[1] പൗലോസ് ന്യായാധിപസമിതിയെ ഉറ്റുനോക്കിക്കൊണ്ട്, “സഹോദരന്മാരേ, ഇന്നുവരെ ഞാൻ നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിനുമുമ്പാകെ ജീവിച്ചു…”
[2] അപ്പോൾ മഹാപുരോഹിതനായ അനന്യാസ് പൗലോസിന്റെ അടുത്തുനിൽക്കുന്നവരോട്, അദ്ദേഹത്തിന്റെ മുഖത്ത് അടിക്കാൻ ആജ്ഞാപിച്ചു.
[3] അതിന് പൗലോസ്, “വെള്ളപൂശിയ ചുവരേ, ദൈവം നിന്നെ അടിക്കും. ന്യായപ്രമാണമനുസരിച്ച് എന്നെ വിസ്തരിക്കാൻ നീ അവിടെ ഇരിക്കുന്നു; എന്നാൽ, എന്നെ അടിക്കാൻ കൽപ്പിക്കുന്നതിലൂടെ നീ ന്യായപ്രമാണം ലംഘിക്കുന്നു” എന്ന് പറഞ്ഞു.
[4] പൗലോസിന്റെ അടുത്തുനിന്നവർ അദ്ദേഹത്തോട്, “നീ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നോ?” എന്ന് ചോദിച്ചു.
[5] “സഹോദരന്മാരേ, മഹാപുരോഹിതനാണ് ഇദ്ദേഹം എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ നീ ദുഷിക്കരുത്’ എന്നെഴുതിയിട്ടുണ്ടല്ലോ,” എന്നു പൗലോസ് മറുപടി പറഞ്ഞു.
[6] ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു.
[7] അദ്ദേഹം ഇത് പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ജനക്കൂട്ടം ചേരിതിരിഞ്ഞു.
[8] പുനരുത്ഥാനം ഇല്ല, ദൈവദൂതരും ആത്മാക്കളും ഇല്ല എന്നു സദൂക്യർ പറയുന്നു, എന്നാൽ പരീശർ ഇവയിലെല്ലാം വിശ്വസിക്കുന്നു.
[9] അപ്പോൾ വലിയ കോലാഹലമായി. പരീശന്മാരുടെ കൂട്ടത്തിലെ ചില വേദജ്ഞർ എഴുന്നേറ്റുനിന്നു വാദിച്ചുകൊണ്ട്, “ഞങ്ങൾ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ, ഒരു ദൂതനോ അയാളോടു സംസാരിച്ചുവെന്നു വരാമല്ലോ!” അവർ പറഞ്ഞു.
[10] അവരുടെ തർക്കം അക്രമാസക്തമായപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളഞ്ഞേക്കുമെന്നു സൈന്യാധിപൻ ഭയപ്പെട്ടു. അയാൾ സൈന്യത്തോട് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു ബലം പ്രയോഗിച്ച് അദ്ദേഹത്തെപ്പിടിച്ചു സൈനികത്താവളത്തിലെത്തിക്കാൻ ആജ്ഞാപിച്ചു.
[11] ആ രാത്രിയിൽ കർത്താവ് പൗലോസിന്റെ അടുക്കൽനിന്നുകൊണ്ട്, “ധൈര്യമായിരിക്ക, ജെറുശലേമിൽ നീ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചതുപോലെതന്നെ റോമിലും എന്റെ സാക്ഷിയാകേണ്ടതാണ്” എന്ന് അരുളിച്ചെയ്തു.
[12] പിറ്റേന്ന് പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒന്നിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ല എന്ന് അവർ ശപഥംചെയ്തു.
[13] ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു.
[14] അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്.
[15] അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെ മുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്ന് പറഞ്ഞു.
[16] എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു.
[17] അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്ന് പറഞ്ഞു.
[18] ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്ന് പറഞ്ഞു.
[19] സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്ക് പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.
[20] അതിന് അയാൾ, “പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോട് അപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്.
[21] അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥം ചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് പറഞ്ഞു.
[22] “നീ ഈ വിവരം എന്നെ ധരിപ്പിച്ചുവെന്ന് ആരോടും പറയരുത്,” എന്നു താക്കീതു കൊടുത്തിട്ട് സൈന്യാധിപൻ ആ യുവാവിനെ പറഞ്ഞയച്ചു.
