[1] ഹാസോർരാജാവായ യാബീൻ ഇതു കേട്ടപ്പോൾ മാദോൻരാജാവായ യോബാബിനെയും, ശിമ്രോനിലെയും അക്ശാഫിലെയും രാജാക്കന്മാരെയും,
[2] വടക്ക് മലമ്പ്രദേശത്തുള്ള എല്ലാ രാജാക്കന്മാരെയും, കിന്നെരെത്തിനു തെക്കുള്ള അരാബാ, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, പടിഞ്ഞാറ് നാഫത്ത്-ദോർമേടുകൾ എന്നിവിടങ്ങളിലെ രാജാക്കന്മാരെയും,
[3] കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവതപ്രദേശത്തുള്ള അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്തു ഹെർമോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരെയും വിവരമറിയിച്ചു.
[4] അവരുടെ മുഴുവൻ സൈന്യവും അനവധി കുതിരകളും രഥങ്ങളും അടങ്ങിയ കടൽപ്പുറത്തെ മണൽപോലെ എണ്ണമില്ലാത്ത ഒരു വലിയ സൈന്യം യുദ്ധത്തിനു പുറപ്പെട്ടു.
[5] ഈ രാജാക്കന്മാർ എല്ലാവരും അവരുടെ സൈന്യവും ഒന്നിച്ചുകൂടി ഇസ്രായേലിനോടു യുദ്ധംചെയ്യാൻ മേരോംതടാകത്തിനരികെ വന്നു പാളയമടിച്ചു.
[6] യഹോവ യോശുവയോട്, “അവരെ ഭയപ്പെടേണ്ടതില്ല, നാളെ ഈ സമയമാകുമ്പോഴേക്കും അവരെ മുഴുവനും ഇസ്രായേലിനു ഞാൻ ഏൽപ്പിച്ചുതരും. അവർ നിങ്ങളുടെമുമ്പിൽ മരിച്ചുവീഴും. നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി, രഥങ്ങൾ ചുട്ടുകളയണം” എന്നു കൽപ്പിച്ചു.
[7] അങ്ങനെ യോശുവയും അദ്ദേഹത്തിന്റെ മുഴുവൻ സൈന്യവും ഉടൻതന്നെ പുറപ്പെട്ട് മേരോംതടാകത്തിനരികെ വന്ന് അവരെ ആക്രമിച്ചു.
[8] യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ചു; മഹാനഗരമായ സീദോൻവരെയും മിസ്രെഫോത്ത്-മയീംവരെയും കിഴക്ക് മിസ്പാതാഴ്വരവരെയും അവരെ പിൻതുടർന്നു. ആരുംതന്നെ അവശേഷിച്ചില്ല.
[9] യഹോവയുടെ കൽപ്പനപോലെ യോശുവ അവരോടു ചെയ്തു; അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി; രഥങ്ങൾ ചുട്ടുകളഞ്ഞു.
[10] ആ സമയം യോശുവ പുറകോട്ടുതിരിഞ്ഞ് ഹാസോർ പിടിച്ചു; അതിന്റെ രാജാവിനെ വാളിനിരയാക്കി. (ഹാസോർ ഈ രാജ്യങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനമായിരുന്നു.)
[11] അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി, ജീവനോടെ ആരെയും ശേഷിപ്പിക്കാതെ ഉന്മൂലനാശംവരുത്തി. ഹാസോർ ചുട്ടുകളയുകയും ചെയ്തു.
[12] യോശുവ ഈ രാജകീയ പട്ടണങ്ങളെയും അവയുടെ രാജാക്കന്മാരെയും പിടിച്ച് വാളിനിരയാക്കി. യഹോവയുടെ ദാസനായ മോശ കൽപ്പിച്ചതുപോലെ അവരെ ഉന്മൂലനാശംവരുത്തി.
[13] എന്നാൽ കുന്നുകളിൽ നിർമിക്കപ്പെട്ടിരുന്ന ഒരു പട്ടണവും ഇസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോർമാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളൂ.
[14] ഈ പട്ടണങ്ങളിലെ കൊള്ളയൊക്കെയും കന്നുകാലികളെയും ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി. അവരെ ഉന്മൂലനാശം ചെയ്യുന്നതുവരെ സകലജനത്തെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
[15] യഹോവ തന്റെ ദാസനായ മോശയോടു കൽപ്പിച്ചതുപോലെ മോശ യോശുവയോടു കൽപ്പിച്ചിരുന്നു; യോശുവ അങ്ങനെതന്നെ ചെയ്തു. യഹോവ മോശയോടു കൽപ്പിച്ചതിൽ ഒന്നും അദ്ദേഹം ചെയ്യാതിരുന്നില്ല.
[16] ഇങ്ങനെ മലനാടും തെക്കേദേശം മുഴുവനും ഗോശെൻമേഖല മുഴുവനും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, അരാബ, ഇസ്രായേലിലെ പർവതപ്രദേശം, അതിന്റെ കുന്നിൻപ്രദേശങ്ങൾ,
[17] സേയീരിലേക്കുയർന്നുകിടക്കുന്ന ഹാലാക്കുപർവതംമുതൽ ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള പ്രദേശം എന്നിവയെല്ലാം യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ രാജാക്കന്മാരെയും അവർ വധിച്ചു.
[18] ഈ രാജാക്കന്മാരോടെല്ലാം യോശുവ ദീർഘകാലം യുദ്ധംചെയ്തിരുന്നു.
[19] ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണവും ഇസ്രായേലുമായി സമാധാനയുടമ്പടി ചെയ്തിരുന്നില്ല. ശേഷമുള്ളവരെയെല്ലാം അവർ യുദ്ധത്തിൽ പിടിച്ചടക്കി.
[20] യഹോവയായിരുന്നു ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അവരുടെ ഹൃദയം കഠിനമാക്കിയത്. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കരുണകൂടാതെ അവരെ കൊന്നൊടുക്കി ഉന്മൂലനാശംവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.
[21] അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, ഇസ്രായേല്യമലനാട് എന്നിവിടങ്ങളിലൊക്കെയും ഉണ്ടായിരുന്ന അനാക്യരെ സംഹരിച്ചു. യോശുവ അവർക്കും അവരുടെ പട്ടണങ്ങൾക്കും ഉന്മൂലനാശംവരുത്തി.
[22] ഗസ്സായിലും ഗത്തിലും അശ്ദോദിലുമല്ലാതെ ഇസ്രായേൽപ്രദേശത്തെങ്ങും അനാക്യർ ആരുംതന്നെ ശേഷിച്ചില്ല.
[23] യഹോവ മോശയോടു കൽപ്പിച്ചതിൻപ്രകാരമുള്ള ഭൂപ്രദേശമൊക്കെയും യോശുവ പിടിച്ചു. യോശുവ ആ ദേശംമുഴുവനും ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുത്തു. ഇങ്ങനെ ദേശത്തു യുദ്ധം തീരുകയും സമാധാനം കൈവരികയും ചെയ്തു.