Skip to content
Opens in a new window
Listen to this chapter • 6:56

[1] ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരെ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗ”ക്കാരായ സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു.

[3] അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്ത് എത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി.

[4] അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു.

[5] “അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു. “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു,

[6] “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.”

[7] ശൗലിനോടുകൂടെ യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല.

[8] ശൗൽ നിലത്തുനിന്നെഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി.

[9] മൂന്നുദിവസം അയാൾ അന്ധനായിരുന്നു, ആ ദിവസങ്ങളിൽ അയാൾ ഭക്ഷണപാനീയങ്ങൾ കഴിച്ചില്ല.

[10] ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു.

[11] കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽ ചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.

[12] അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈവെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്ന് പറഞ്ഞു.

[13] അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തു എന്ന് ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു.

[14] അവിടത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരെയും പിടികൂടാൻ പുരോഹിതമുഖ്യന്മാരിൽനിന്നുള്ള അധികാരവുമായിട്ടാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്” എന്ന് പറഞ്ഞു.

[15] എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണ് അയാൾ.

[16] എന്റെ നാമത്തിനുവേണ്ടി അയാൾ എത്രയധികം കഷ്ടം സഹിക്കാനിരിക്കയാണെന്ന് ഞാൻ അയാൾക്കു കാണിച്ചുകൊടുക്കും,” എന്ന് കർത്താവ് അനന്യാസിനോട് അരുളിച്ചെയ്തു.

[17] അപ്പോൾ അനന്യാസ് ആ വീട്ടിലേക്ക് പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.

[18] തൽക്ഷണം ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്ന് വീണു; അയാൾക്ക് വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും

[19] ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയുംചെയ്തു. ശൗൽ ദമസ്കോസിലെ ശിഷ്യന്മാരോടൊപ്പം കുറെ ദിവസങ്ങൾ ചെലവഴിച്ചു.

[20] ഏറെ താമസിക്കാതെ യേശു ദൈവപുത്രൻതന്നെ എന്ന് അദ്ദേഹം യെഹൂദപ്പള്ളികളിൽ പ്രസംഗിച്ചുതുടങ്ങി.

[21] അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടവരെല്ലാം അത്ഭുതപ്പെട്ട്, “ജെറുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം വരുത്തിയ മനുഷ്യൻ ഇയാളല്ലേ? ഇയാൾ ഇവിടെ വന്നിരിക്കുന്നതുപോലും അവരെ ബന്ധിച്ചു പുരോഹിതമുഖ്യന്മാരുടെ അടുക്കൽ കൊണ്ടുപോകുന്നതിനുവേണ്ടിയല്ലേ?” എന്ന് ചോദിച്ചു.

[22] എന്നാൽ ശൗൽ അധികമധികം ശക്തനായി, യേശുതന്നെ ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമസ്കോസിൽ താമസിക്കുന്ന യെഹൂദന്മാരെ പ്രതിവാദമില്ലാത്തവരാക്കി.

[23] കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ ശൗലിനെ വധിക്കാൻ ഗൂഢാലോചന നടത്തി.

[24] അദ്ദേഹത്തെ വധിക്കാൻ അവർ രാവും പകലും നഗരകവാടങ്ങളിൽ കാവൽ നിർത്തി; ശൗലിന് അവരുടെ പദ്ധതി മനസ്സിലായി.

[25] എന്നാൽ, രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിലിനു മുകളിലൂടെ പട്ടണത്തിനു പുറത്തേക്ക് ഇറക്കിവിട്ടു.

[26] ജെറുശലേമിൽ എത്തിയ ശൗൽ ക്രിസ്തുശിഷ്യന്മാരോടു ചേരാൻ ശ്രമിച്ചു. എന്നാൽ, ശൗൽ ഒരു യഥാർഥ ശിഷ്യനാണെന്ന് വിശ്വസിക്കാനാകാതെ അവർ അദ്ദേഹത്തെ ഭയപ്പെട്ടു.

[27] ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. ശൗൽ യാത്രയ്ക്കിടയിൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവർക്ക് വിശദമാക്കി.

[28] അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു.

[29] ഗ്രീക്കുഭാഷികളായ യെഹൂദരോട് അദ്ദേഹം സംസാരിക്കുകയും വാദപ്രതിവാദം നടത്തുകയുംചെയ്തു. എന്നാൽ അവർ, അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

[30] സഹോദരന്മാർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൈസര്യവരെ കൊണ്ടുപോയി അവിടെനിന്ന് തർസൊസിലേക്ക് യാത്രയാക്കുകയുംചെയ്തു.

[31] കർത്തൃഭയത്തിൽ നിലകൊണ്ട സഭ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ സമാധാനം അനുഭവിച്ച് അഭിവൃദ്ധിനേടിക്കൊണ്ടിരുന്നു എന്നുമാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രോത്സാഹനത്താൽ എണ്ണത്തിലും വർധിച്ചുകൊണ്ടിരുന്നു.

[32] പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻ പോയി.

[33] അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു.

[34] പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീതന്നെ വിരിക്കുക” എന്ന് പറഞ്ഞു. തൽക്ഷണം ഐനെയാസ് എഴുന്നേറ്റു.

[35] ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു.

[36] യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്, അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു.

[37] ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി.

[38] ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു.

[39] പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെചുറ്റുംനിന്നു വിലപിച്ചു.

[40] പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്ന് പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു.

[41] അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു.

[42] യോപ്പയിലെല്ലായിടത്തും ഇത് പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു.

[43] യോപ്പയിൽ ശിമോൻ എന്നു പേരുള്ള ഒരു തുകൽപ്പണിക്കാരനോടുകൂടെ പത്രോസ് കുറെനാൾ താമസിച്ചു.

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ — Chapters