Skip to content
Opens in a new window

[1] ഇതിനുശേഷം യോശുവ രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പകുതിഗോത്രം എന്നിവരെ വിളിച്ച് അവരോടു ഇപ്രകാരം പറഞ്ഞു:

[2] “യഹോവയുടെ ദാസനായ മോശ നിങ്ങളോടു കൽപ്പിച്ചതൊക്കെയും നിങ്ങൾ ചെയ്യുകയും ഞാൻ കൽപ്പിച്ചതൊക്കെയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.

[3] ഈ കാലമത്രയും—ഇന്നുവരെയും—നിങ്ങൾ നിങ്ങളുടെ സഹയിസ്രായേല്യരെ ഉപേക്ഷിച്ചുകളയാതെ, യഹോവയായ ദൈവം നിങ്ങളെ ഏൽപ്പിച്ച ദൗത്യം നിർവഹിച്ചിരിക്കുന്നു.

[4] ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ ശേഷം ഗോത്രങ്ങളിലുള്ള നിങ്ങളുടെ സഹോദരങ്ങളോടു വാഗ്ദാനംചെയ്തതുപോലെ അവർക്കു സ്വസ്ഥത നൽകിയിരിക്കുന്നതിനാൽ, യഹോവയുടെ ദാസനായ മോശ യോർദാനക്കരെ നിങ്ങൾക്കു നൽകിയിട്ടുള്ള സ്വദേശത്തേക്കു നിങ്ങൾ മടങ്ങിപ്പോകുക.

[5] എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ എല്ലാ വഴികളിലും നടക്കുക, അവിടത്തെ കൽപ്പനകളെ ആചരിക്കുക, അവിടത്തോടു പറ്റിച്ചേർന്നുനിന്നുകൊണ്ട് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സേവിക്കുക എന്നിങ്ങനെ യഹോവയുടെ ദാസനായ മോശ നിങ്ങൾക്കുതന്ന കൽപ്പനകളും ന്യായപ്രമാണവും അനുസരിക്കുന്നതിൽ അതീവശ്രദ്ധാലുക്കളായിരിക്കണം.”

[6] പിന്നീടു യോശുവ അവരെ അനുഗ്രഹിച്ചു യാത്രയയച്ചു, അവർ അവരുടെ വീടുകളിലേക്കു പോകുകയും ചെയ്തു.

[7] (മനശ്ശെയുടെ പകുതി ഗോത്രത്തിന് മോശ ബാശാനിൽ സ്ഥലം കൊടുത്തിരുന്നു; മറ്റേ പകുതിഗോത്രത്തിനു യോശുവ യോർദാന്റെ പടിഞ്ഞാറുവശത്ത് അവരുടെ സഹോദരങ്ങളോടുകൂടി സ്ഥലം കൊടുക്കുകയും ചെയ്തിരുന്നു.) യോശുവ അവരെ അനുഗ്രഹിച്ച് വീടുകളിലേക്കയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു:

[8] “നിരവധി കന്നുകാലികൾ, വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, വളരെ വസ്ത്രങ്ങൾ തുടങ്ങി വമ്പിച്ച സമ്പത്തോടുകൂടി നിങ്ങൾ വീടുകളിലേക്കു മടങ്ങുക. നിങ്ങളുടെ ശത്രുക്കളിൽനിന്നു ലഭിച്ച കൊള്ളമുതൽ നിങ്ങളുടെ സഹോദരങ്ങളുമായി പങ്കിടുകയും ചെയ്യണം.”

[9] അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും, മോശയിൽക്കൂടി യഹോവ കൽപ്പിച്ചപ്രകാരം അവർക്ക് അവകാശമായി ലഭിച്ചിരുന്ന അവരുടെ സ്വന്തം ദേശമായ ഗിലെയാദിലേക്ക്, കനാനിലെ ശീലോവിൽനിന്ന് ഇസ്രായേൽമക്കളെ വിട്ടുപുറപ്പെട്ടു.

[10] കനാൻദേശത്ത് യോർദാനു സമീപമുള്ള ഗലീലോത്തിൽ അവർ വന്നപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി അവിടെ യോർദാനരികിൽ വളരെ വലുപ്പമുള്ള ഒരു യാഗപീഠം പണിതു.

[11] യോർദാനു സമീപം കനാന്റെ അതിർത്തിയിലുള്ള ഗലീലോത്തിൽ ഇസ്രായേൽമക്കളുടെ ഭാഗത്ത് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി ഒരു യാഗപീഠം പണിതു എന്ന് ഇസ്രായേൽമക്കൾ കേട്ടു.

[12] അപ്പോൾ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവരോടു യുദ്ധംചെയ്യുന്നതിനു പോകാൻ ശീലോവിൽ ഒരുമിച്ചുകൂടി.

[13] ഇസ്രായേൽമക്കൾ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ഗിലെയാദിലേക്ക് അയച്ചു.

[14] അദ്ദേഹത്തോടുകൂടെ ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഒരു കുലത്തിന് ഒരു തലവൻവീതം പത്തു തലവന്മാരെയും അയച്ചു. അവരിൽ ഓരോരുത്തനും ഇസ്രായേല്യകുലങ്ങളിലെ കുടുംബവിഭാഗങ്ങളുടെ മേൽവിചാരകനായിരുന്നു.

[15] അവർ ഗിലെയാദിൽ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞു:

[16] “യഹോവയുടെ സഭമുഴുവനും ഇപ്രകാരം പറയുന്നു: ഇസ്രായേലിന്റെ ദൈവത്തോടു വിശ്വാസത്യാഗം കാണിക്കത്തക്കവിധം ഇപ്രകാരം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? യഹോവയെ വിട്ടുമാറി അവിടത്തോടു മത്സരിച്ച് നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം പണിതത് എന്തിന്?

[17] പെയോരിൽവെച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം ഒരു ബാധ യഹോവയുടെ സമൂഹത്തിന് ബാധിച്ചെങ്കിലും ഇതുവരെ നാം നമ്മെത്തന്നെ ആ പാപത്തിൽനിന്ന് പൂർണമായി ശുദ്ധീകരിച്ചിട്ടില്ലല്ലോ.

[18] നിങ്ങൾ ഇപ്പോൾ യഹോവയെ വിട്ടുമാറാൻ പോകുകയാണോ? “ ‘ഇന്നു നിങ്ങൾ യഹോവയോടു മത്സരിക്കുന്നെങ്കിൽ നാളെ അവിടന്ന് ഇസ്രായേലിന്റെ സർവസഭയോടും കോപിക്കാൻ ഇടയാകും.

[19] നിങ്ങൾക്കു ലഭിച്ച അവകാശദേശം അശുദ്ധമെങ്കിൽ യഹോവയുടെ സമാഗമകൂടാരം നിൽക്കുന്ന യഹോവയുടെ ദേശത്തേക്കു വരിക. അവിടെ ഞങ്ങളുടെ ഇടയിൽ ഓഹരി തരാം. എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ നിങ്ങളുടേതായിട്ട് ഒരു യാഗപീഠം പണിതു യഹോവയ്ക്കെതിരായിട്ടോ ഞങ്ങൾക്കെതിരായിട്ടോ മത്സരിക്കരുത്.

[20] സേരഹിന്റെ മകനായ ആഖാൻ അർപ്പിതവസ്തുക്കളുടെ കാര്യത്തിൽ വിശ്വാസവഞ്ചന കാണിക്കുകയാൽ കോപം ഇസ്രായേലിന്റെ സർവസഭയുടെമേലുമല്ലേ വീണത്? അവന്റെ പാപംമൂലം അവൻമാത്രമല്ലല്ലോ മരണത്തിനിരയായത്!’ ”

[21] അതിനു രൂബേന്യരും, ഗാദ്യരും, മനശ്ശെയുടെ പകുതിഗോത്രവും ഇസ്രായേലിന്റെ കുലത്തലവന്മാരോടു പറഞ്ഞു:

[22] “സർവശക്തനായ ദൈവം, യഹോവയായ സർവശക്തൻ, ദൈവമായ യഹോവ, അവിടന്ന് അറിയുന്നു! ഇസ്രായേൽ അറിയട്ടെ! ഇതു യഹോവയോടുള്ള മത്സരമോ അനുസരണക്കേടോ എങ്കിൽ ഇന്നുതന്നെ ഞങ്ങളെ ജീവനോടെ വെച്ചേക്കരുത്!

[23] യഹോവയെ വിട്ടുമാറി ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനാണു ഞങ്ങൾ ഈ യാഗപീഠം പണിതതെങ്കിൽ, യഹോവ ഞങ്ങളോടുതന്നെ പകരം ചോദിക്കട്ടെ.

[24] “അങ്ങനെയല്ല, പിൽക്കാലത്ത് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളോട്, ‘ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?

[25] ഞങ്ങളും നിങ്ങൾ രൂബേന്യരും ഗാദ്യരുംതമ്മിലുള്ള അതിരായി യഹോവ യോർദാൻനദിയെ വെച്ചിരിക്കുന്നു. നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറഞ്ഞ് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളെ യഹോവയെ ആരാധിക്കുന്നതിൽനിന്നു വിലക്കും എന്ന ഭീതികൊണ്ടാണ് ഞങ്ങൾ ഇതു ചെയ്തത്.

[26] “അതുകൊണ്ടാണ് ഒരു യാഗപീഠം പണിയാൻ ഞങ്ങൾ തീരുമാനിച്ചത്; അല്ലാതെ ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല.

[27] നേരേമറിച്ച്, യഹോവയുടെ തിരുനിവാസത്തിൽത്തന്നെ ഞങ്ങൾ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കും എന്നതിന് ഇത് ഞങ്ങൾക്കും നിങ്ങൾക്കും മധ്യേയും ഇനി വരാനുള്ള തലമുറകൾക്കും ഒരു സ്മാരകമായിരിക്കേണ്ടതാണ്. അപ്പോൾ ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾക്കു ഞങ്ങളുടെ പിൻഗാമികളോട്, ‘നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറയാൻ കഴിയുകയില്ലല്ലോ.

[28] “കൂടാതെ ഞങ്ങൾ പറഞ്ഞു: ‘ഇങ്ങനെ ഞങ്ങളോടോ ഞങ്ങളുടെ പിൻഗാമികളോടോ എന്നെങ്കിലും അവർ പറഞ്ഞാൽ, ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു സ്മാരകമായിരിക്കേണ്ടതിനു ഞങ്ങളുടെ പിതാക്കന്മാർ നിർമിച്ച യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണുക എന്ന് ഉത്തരം പറയും.’

[29] “ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ സമാഗമകൂടാരത്തിന്റെ മുൻപിലുള്ള യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കുകവഴി യഹോവയോടു മത്സരിക്കാനോ ഇന്ന് അവിടത്തെ വിട്ടുമാറാനോ ഞങ്ങൾക്ക് ഒരിക്കലും ഇടയാക്കാതിരിക്കട്ടെ.”

[30] രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞവാക്കുകൾ പുരോഹിതനായ ഫീനെഹാസും അദ്ദേഹത്തോടുകൂടെ ഇസ്രായേല്യരുടെ കുലത്തലവന്മാരായ സഭാനേതാക്കന്മാരെല്ലാവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി.

[31] പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ മക്കളോടും: “നിങ്ങൾ ഈ കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടാത്തതിനാൽ യഹോവ നമ്മോടുകൂടെയുണ്ട് എന്നു ഞങ്ങൾ ഇന്ന് അറിയുന്നു. നിങ്ങൾ ഇസ്രായേലിനെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

[32] പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും സഭാനേതാക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദിൽനിന്നു കനാനിൽ ചെന്ന് ഇസ്രായേൽമക്കളോടു വസ്തുതകൾ അറിയിച്ചു.

[33] ഇസ്രായേൽമക്കൾ ഇതു കേട്ട് ആനന്ദിച്ചു ദൈവത്തെ സ്തുതിച്ചു. രൂബേന്യരും ഗാദ്യരും താമസിച്ച ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിനു പോകുന്നതിനെക്കുറിച്ചു പിന്നെ സംസാരിച്ചിട്ടേയില്ല.

[34] രൂബേന്യരും ഗാദ്യരും, “യഹോവ ആകുന്നു ദൈവം എന്നതിന് ഇതു നമ്മുടെ മധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിനു ഏദ് എന്നു പേരിട്ടു.

യോശുവയുടെ പുസ്തകം — Chapters