമുമ്പിലുള്ള ദേശത്തിലെ സകലനിവാസികളെയും ഓടിച്ചുകളയണം. അവരുടെ വിഗ്രഹങ്ങളെയും പ്രതിമകളെയും നശിപ്പിച്ച് അവർ യാഗമർപ്പിച്ചുവരുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഇടിച്ചുകളയണം.

[53] ദേശം കൈവശമാക്കി അതിൽ പാർക്കുക. കാരണം നിങ്ങൾക്കു കൈവശമാക്കാനായി ദേശം ഞാൻ തന്നിരിക്കുന്നു.

[54] നിങ്ങൾ കുടുംബങ്ങളായി നറുക്കിട്ട് ആ ദേശം കൈവശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയഗോത്രത്തിനു ചെറിയ അവകാശവും നൽകണം. നറുക്കുവീഴുന്നതിലൂടെ ലഭിക്കുന്ന ദേശം ഏതുതന്നെയായാലും അത് അവർക്കുള്ളതായിരിക്കും. നിങ്ങളുടെ പിതൃഗോത്രമനുസരിച്ച് നിങ്ങൾ ദേശം അവകാശമാക്കണം.

[55] “ ‘എന്നാൽ ദേശത്തിലെ നിവാസികളെ നിങ്ങൾ ഓടിക്കുന്നില്ലെങ്കിൽ, ദേശത്തു തങ്ങാൻ നിങ്ങൾ അനുവദിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്കു ചൂണ്ടയും പാർശ്വങ്ങൾക്കു മുള്ളും ആയിരിക്കും. നിങ്ങൾ ജീവിക്കുന്ന ദേശത്ത് അവർ നിങ്ങളെ ഉപദ്രവിക്കും.

[56] അതുമാത്രമല്ല, ഞാൻ അവരോടു ചെയ്യാൻ വിചാരിച്ചതു നിങ്ങളോടു ചെയ്യും.’ ”

സംഖ്യാപുസ്തകം — Chapters