Skip to content
Opens in a new window
Listen to this chapter • 5:19

[1] അധികാരം ഏറ്റു മൂന്നുദിവസം കഴിഞ്ഞപ്പോൾ ഫെസ്തൊസ് കൈസര്യയിൽനിന്നു ജെറുശലേമിലേക്കു യാത്രയായി.

[2] അവിടെ പുരോഹിതമുഖ്യന്മാരും യെഹൂദനേതാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ ഹാജരായി പൗലോസിനെതിരെയുള്ള ആരോപണങ്ങൾ അവതരിപ്പിച്ചു.

[3] തങ്ങൾക്കുള്ള ഒരു ആനുകൂല്യമെന്നനിലയിൽ പൗലോസിനെ ജെറുശലേമിലേക്കു വരുത്താൻ ദയവുണ്ടാകണമെന്ന് അവർ നിർബന്ധപൂർവം അപേക്ഷിച്ചു. അദ്ദേഹത്തെ വഴിക്കുവെച്ച് കൊന്നുകളയാൻ അവർ ഒരു പതിയിരിപ്പിനു വട്ടംകൂട്ടുന്നുണ്ടായിരുന്നു.

[4] ഫെസ്തൊസ് അവരോട്: “പൗലോസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഞാൻ ഉടനെതന്നെ അവിടേക്കു പോകുന്നുണ്ട്.

[5] നിങ്ങളുടെ നേതാക്കന്മാരിൽ ചിലർക്ക് എന്റെകൂടെ വന്ന് അവിടെവെച്ച് അയാൾക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്” എന്നു മറുപടി പറഞ്ഞു.

[6] അവരോടുകൂടെ എട്ടുപത്തു ദിവസം താമസിച്ചശേഷം അയാൾ കൈസര്യയിലേക്കു യാത്രയായി; പിറ്റേദിവസം അയാൾ കോടതി വിളിച്ചുകൂട്ടി പൗലോസിനെ തന്റെ മുമ്പിൽ ഹാജരാക്കാൻ ആജ്ഞാപിച്ചു.

[7] പൗലോസ് ഹാജരായപ്പോൾ, ജെറുശലേമിൽനിന്നു വന്നിരുന്ന യെഹൂദർ അദ്ദേഹത്തിനുചുറ്റും നിന്നുകൊണ്ട് ഗുരുതരമായ അനവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉന്നയിച്ചു; എന്നാൽ, അവ തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.

[8] പൗലോസ് തന്റെ പ്രതിവാദത്തിൽ, “ഞാൻ യെഹൂദരുടെ ന്യായപ്രമാണത്തിനും ദൈവാലയത്തിനും വിപരീതമായോ കൈസർക്കു വിരോധമായോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പ്രസ്താവിച്ചു.

[9] യെഹൂദർക്ക് ഒരു ആനുകൂല്യം ചെയ്തുകൊടുക്കണമെന്ന ആഗ്രഹത്തോടെ ഫെസ്തൊസ് പൗലോസിനോട്, “നിങ്ങൾക്ക് ജെറുശലേമിൽ പോയി അവിടെ എന്റെ മുമ്പാകെ ഈ ആരോപണങ്ങൾ സംബന്ധിച്ച് വിസ്തരിക്കപ്പെടാൻ സമ്മതമാണോ?” എന്ന് ചോദിച്ചു.

[10] അതിനു പൗലോസ്: “ഞാൻ ഇപ്പോൾ കൈസറുടെ കോടതിയുടെ മുമ്പാകെ നിൽക്കുന്നു, അവിടെയാണ് എന്നെ വിസ്തരിക്കേണ്ടത്. അങ്ങേക്കുതന്നെ നന്നായി അറിയാവുന്നതുപോലെ ഞാൻ യെഹൂദരോട് ഒരുതെറ്റും ചെയ്തിട്ടില്ല.

