Skip to content
Opens in a new window

[1] രണ്ടാമത്തെ നറുക്ക് കുലംകുലമായി ശിമെയോൻ ഗോത്രത്തിനുവീണു. അവരുടെ ഓഹരി യെഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.

[2] അവരുടെ ഭൂപ്രദേശം: ബേർ-ശേബാ അഥവാ, ശേബാ, മോലാദാ,

[3] ഹസർ-ശൂവാൽ, ബാലാ, ഏസെം,

[4] എൽതോലദ്, ബേഥൂൽ, ഹോർമാ,

[5] സിക്ലാഗ്, ബേത്-മർക്കാബോത്ത്, ഹസർ-സൂസ,

[6] ബേത്-ലെബായോത്ത്, ശാരൂഹെൻ—ഇങ്ങനെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;

[7] ആയിൻ, രിമ്മോൻ, ഏഥെർ, ആശാൻ—ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;

[8] തെക്കേദേശത്തെ രാമ എന്ന ബാലത്ത്-ബേർവരെ ഈ പട്ടണങ്ങളുടെ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളും ഉൾപ്പെടുന്നു. ഇതായിരുന്നു ശിമെയോന്യഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.

[9] യെഹൂദയുടെ ഭാഗം അവർക്കു വേണ്ടതിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടു ശിമെയോന്യരുടെ ഓഹരി യെഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തു. അങ്ങനെ ശിമെയോന്യർക്ക് അവരുടെ ഓഹരി യെഹൂദയുടെ അവകാശഭൂമിയിൽനിന്നു ലഭിച്ചു.

[10] മൂന്നാമത്തെ നറുക്ക് കുലംകുലമായി സെബൂലൂൻ ഗോത്രത്തിനുവീണു. അവരുടെ അവകാശത്തിന്റെ അതിര് സാരീദുവരെ ചെന്നു.

[11] ആ അതിര് പടിഞ്ഞാറോട്ടുചെന്ന്, മരലയിൽ കയറി, ദബ്ബേശേത്തിനെ സ്പർശിച്ചുകൊണ്ട് യൊക്നെയാമിനു സമീപമുള്ള മലയിടുക്കുവരെ നീണ്ടുകിടന്നു.

[12] സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിനുനേരേ കിസ്ളോത്ത്-താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിൽ ചെന്നു യാഫിയയിൽ എത്തുന്നു.

[13] കിഴക്കോട്ടു ചെന്ന് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും പ്രവേശിച്ച് രിമ്മോനിൽക്കൂടി പുറത്തുവന്ന്, നേയായിലേക്കു തിരിയുന്നു.

[14] അവിടെ ആ അതിര് വടക്കോട്ടു ചുറ്റി ഹന്നാഥോനിൽ കടന്നു യിഫ്താഹ്-ഏൽ താഴ്വരയിൽ അവസാനിക്കുന്നു.

[15] കത്താത്ത്, നഹലാൽ, ശിമ്രോൻ, യിദല, ബേത്ലഹേം—ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.

[16] സെബൂലൂൻ ഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശമായിരുന്നു ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.

[17] നാലാമത്തെ നറുക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിനുവീണു.

[18] യെസ്രീൽ, കെസുല്ലോത്ത്, ശൂനേം,

[19] ഹഫാരയീം, ശീയോൻ, അനാഹരാത്ത്,

[20] രബ്ബീത്ത്, കിശ്യോൻ, ഏബെസ്;

[21] രേമെത്ത്, ഏൻ-ഗന്നീം, എൻ-ഹദ്ദാ, ബേത്-പസ്സേസ് എന്നിവ ഉൾപ്പെടുന്നതായിരുന്നു അവരുടെ ദേശം.

[22] അവരുടെ അതിര് താബോർ, ശഹസൂമ, ബേത്-ശേമെശ് എന്നിവയിൽ എത്തി യോർദാൻനദിയിൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.

[23] ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു യിസ്സാഖാർ ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി.

[24] അഞ്ചാമത്തെ നറുക്ക് കുലംകുലമായി ആശേർ ഗോത്രത്തിനുവീണു.

[25] അവരുടെ ദേശം: ഹെൽക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്,

[26] അലാമ്മേലേക്, അമാദ്, മിശാൽ എന്നിവയായിരുന്നു. പടിഞ്ഞാറുവശത്ത് അതിന്റെ അതിര് കർമേൽ, സീഹോർ-ലിബ്നാത്ത് എന്നിവയെ സ്പർശിച്ചിരുന്നു.

[27] അവിടെനിന്ന് കിഴക്കോട്ടു ബേത്-ദാഗോനിലേക്കു തിരിഞ്ഞ് സെബൂലൂൻ, യിഫ്താഹ്-ഏൽ താഴ്വര എന്നിവയെ സ്പർശിച്ചുകൊണ്ട്, വടക്ക് ബേത്-ഏമെക്ക്, നെയീയേൽ എന്നിവയിൽ കടന്ന്, ഇടത്ത് കാബൂലിൽക്കൂടി

[28] അബ്ദോൻ, രെഹോബ്, ഹമ്മോൻ, കാനാ എന്നിവയിലും മഹാനഗരമായ സീദോനിലും ചെല്ലുന്നു.

[29] ആ അതിര് പിന്നീട് രാമായിലേക്കും കോട്ടയാൽ ചുറ്റപ്പെട്ട സോർപട്ടണത്തിലേക്കും തിരിഞ്ഞ്, ഹോസയിലേക്കുചെന്ന് അക്സീബ്, ഉമ്മ, അഫേക്ക്, രെഹോബ്, എന്നീ പട്ടണങ്ങളുടെ മേഖലയിൽ, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.

[31] ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു കുലംകുലമായി ആശേർ ഗോത്രത്തിനു ലഭിച്ച ഓഹരി.

[32] ആറാമത്തെ നറുക്ക് കുലംകുലമായി നഫ്താലി ഗോത്രത്തിനുവീണു.

[33] അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി, അദാമീ-നെക്കേബ്, യബ്നേൽ, ലക്കൂം എന്നിവ കടന്ന്, യോർദാൻനദിയിൽ അവസാനിക്കുന്നു.

[34] പിന്നെ ആ അതിര് പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിൽക്കൂടി ചെന്ന്, അവിടെനിന്നും സെബൂലൂനെ തെക്കുവശത്തും ആശേരിനെ പടിഞ്ഞാറും യോർദാനെ കിഴക്കും സ്പർശിച്ചുകൊണ്ട് ഹുക്കോക്കിൽ അവസാനിക്കുന്നു.

[35] സിദ്ദിം, സേർ, ഹമാത്ത്, രക്കത്ത്, കിന്നെരെത്ത്;

[36] അദമ, രാമാ, ഹാസോർ,

[37] കേദേശ്, എദ്രെയി, എൻ-ഹാസോർ,

[38] യിരോൻ, മിഗ്ദൽ-ഏൽ, ഹോരേം, ബേത്-അനാത്ത്, ബേത്-ശേമെശ് എന്നിങ്ങനെ കോട്ടയാൽ ചുറ്റപ്പെട്ട ഉറപ്പുള്ള പട്ടണങ്ങളും ആയിരുന്നു. ആകെ പത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.

[39] ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമായിരുന്നു കുലംകുലമായി നഫ്താലി ഗോത്രത്തിനു ലഭിച്ച ഓഹരി.

[40] ഏഴാമത്തെ നറുക്ക് കുലംകുലമായി ദാൻഗോത്രത്തിന്നുവീണു.

[41] അവരുടെ അവകാശഭൂമി ഉൾപ്പെട്ട പ്രദേശം ഇതായിരുന്നു: സോരാ, എസ്തായോൽ, ഈർ-ശേമെശ്,

[42] ശാലബ്ബീൻ, അയ്യാലോൻ, യിത്ല,

[43] ഏലോൻ, തിമ്ന, എക്രോൻ,

[44] എൽ-തെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്,

[45] യേഹൂദ്, ബെനെ-ബെരാക്, ഗത്ത്-രിമ്മോൻ,

[46] മേ-യർക്കോൻ, രക്കോൻ എന്നിവയും യോപ്പയ്ക്കെതിരേയുള്ള ദേശവും ആയിരുന്നു.

[47] (എന്നാൽ ദാന്യർക്ക് അവരുടെ പ്രദേശം കൈവശമാക്കുന്നതിൽ പ്രയാസം നേരിട്ടു, അപ്പോൾ അവർ പോയി ലേശേമിനെ ആക്രമിച്ചു; അതിനെ പിടിച്ച് അവിടെയുള്ളതെല്ലാം വാളിനിരയാക്കി, അവിടെ താമസമുറപ്പിച്ചു. അവിടെ താമസമുറപ്പിച്ച അവർ തങ്ങളുടെ അപ്പനായ ദാനിന്റെ പേരിൻപ്രകാരം അതിന് ദാൻ എന്നു പേരിട്ടു.)

[48] ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു ദാൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.

[49] ദേശം ഭാഗംവെച്ചു തീർന്നശേഷം ഇസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും യഹോവയുടെ കൽപ്പനപ്രകാരം തങ്ങളുടെ ഇടയിൽ ഒരു ഓഹരികൊടുത്തു.

[50] അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ് എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു.

[51] പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.

യോശുവയുടെ പുസ്തകം — Chapters