[1] യെഹൂദ്യയിൽനിന്നു ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു.
[2] ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു.
[3] സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്തുകൊണ്ട് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്ക് തിരിഞ്ഞതിനെക്കുറിച്ച് വിവരിച്ചു; സഹോദരങ്ങൾ ഇതുകേട്ട് വളരെ ആനന്ദിച്ചു.
[4] അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു.
[5] അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു.
[6] ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി.
[7] സുദീർഘമായ ചർച്ചയ്ക്കു ശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ!
[8] ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചുവെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
[9] ദൈവം നമുക്കും അവർക്കും തമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ.
[10] അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു?
[11] കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്ന് നാം വിശ്വസിക്കുന്നു.”
[12] ബർന്നബാസും പൗലോസും, തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു.
[13] അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക.
[14] ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ.
[15] പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു:
[16] “ ‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയുംചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും;
[17] മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന
[18] കർത്താവ് അരുളിച്ചെയ്യുന്നു.’
[19] “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം.
[20] വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം.
[21] മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”
[22] അപ്പോൾത്തന്നെ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും സഭ മുഴുവനും ചേർന്ന് തങ്ങളുടെ കൂട്ടത്തിലുള്ള ചിലരെ തെരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യോക്യയിലേക്ക് അയയ്ക്കണമെന്നു നിശ്ചയിച്ചു. സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്നവരായ ബർശബാസ് എന്നു വിളിക്കുന്ന യൂദായെയും ശീലാസിനെയും അവർ തെരഞ്ഞെടുത്തു.
[23] അവരുടെ കയ്യിൽ കൊടുത്തയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ, അന്ത്യോക്യാനഗരത്തിലും, സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലുമുള്ള യെഹൂദേതരരായ വിശ്വാസികൾക്ക് എഴുതുന്നത്: നിങ്ങൾക്കെല്ലാവർക്കും വന്ദനം!
[24] ഞങ്ങൾ അധികാരപ്പെടുത്താതെ, ചിലർ ഞങ്ങളുടെയിടയിൽനിന്നു വന്നു നിങ്ങളെ ശല്യപ്പെടുത്തുകയും അവരുടെ വാക്കുകളാൽ നിങ്ങളുടെ മനസ്സുകൾ അസ്വസ്ഥമാക്കുകയും ചെയ്തുവെന്നു ഞങ്ങൾ കേട്ടു.
[25] അതുകൊണ്ടു ചിലരെ തെരഞ്ഞെടുത്ത്, നമ്മുടെ പ്രിയസ്നേഹിതരായ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കണമെന്നു ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചു.
[26] അവർ ഇരുവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി സ്വന്തം ജീവൻപോലും പണയപ്പെടുത്തിയവരാണല്ലോ.
[27] ആകയാൽ, ഞങ്ങൾ എഴുതി അയയ്ക്കുന്ന അതേകാര്യങ്ങൾ യൂദായുടെയും ശീലാസിന്റെയും വാമൊഴിയാലും കേട്ട് ഉറപ്പുവരുത്തുന്നതിന് ബർന്നബാസിന്റെയും പൗലോസിന്റെയും കൂടെ അവരെയും അയയ്ക്കുന്നു.
[28] താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു:
[29] വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് നല്ലത്. നിങ്ങൾക്കു ശുഭാശംസകൾ!
[30] അങ്ങനെ അവർ വിടവാങ്ങി, അന്ത്യോക്യയിലെത്തി; സഭയെ കൂട്ടിവരുത്തി കത്ത് കൊടുത്തു.
[31] ജനങ്ങൾ അത് വായിച്ച് അതിലെ പ്രോത്സാഹജനകമായ സന്ദേശംനിമിത്തം ആനന്ദിച്ചു.
[32] പ്രവാചകന്മാർ ആയിരുന്ന യൂദായും ശീലാസും അനേകം വചനങ്ങളാൽ സഹോദരങ്ങളെ പ്രബോധിപ്പിക്കുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയുംചെയ്തു.
[33] കുറെക്കാലംകൂടി അവിടെ താമസിച്ചശേഷം, തങ്ങളെ അയച്ച ജെറുശലേമിലെ സഹോദരങ്ങളുടെ അടുത്തേക്ക് സമാധാനാശംസയോടെ സഹോദരന്മാർ അവരെ തിരികെ അയച്ചു.
[34] എന്നാൽ, പൗലോസും ബർന്നബാസും അന്ത്യോക്യയിൽത്തന്നെ തുടർന്നു. അവിടെ അവരും അവരോടൊപ്പം മറ്റുപലരും കർത്താവിന്റെ വചനം പഠിപ്പിക്കുകയും പ്രസംഗിക്കുകയുംചെയ്തുപോന്നു.
[36] കുറെ നാളുകൾക്കുശേഷം പൗലോസ് ബർന്നബാസിനോട്, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങളിലെല്ലാം മടങ്ങിച്ചെന്നു സഹോദരങ്ങളെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയുംചെയ്യാം” എന്നു പറഞ്ഞു.
[37] മർക്കോസ് എന്നും പേരുള്ള യോഹന്നാനെയുംകൂടി തങ്ങളുടെകൂടെ കൊണ്ടുപോകണമെന്നു ബർന്നബാസ് ആഗ്രഹിച്ചു.
[38] എന്നാൽ, പ്രവർത്തനത്തിൽ തുടർന്നു പങ്കെടുക്കാതെ പംഫുല്യയിൽവെച്ച് അവരെ ഉപേക്ഷിച്ചുപോയ ഒരാളെ കൂടെക്കൊണ്ടുപോകുന്നത് ഉചിതമല്ല എന്ന് പൗലോസ് അഭിപ്രായപ്പെട്ടു.
[39] അവർതമ്മിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടായിട്ട് പരസ്പരം വേർപിരിഞ്ഞു. ബർന്നബാസ് മർക്കോസിനെയും കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പലിൽ യാത്രയായി,
[40] എന്നാൽ പൗലോസ്, സഹോദരങ്ങളാൽ കർത്താവിന്റെ കൃപയിൽ ഭരമേൽപ്പിക്കപ്പെട്ട് ശീലാസിനെയുംകൂട്ടി യാത്രയായി.
[41] അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു.