Skip to content
Opens in a new window

[1] യോശുവ വൃദ്ധനായപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു. ഇനിയും വളരെയധികം ദേശം കൈവശമാക്കാനുമുണ്ട്.

[2] “ഇനിയും ശേഷിച്ചിരിക്കുന്ന ഭൂപ്രദേശം ഇവയാണ്: “ഈജിപ്റ്റിനു കിഴക്ക് സീഹോർനദിമുതൽ വടക്ക് എക്രോൻദേശംവരെ കനാന്യരുടേതെന്നു കരുതപ്പെട്ടിരുന്ന ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും ദേശം; ഗസ്സാ, അശ്ദോദ്യ, അസ്കലോന്യ, ഗാത്, അവ്വ്യരുടെ എക്രോൻ എന്നീ അഞ്ച് ഫെലിസ്ത്യപ്രഭുക്കന്മാരുടെ ദേശം;

[4] തെക്ക്; സീദോന്യരുടെ ആരമുതൽ അഫേക്കുവരെയും അമോര്യരുടെ അതിരുവരെയുമുള്ള കനാന്യദേശം;

[5] ഗിബാല്യരുടെ മേഖലയും ലെബാനോൻ മുഴുവനും കിഴക്ക്; ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ബാൽ-ഗാദുമുതൽ ലെബോ-ഹമാത്തുവരെയുള്ള ദേശം ഈ ഭൂപ്രദേശമാകുന്നു.

[6] “ലെബാനോൻമുതൽ മിസ്രെഫോത്ത്-മയീംവരെയുള്ള പർവതമേഖലകളിലെ നിവാസികളായ സീദോന്യരെ മുഴുവൻ ഞാൻതന്നെ ഇസ്രായേലിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും. ഞാൻ നിന്നോടു നിർദേശിച്ചതുപോലെ ഈ ഭൂപ്രദേശം മുഴുവൻ ഇസ്രായേലിന് അവകാശമായിക്കൊടുക്കണം.

[7] ഒൻപതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി അതു ഭാഗിച്ചുകൊടുക്കണം.”

[8] മനശ്ശെയുടെ മറ്റേപകുതിക്കും രൂബേന്യർക്കും ഗാദ്യർക്കും യഹോവയുടെ ദാസനായ മോശ വിഭജിച്ചുകൊടുത്തതനുസരിച്ച് യോർദാന് കിഴക്കുള്ള ഭൂപ്രദേശത്ത് ഓഹരി ലഭിച്ചു.

[9] അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യത്തിലുള്ള പട്ടണവുംമുതൽ ദീബോൻവരെയുള്ള മെദേബാപീഠഭൂമി മുഴുവനും,

[10] അമ്മോന്യരുടെ അതിരുവരെ ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;

[11] ഗിലെയാദ്, ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശം, ഹെർമോൻപർവതം മുഴുവനും, സൽക്കാവരെയുള്ള ബാശാൻമുഴുവനും—

[12] അസ്തരോത്തിലും എദ്രെയിലും ഭരിച്ചിരുന്നവനും മല്ലന്മാരിൽ അവസാനത്തെ ആളായി ശേഷിച്ചവരിൽ ഒരുത്തനുമായ ബാശാനിലെ ഓഗിന്റെ രാജ്യംമുഴുവനും ഉൾപ്പെട്ടിരുന്നു. മോശ ഇവരെ തോൽപ്പിച്ചു ദേശം കൈവശമാക്കിയിരുന്നു.

[13] എന്നാൽ ഇസ്രായേൽമക്കൾ ഗെശൂര്യരെയും മയഖാത്യരെയും ഓടിച്ചുകളഞ്ഞില്ല. അവർ തുടർന്നും ഇന്നുവരെ ഇസ്രായേല്യരുടെ ഇടയിൽ താമസിച്ചുവരുന്നു.

[14] മോശ ലേവിഗോത്രത്തിന് ഒരു അവകാശവും കൊടുത്തില്ല; ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കുള്ള ദഹനയാഗങ്ങൾ, താൻ അവരോടു വാഗ്ദാനംചെയ്തതുപോലെ അവർക്കുള്ള ഓഹരി ആകുന്നു.

[15] മോശ രൂബേൻഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:

[16] അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യഭാഗത്തുള്ള പട്ടണവുംമുതൽ മെദേബയ്ക്ക് അപ്പുറമുള്ള പീഠഭൂമിമുഴുവൻ;

[17] ഹെശ്ബോനും അതിന്റെ പീഠഭൂമിയിലുള്ള എല്ലാ പട്ടണങ്ങളും ദീബോൻ, ബാമോത്ത്-ബാൽ, ബേത്-ബാൽ-മെയോൻ,

[18] യാഹാസ്, കെദേമോത്ത്, മേഫാത്ത്,

[19] കിര്യാത്തയീം, സിബ്മ, താഴ്വരയിലെ കുന്നിലുള്ള സേരത്ത്-ശഹർ,

[20] ബേത്-പെയോർ, പിസ്ഗാചെരിവുകൾ, ബേത്-യെശീമോത്ത്,

[21] ഇങ്ങനെ പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും, ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം മുഴുവനുംതന്നെ. മോശ സീഹോനെയും അവനുമായി സഖ്യമുള്ള പ്രഭുക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിങ്ങനെ അവിടെ താമസിച്ച മിദ്യാന്യപ്രമാണികളെയും പരാജയപ്പെടുത്തിയിരുന്നു.

[22] യുദ്ധത്തിൽ കൊന്നവരെക്കൂടാതെ ഇസ്രായേൽമക്കൾ ബെയോരിന്റെ മകനായ ബിലെയാം എന്ന ദേവപ്രശ്നംവെക്കുന്നവനെയും വാൾകൊണ്ടു കൊന്നു.

[23] രൂബേന്യരുടെ അതിര് യോർദാന്റെ തീരമായിരുന്നു. ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു രൂബേന്യർക്കു കുലംകുലമായി കിട്ടിയ ഓഹരി.

[24] മോശ ഗാദ്ഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:

[25] യാസേർപട്ടണം ഉൾപ്പെടുന്ന ഭൂപ്രദേശം, ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ സമീപം അരോയേർവരെയുള്ള അമ്മോന്യരാജ്യത്തിന്റെ പകുതിയും;

[26] ഹെശ്ബോൻമുതൽ രാമാത്ത്-മിസ്പായും ബെതോനീമുംവരെയും, മഹനയീംമുതൽ ദെബീർവരെയും,

[27] താഴ്വരയിൽ ഹെശ്ബോൻരാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിച്ച പ്രദേശവും ബേത്-ഹാരാം, ബേത്-നിമ്രാ, സൂക്കോത്ത്, സാഫോൺ എന്നീ പട്ടണങ്ങളും ആയിരുന്നു. ഇതിനോടുചേർന്ന് യോർദാന്റെ കിഴക്കുവശം, കിന്നെരെത്തുതടാകംവരെയുമുള്ള ഭൂപ്രദേശവും അവർക്ക് അവകാശപ്പെട്ടതായിരുന്നു.

[28] ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു ഗാദ്യർക്കു കുലംകുലമായി ലഭിച്ച ഓഹരി.

[29] മോശ മനശ്ശെഗോത്രത്തിന്റെ പകുതിക്ക്, മനശ്ശെയുടെ പിൻഗാമികളുടെ കുടുംബത്തിന്റെ പകുതിക്ക്, കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:

[30] മഹനയീംമുതൽ ബാശാൻമുഴുവനും ഉൾപ്പെടുന്ന ഭൂപ്രദേശം, ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവൻ, ബാശാനിൽ യായീരിന്റെ സ്ഥലങ്ങളായ അറുപതു പട്ടണങ്ങൾ;

[31] ഗിലെയാദിന്റെ പകുതി, ബാശാനിലെ ഓഗിന്റെ രാജകീയ പട്ടണങ്ങളായ അസ്തരോത്തും എദ്രെയിയും. ഇവയായിരുന്നു മനശ്ശെയുടെ മകനായ മാഖീരിന്റെ പിൻഗാമികൾക്ക്—മാഖീരിന്റെ പിൻഗാമികളിൽ പകുതിപേർക്കുതന്നെ—കുലംകുലമായി ലഭിച്ച ഓഹരി.

[32] മോശ യെരീഹോവിനു കിഴക്ക് യോർദാനക്കരെ മോവാബ് സമതലപ്രദേശങ്ങളിൽവെച്ചു ഭാഗിച്ചുകൊടുത്ത ഓഹരി ഇവയായിരുന്നു.

[33] എന്നാൽ ലേവിഗോത്രത്തിന് മോശ ഒരു അവകാശവും കൊടുത്തില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവതന്നെ, താൻ അവരോടു കൽപ്പിച്ചതുപോലെ, അവരുടെ ഓഹരി ആകുന്നു.

യോശുവയുടെ പുസ്തകം — Chapters