[23] അതിനുശേഷം അയാൾ തന്റെ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഇന്നു രാത്രി ഒമ്പതുമണിക്ക് കൈസര്യയിലേക്കു പോകാൻ ഇരുനൂറ് കാലാൾസൈനികരെയും എഴുപത് കുതിരപ്പട്ടാളത്തെയും കുന്തമേന്തുന്ന ഇരുനൂറ് സൈനികരെയും തയ്യാറാക്കി നിർത്തുക.
[24] പൗലോസിനെ ഭരണാധികാരിയായ ഫേലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹത്തിനു യാത്രചെയ്യുന്നതിനുള്ള വാഹനമൃഗങ്ങളെയും കരുതണം.”
[25] അദ്ദേഹം ഭരണാധികാരിക്ക് ഇപ്രകാരം ഒരു കത്ത് എഴുതി:
[26] അഭിവന്ദ്യനായ ഭരണാധികാരി ഫേലിക്സിന്, ക്ലൗദ്യൊസ് ലുസിയാസിന്റെ അഭിവാദനങ്ങൾ.
[27] ഈ മനുഷ്യനെ യെഹൂദർ പിടിച്ചു വധിക്കാൻ ഭാവിക്കുകയായിരുന്നു. എന്നാൽ, അയാൾ റോമൻ പൗരൻ എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ സൈന്യവുമായി ചെന്ന് അയാളെ രക്ഷപ്പെടുത്തി.
[28] അവർ അയാളുടെമേൽ ആരോപിക്കുന്ന കുറ്റമെന്തെന്നറിയാൻ ഞാനാഗ്രഹിച്ചു; അയാളെ അവരുടെ ന്യായാധിപസമിതിക്കുമുമ്പാകെ ഞാൻ കൊണ്ടുവന്നു.
[29] അവരുടെ ആരോപണങ്ങൾ, തങ്ങളുടെ ന്യായപ്രമാണസംബന്ധമായ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരുന്നു എന്നും മരണശിക്ഷയ്ക്കോ തടവിനോ അർഹമായ കുറ്റങ്ങൾ ഒന്നുമില്ല എന്നും ഞങ്ങൾ മനസ്സിലാക്കി.
[30] അയാൾക്കെതിരായി ഒരു ഗൂഢാലോചന നടക്കുന്നെന്ന് എനിക്ക് അറിവു ലഭിച്ച ഉടൻതന്നെ ഞാൻ അയാളെ അങ്ങയുടെ അടുത്തേക്കയയ്ക്കുകയാണ്. അവരുടെ പരാതി അങ്ങയോടു ബോധിപ്പിക്കാൻ ഞാൻ വാദികൾക്ക് ഉത്തരവിടുകയുംചെയ്തു.
[31] തങ്ങൾക്കു ലഭിച്ച കൽപ്പനയനുസരിച്ചു പടയാളികൾ പൗലോസിനെ രാത്രിയിൽ കൂട്ടിക്കൊണ്ട് അന്തിപത്രിസുവരെ എത്തിച്ചു.
[32] പിറ്റേന്നു കുതിരപ്പട്ടാളത്തെ അദ്ദേഹത്തോടൊപ്പം അയച്ചിട്ട് ശേഷം സൈനികർ അവരുടെ താവളത്തിലേക്കു മടങ്ങി.
[33] കുതിരപ്പട്ടാളം കൈസര്യയിൽ എത്തി; അവർ കത്ത് ഭരണാധികാരിക്കു കൊടുത്തു; പൗലോസിനെ അദ്ദേഹത്തിന്റെമുമ്പിൽ ഹാജരാക്കി.
[34] ഭരണാധികാരി എഴുത്തു വായിച്ചിട്ട്, അദ്ദേഹം ഏതു പ്രവിശ്യയിൽനിന്നുള്ളവനാണ് എന്ന് ചോദിച്ചു. കിലിക്യക്കാരനാണെന്നു മനസ്സിലാക്കിയിട്ട്,
[35] “വാദികളുംകൂടെ വന്നതിനുശേഷം ഞാൻ നിന്നെ വിസ്തരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പൗലോസിനെ ഹെരോദാവിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു.