[1] “സഹോദരന്മാരേ, പിതാക്കന്മാരേ, എന്റെ പ്രതിവാദം കേൾക്കുക.”
[2] പൗലോസ് എബ്രായരുടെ ഭാഷയിൽ അവരെ അഭിസംബോധന ചെയ്തതു കേട്ടപ്പോൾ ജനം വളരെ ശാന്തരായി. അദ്ദേഹം ഇങ്ങനെ തുടർന്നു:
[3] “കിലിക്യാപ്രവിശ്യയിൽ തർസൊസിൽ ജനിച്ച ഒരു യെഹൂദനാണു ഞാൻ. എന്നാൽ, വളർന്നത് ഈ നഗരത്തിലാണ്. ഗമാലിയേലിന്റെ കീഴിൽ നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം സംബന്ധിച്ച് എനിക്ക് സമഗ്രമായ ശിക്ഷണം ലഭിച്ചു. ഇന്നു നിങ്ങളിൽ ഏതൊരാളും ആയിരിക്കുന്നതുപോലെതന്നെ ഞാനും ദൈവത്തിനുവേണ്ടി വളരെ തീക്ഷ്ണതയുള്ളവനായിരുന്നു.
[4] ക്രിസ്തുമാർഗത്തെ നശിപ്പിച്ച് ഇല്ലാതെയാക്കാനായി ഞാൻ സ്ത്രീപുരുഷവ്യത്യാസംകൂടാതെ എല്ലാവരെയും പിടികൂടി കാരാഗൃഹത്തിലടയ്ക്കുകയും അവർ മരിച്ചാലും സാരമില്ല എന്ന മനോഭാവത്തോടെ പീഡിപ്പിക്കുകയുംചെയ്തു.
[5] ഇതിനെല്ലാം മഹാപുരോഹിതനും ന്യായാധിപസമിതിയിലെ എല്ലാവരും സാക്ഷികളാണ്. ദമസ്കോസിലുള്ള അവരുടെ സഹോദരന്മാരുടെപേർക്ക് അവരിൽനിന്ന് അധികാരപത്രങ്ങളും വാങ്ങി, അവിടെനിന്ന് ഈ മാർഗക്കാരെ തടവുകാരാക്കി ജെറുശലേമിൽ കൊണ്ടുവന്ന് ശിക്ഷിക്കാനായി ഞാൻ അവിടേക്കു പോയി.
[6] “അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി.
[7] ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരു അശരീരി ഞാൻ കേട്ടു.
[8] “ ‘അങ്ങ് ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശുവാണു ഞാൻ’ അവിടന്ന് ഉത്തരം പറഞ്ഞു.
[9] എന്റെ കൂടെയുള്ളവർ പ്രകാശം കണ്ടുവെങ്കിലും എന്നോടു സംസാരിച്ചയാളിന്റെ ശബ്ദം കേട്ടില്ല.
[10] “ ‘കർത്താവേ, ഞാൻ എന്തു ചെയ്യണം’ എന്ന് ചോദിച്ചു. “അതിനു കർത്താവ് എന്നോട്, ‘എഴുന്നേറ്റു ദമസ്കോസിലേക്കു പോകുക, നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ചു നിന്നോടു പറയും’ എന്ന് പറഞ്ഞു.
[11] ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി.
[12] “അനന്യാസ് എന്നു പേരുള്ള ഒരാൾ എന്നെ കാണാനെത്തി. അദ്ദേഹം ഭക്തിയോടെ ന്യായപ്രമാണം പാലിക്കുന്നവനും ആ സ്ഥലത്തു താമസിച്ചിരുന്ന എല്ലാ യെഹൂദരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു.
[13] അദ്ദേഹം എന്റെ അടുക്കൽനിന്നുകൊണ്ട്, ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്ന് പറഞ്ഞു. തൽക്ഷണം എനിക്ക് കാഴ്ച ലഭിച്ചു, അദ്ദേഹത്തെ കാണാൻ കഴിഞ്ഞു.
[14] “പിന്നെ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പൂർവപിതാക്കന്മാരുടെ ദൈവം, അവിടത്തെ അഭീഷ്ടം അറിയാനും നീതിമാനായവനെ ദർശിക്കാനും തിരുവായിൽനിന്നുള്ള വചനങ്ങൾ കേൾക്കാനും നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.
[15] നീ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച്, നീ സകലമനുഷ്യർക്കും മുമ്പാകെ അവിടത്തെ സാക്ഷിയായിത്തീരും.
[16] ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക, തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’
[17] “ഞാൻ ജെറുശലേമിൽ തിരിച്ചെത്തി ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മവിവശതയിലായി; എന്നോടു സംസാരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു.
[18] അവിടന്ന് എന്നോട്: ‘നീ ഉടൻതന്നെ ജെറുശലേം വിട്ടുപോകുക; എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവർ അംഗീകരിക്കുകയില്ല’ എന്ന് പറഞ്ഞു.
[19] “അതിനു ഞാൻ, ‘കർത്താവേ, ഞാൻ യെഹൂദപ്പള്ളികൾതോറും ചെന്ന്, അങ്ങയിൽ വിശ്വസിക്കുന്നവരെ തടവിലാക്കുകയും അടിക്കുകയുംചെയ്തുവെന്ന് ഇവർക്കു നന്നായി അറിയാം.
[20] അങ്ങേക്കുവേണ്ടി രക്തസാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിയുന്ന സമയത്ത്, ഞാൻ അതിന് അനുമതി നൽകിക്കൊണ്ട് അദ്ദേഹത്തെ കല്ലെറിയുന്നവരുടെ വസ്ത്രം സൂക്ഷിച്ചുകൊണ്ട് അവിടെ നിൽക്കുകയായിരുന്നു’ എന്നു മറുപടി പറഞ്ഞു.
[21] “കർത്താവ് എന്നോട്, ‘നീ പോകുക, ഞാൻ നിന്നെ ദൂരെ യെഹൂദേതരരുടെ അടുത്തേക്ക് അയയ്ക്കും’ എന്ന് അരുളിച്ചെയ്തു.”
[22] ഇതു പറയുന്നതുവരെ ജനക്കൂട്ടം പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ, അവർ അത്യുച്ചത്തിൽ, “ഇവനെ ഭൂമിയിൽനിന്നു നീക്കിക്കളയുക, ഇവൻ ജീവിച്ചിരിക്കാൻ യോഗ്യനല്ല” എന്നു വിളിച്ചുപറഞ്ഞു.
[23] അവർ ഒച്ചപ്പാടുണ്ടാക്കുകയും പുറങ്കുപ്പായം ഊരി എറിഞ്ഞുകളയുകയും പൂഴി വാരി മേൽപ്പോട്ടെറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ,
[24] സൈന്യാധിപൻ പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ ആജ്ഞാപിച്ചു. ജനങ്ങൾ അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് ഇങ്ങനെ വിളിച്ചുകൂവുന്നു എന്നു കണ്ടുപിടിക്കുന്നതിന് അദ്ദേഹത്തെ ചമ്മട്ടികൊണ്ട് അടിച്ച് ചോദ്യംചെയ്യാൻ സൈന്യാധിപൻ ഉത്തരവിട്ടു.
[25] സൈനികർ അദ്ദേഹത്തെ അടിക്കാൻ പിടിച്ചുകെട്ടുമ്പോൾ, പൗലോസ് അടുത്തുനിന്നിരുന്ന ശതാധിപനോട്, “ഒരു റോമൻ പൗരനെ, കുറ്റവാളിയെന്നു തെളിയിക്കാതെ, അടിക്കുന്നതു നിയമാനുസൃതമോ?” എന്ന് ചോദിച്ചു.
[26] ശതാധിപൻ ഇത് കേട്ടിട്ട് സൈന്യാധിപന്റെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. “അങ്ങെന്താണ് ഈ ചെയ്യാൻപോകുന്നത്? ഇയാൾ ഒരു റോമൻ പൗരനാണ്,” ശതാധിപൻ സൈന്യാധിപനോടു പറഞ്ഞു.
[27] സൈന്യാധിപൻ പൗലോസിന്റെ അടുത്തെത്തി. “പറയൂ, താങ്കൾ ഒരു റോമൻ പൗരനോ” എന്ന് ചോദിച്ചു. “അതേ, ഞാൻ റോമൻ പൗരനാണ്,” പൗലോസ് മറുപടി പറഞ്ഞു.
[28] “ഞാൻ ഈ പൗരത്വം സമ്പാദിച്ചിരിക്കുന്നത് വലിയൊരു വിലകൊടുത്തിട്ടാണ്,” എന്നു സൈന്യാധിപൻ പറഞ്ഞു. അതിനു മറുപടിയായി പൗലോസ്, “എന്നാൽ ഞാനോ, ഒരു റോമൻ പൗരനായി ജനിച്ചവനാണ്,” എന്ന് പറഞ്ഞു.
[29] അദ്ദേഹത്തെ ചോദ്യംചെയ്യാൻ ഭാവിച്ചവർ ഉടൻതന്നെ പിൻവാങ്ങി. പൗലോസ് എന്ന റോമൻ പൗരനെയാണ് താൻ ചങ്ങലകളാൽ ബന്ധിച്ചതെന്നു മനസ്സിലാക്കിയ സൈന്യാധിപൻ പരിഭ്രാന്തനായിത്തീർന്നു.
[30] യെഹൂദർ പൗലോസിന്റെമേൽ ചുമത്തുന്ന കുറ്റത്തെക്കുറിച്ചു സൂക്ഷ്മമായി മനസ്സിലാക്കാൻ ആഗ്രഹിച്ചുകൊണ്ട്, സൈന്യാധിപൻ പിറ്റേന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കിയശേഷം പുരോഹിതമുഖ്യന്മാരും ന്യായാധിപസമിതിയും കൂടിവരാൻ ആജ്ഞാപിച്ചു. പിന്നീട് അയാൾ പൗലോസിനെ കൊണ്ടുവന്ന് അവരുടെ മുമ്പിൽ നിർത്തി.