[11] മരണത്തിന് അർഹമായ എന്തെങ്കിലും കുറ്റം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, മരണശിക്ഷ ഏൽക്കുന്നതിന് എനിക്ക് ഒരു വിസമ്മതവുമില്ല. എന്നാൽ, എനിക്കു വിരോധമായി ഈ യെഹൂദന്മാർ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾ സത്യമല്ലെങ്കിൽ, എന്നെ അവരുടെ കയ്യിൽ ഏൽപ്പിച്ചുകൊടുക്കാൻ ആർക്കും അവകാശമില്ല. കൈസറുടെ മുമ്പാകെ ഉപരിവിചാരണയ്ക് ഞാൻ അപേക്ഷിക്കുന്നു!” എന്നു മറുപടി പറഞ്ഞു.

[12] അപ്പോൾ ഫെസ്തൊസ് തന്റെ ഉപദേശകസമിതിയുമായി കൂടിയാലോചന നടത്തിയിട്ട്, “കൈസറുടെ മുമ്പാകെ ഉപരിവിചാരണയ്ക് അപേക്ഷിച്ചിരിക്കുന്ന നിങ്ങൾ കൈസറുടെ അടുത്തേക്കുതന്നെ പോകും” എന്നു പ്രഖ്യാപിച്ചു.

[13] ഏതാനും ദിവസം കഴിഞ്ഞപ്പോൾ അഗ്രിപ്പാരാജാവും ബർന്നീക്കയുംകൂടി ഫെസ്തൊസിന് അഭിവാദനം അർപ്പിക്കാൻ കൈസര്യയിൽ എത്തി.

[14] അവർ കുറെയധികം ദിവസങ്ങൾ അവിടെ ചെലവഴിച്ചതിനാൽ ഫെസ്തൊസ് പൗലോസിന്റെ കേസ് അഗ്രിപ്പാരാജാവുമായി ചർച്ചചെയ്തു. ഫെസ്തൊസ് ഇങ്ങനെ പറഞ്ഞു: “ഫേലിക്സ് വിചാരണത്തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യൻ ഇവിടെയുണ്ട്.

[15] ഞാൻ ജെറുശലേമിൽ ചെന്നപ്പോൾ, പുരോഹിതമുഖ്യന്മാരും യെഹൂദമതത്തിലെ ചില നേതാക്കന്മാരും അയാൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അയാളെ ശിക്ഷയ്ക്കു വിധിക്കണമെന്ന് അപേക്ഷിക്കുകയുംചെയ്തു.

[16] “എന്നാൽ, തനിക്കെതിരെ ആരോപണം നടത്തുന്നവരെ മുഖാമുഖം കണ്ട് അവരുടെ ആരോപണങ്ങൾക്ക് പ്രതിവാദം നടത്താൻ അവസരം ലഭിക്കുന്നതിനുമുമ്പ് ഒരു മനുഷ്യനെ ശിക്ഷിക്കാൻ ഏൽപ്പിച്ചുകൊടുക്കുന്നത് റോമാക്കാരുടെ സമ്പ്രദായമല്ല എന്നു ഞാൻ അവരോടു പറഞ്ഞു.

[17] അവർ എന്നോടുകൂടെ ഇവിടെയെത്തിയപ്പോൾ ഞാൻ കേസ് വൈകിക്കാതെ പിറ്റേന്നുതന്നേ കോടതി വിളിച്ചുകൂട്ടുകയും ആ മനുഷ്യനെ കൊണ്ടുവരാൻ കൽപ്പിക്കുകയുംചെയ്തു.

[18] എന്നാൽ വാദികൾ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ, ഞാൻ കരുതിയിരുന്നതുപോലുള്ള ഒരു കുറ്റവും അവർ അയാളുടെമേൽ ആരോപിച്ചില്ല.

[19] പകരം അവരുടെ മതത്തെയും, മരിച്ചുപോയവനെങ്കിലും ജീവിച്ചിരിക്കുന്നെന്ന് പൗലോസ് അവകാശപ്പെടുന്ന യേശു എന്ന മനുഷ്യനെയും സംബന്ധിച്ചുള്ള ചില തർക്കങ്ങൾമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.

[20] ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്തേണ്ടതെങ്ങനെയെന്ന് എനിക്കറിവില്ലായിരുന്നതിനാൽ ഞാൻ അയാളോടു ജെറുശലേമിലേക്കു പോകാനും അവിടെ ഈ ആരോപണങ്ങൾ സംബന്ധിച്ച് വിസ്തരിക്കപ്പെടാനും ഒരുക്കമാണോ എന്ന് ചോദിച്ചു.

[21] എന്നാൽ ചക്രവർത്തിയുടെ വിധിനിർണയത്തിനായി തന്നെ തടവിൽ സൂക്ഷിക്കണമെന്ന് പൗലോസ് അപേക്ഷിക്കയാൽ, കൈസറുടെ അടുത്തേക്ക് അയയ്ക്കാൻ കഴിയുന്നതുവരെ, അയാളെ തടവിൽ വെക്കാൻ ഞാൻ ആജ്ഞ കൊടുത്തു.”

[22] പിന്നീട് അഗ്രിപ്പാ ഫെസ്തൊസിനോട്, “എനിക്ക് ആ മനുഷ്യന്റെ വാക്കുകൾ നേരിട്ടു കേൾക്കാൻ താൽപ്പര്യമുണ്ട്.” എന്ന് പറഞ്ഞു. “അയാൾക്കു പറയാനുള്ളത് നാളെ അങ്ങേക്കു കേൾക്കാം,” ഫെസ്തൊസ് മറുപടി പറഞ്ഞു.

[23] പിറ്റേന്ന് അഗ്രിപ്പാവും ബർന്നീക്കയും സൈന്യാധിപന്മാരോടും നഗരത്തിലെ പ്രമുഖന്മാരോടുംകൂടെ, ആഡംബരപൂർവം സമ്മേളനമുറിയിലേക്കു പ്രവേശിച്ചു. ഫെസ്തൊസിന്റെ ആജ്ഞപ്രകാരം പൗലോസിനെ അകത്തേക്കു കൊണ്ടുവന്നു.

[24] തുടർന്ന് ഫെസ്തൊസ് ഇങ്ങനെ പ്രസ്താവിച്ചു: “അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം സന്നിഹിതരായിരിക്കുന്നവരേ, നിങ്ങൾ ഈ മനുഷ്യനെ കാണുന്നല്ലോ! യെഹൂദസമൂഹം ഒന്നടങ്കം ജെറുശലേമിലും ഇവിടെ കൈസര്യയിലും ഇയാളെക്കുറിച്ചാണ് എന്നോടു പരാതിപ്പെടുകയും ഇയാൾ ഒരു നിമിഷംപോലും ജീവിച്ചിരുന്നുകൂടാ എന്ന് ഒച്ചപ്പാടുണ്ടാക്കുകയുംചെയ്തത്.

[25] മരണത്തിന് അർഹമായതൊന്നും ഇയാൾ ചെയ്തിട്ടില്ല എന്നു ഞാൻ മനസ്സിലാക്കി; എന്നാൽ ഇയാൾ ചക്രവർത്തിക്കുമുമ്പിൽ മേൽവിചാരണയ്ക് അപേക്ഷിച്ചിരിക്കയാൽ ഇയാളെ റോമിലേക്കയയ്ക്കാൻ ഞാൻ തീരുമാനിച്ചു.

[26] എങ്കിലും ഇയാളെക്കുറിച്ചു ചക്രവർത്തിതിരുമനസ്സിലേക്ക് എഴുതാൻ വ്യക്തമായ കാര്യമൊന്നും ഞാൻ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ, വിശിഷ്യ, അഗ്രിപ്പാരാജാവേ, അങ്ങയുടെ മുമ്പാകെ കൊണ്ടുവന്നിരിക്കുകയാണ്; ഈ വിചാരണയുടെ ഫലമായി എഴുതാനുള്ള വക ലഭിക്കുമെന്നാണെന്റെ പ്രതീക്ഷ.

[27] ആരോപണങ്ങൾ വ്യക്തമാക്കാതെ തടവുകാരനെ അയയ്ക്കുന്നതു യുക്തമല്ല എന്നു ഞാൻ കരുതുന്നു.”

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ — Chapters