Skip to content
Opens in a new window
Listen to this chapter • 4:19

[1] ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പൊസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? ക്രിസ്തുവിലുള്ള എന്റെ വേലയുടെ ഫലമല്ലേ നിങ്ങൾ?

[2] മറ്റുള്ളവർക്കു ഞാനൊരു അപ്പൊസ്തലൻ അല്ലെങ്കിൽപ്പോലും നിങ്ങൾക്കു ഞാൻ അപ്പൊസ്തലൻതന്നെ. കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളാണ്.

[3] എന്നെ ചോദ്യംചെയ്യുന്നവരോട് എനിക്കുള്ള പ്രതിവാദം ഇതാണ്:

[4] ഭക്ഷണപാനീയങ്ങൾക്കുള്ള അവകാശം ഞങ്ങൾക്കില്ലേ?

[5] മറ്റ് അപ്പൊസ്തലന്മാരെയും കർത്താവിന്റെ സഹോദരന്മാരെയും കേഫാവിനെ യുംപോലെ വിശ്വാസിനിയായ ഒരു ഭാര്യയോടുകൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ?

[6] വേല ചെയ്യാതെ കഴിയാൻ എനിക്കും ബർന്നബാസിനും അവകാശം ഇല്ലെന്നോ?

[7] സ്വന്തം ചെലവിൽ സൈനികസേവനം നടത്തുന്നതാര്? മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചിട്ട് അതിലെ മുന്തിരിപ്പഴം തിന്നാത്തവനായി ആരുള്ളൂ? ആട്ടിൻകൂട്ടത്തെ പാലിച്ചിട്ട് അതിന്റെ പാൽ കുടിക്കാത്തത് ആരാണ്?

[8] കേവലം മാനുഷികമായ കാഴ്ചപ്പാടിലൂടെയോ ഞാൻ ഇത് പറയുന്നത്? ന്യായപ്രമാണത്തിൽ ഇതേ കാര്യം പ്രസ്താവിച്ചിട്ടില്ലേ?

[9] “ധാന്യം മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെ ഉദ്ദേശിച്ചോ ദൈവം ഈ പറയുന്നത്?

[10] വാസ്തവത്തിൽ നമുക്കുവേണ്ടി അല്ലേ അവിടന്ന് ഇത് പ്രസ്താവിച്ചിരിക്കുന്നത്? ഉവ്വ്, നമുക്കുവേണ്ടിത്തന്നെ. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കയുംചെയ്യുമ്പോൾ വിളവിന്റെ ഓഹരി തങ്ങൾക്കും ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് അത് ചെയ്യേണ്ടത്.

[11] ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്നു ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ?

[12] മറ്റുള്ളവർക്കു നിങ്ങളുടെമേൽ ഈ അവകാശം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എത്രയോ അധികം! എങ്കിലും ഞങ്ങൾ ഈ അവകാശം വിനിയോഗിച്ചിട്ടില്ല. സുവിശേഷത്തിനു തടസ്സം വരാതിരിക്കാൻ ഞങ്ങൾ എല്ലാം സഹിക്കുന്നു.

[13] ദൈവാലയത്തിൽ ജോലി ചെയ്യുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വീതംകിട്ടുന്നെന്നും നിങ്ങളറിയുന്നില്ലേ?

[14] അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണമെന്നു കർത്താവ് കൽപ്പിച്ചിരിക്കുന്നു.

[15] എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല. ആ കാര്യങ്ങൾ നിങ്ങൾ എനിക്കു ചെയ്തു തരണമെന്ന് ആശിച്ചുകൊണ്ടുമല്ല ഞാൻ ഇത് എഴുതുന്നത്. എന്റെ ഈ പ്രശംസ ആരെങ്കിലും ഇല്ലാതാക്കുന്നതിനെക്കാൾ, മരിക്കുന്നതാണ് എനിക്കു നല്ലത്.

[16] എങ്കിലും, സുവിശേഷം അറിയിക്കുന്നെങ്കിൽ എനിക്കു പ്രശംസിക്കാൻ ഒന്നുമില്ല. ഞാൻ അതിനു നിർബന്ധിതനാണ്. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!

[17] ഞാൻ സ്വമേധയാ അത് ചെയ്യുന്നെങ്കിൽ, എനിക്കു പ്രതിഫലമുണ്ട്; സ്വമേധയാ അല്ലെങ്കിലോ, എന്നെ ഭരമേൽപ്പിച്ചതു നിറവേറ്റുകമാത്രമാണു ഞാൻ ചെയ്യുന്നത്.

[18] അപ്പോൾ എനിക്കുള്ള പ്രതിഫലം എന്താണ്? സുവിശേഷം എനിക്കു നൽകുന്ന അവകാശംമുഴുവൻ ഉപയോഗിക്കാതെ ഞാൻ സൗജന്യമായി സുവിശേഷം അറിയിക്കുന്നു എന്നതുതന്നെ.

[19] ഞാൻ എല്ലാ മനുഷ്യനിൽനിന്നും സ്വതന്ത്രനെങ്കിലും അധികംപേരെ നേടേണ്ടതിന് എന്നെത്തന്നെ എല്ലാവർക്കും അടിമയാക്കിയിരിക്കുന്നു.

[20] യെഹൂദരെ നേടാൻ, യെഹൂദർക്കു ഞാൻ യെഹൂദനെപ്പോലെയായി. ന്യായപ്രമാണത്തിന് അധീനൻ അല്ലെങ്കിൽപ്പോലും ന്യായപ്രമാണത്തിനു കീഴിലുള്ളവരെ നേടാൻ ഞാൻ ന്യായപ്രമാണത്തിനു കീഴിലുള്ളവനെപ്പോലെയായി.

[21] ന്യായപ്രമാണമില്ലാത്തവരെ നേടാൻ ഞാൻ അവർക്കു ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി. ക്രിസ്തുവിന്റെ പ്രമാണത്തിനു വിധേയനാകയാൽ വാസ്തവത്തിൽ ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രനല്ലതാനും.

[22] ബലഹീനരെ നേടാൻ ഞാൻ ബലഹീനർക്കു ബലഹീനനായി. ഏതെങ്കിലും വിധത്തിൽ ചിലരെ രക്ഷിക്കാൻ ഞാൻ എല്ലാവർക്കും എല്ലാം ആയിത്തീർന്നു.

[23] സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കാളിയാകാൻ സുവിശേഷത്തിനുവേണ്ടി ഞാൻ ഇതെല്ലാം ചെയ്യുന്നു.

[24] ഓട്ടക്കളത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുന്നെങ്കിലും ഒരാൾമാത്രമേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങളും സമ്മാനം നേടാൻ തക്കവണ്ണം ഓടുക.

[25] കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും കർശനമായ ആത്മനിയന്ത്രണം പാലിക്കുന്നു. വാടുന്ന കിരീടത്തിനുവേണ്ടിയാണ് അവർ അത് ചെയ്യുന്നത്; നാമോ വാടാത്ത കിരീടത്തിനുവേണ്ടിയും.

[26] ആകയാൽ ലക്ഷ്യമില്ലാതെയല്ല ഞാൻ ഓടുന്നത്. വായുവിൽ കുത്തുന്നവനെപ്പോലെയല്ല ഞാൻ മുഷ്ടിയുദ്ധംചെയ്യുന്നത്.

[27] മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ഞാൻ ദണ്ഡിപ്പിച്ച് അടിമയാക്കുന്നു.

കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters