Skip to content
Opens in a new window
Listen to this chapter • 2:37

[1] സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, ദൈവികരഹസ്യങ്ങൾ നിങ്ങളോടു പ്രഘോഷിച്ചതു വാഗ്വൈഭവമോ മാനുഷികജ്ഞാനമോ പ്രയോഗിച്ചുകൊണ്ടായിരുന്നില്ല.

[2] ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റെല്ലാറ്റിനെക്കുറിച്ചും അജ്ഞനെപ്പോലെ നിങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു.

[3] ബലഹീനനായി, ഭയവിഹ്വലതയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തെത്തിയത്.

[4] എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പിന്നെയോ ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു.

[5] നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിന്മേലല്ല, ദൈവശക്തിയിൽ തന്നെ അധിഷ്ഠിതമായിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്തത്.

[6] എന്നാൽ, പക്വതയുള്ളവരുടെ മധ്യേ ഞങ്ങൾ ജ്ഞാനത്തിന്റെസന്ദേശം പ്രഘോഷിക്കുന്നു. അത് ഈ യുഗത്തിന്റെയോ നശിച്ചുപോകാനിരിക്കുന്നവരായ ഈ കാലഘട്ടത്തിന്റെ ഭരണാധികാരികളുടെയോ ജ്ഞാനമല്ല.

[7] ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു.

[8] ഇക്കാലത്തെ അധികാരികളാരും ആ ജ്ഞാനം ഗ്രഹിച്ചില്ല; ഗ്രഹിച്ചിരുന്നെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിൽ തറയ്ക്കുകയില്ലായിരുന്നു.

[9] “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും”എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത് ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവച്ചിരിക്കുന്നു!

[10] എന്നാൽ, നമുക്ക് അത് ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു. ആത്മാവ് സകലവും, ദൈവത്തെ സംബന്ധിച്ച അഗാധകാര്യങ്ങൾപോലും, ആഴത്തിൽ ആരായുന്നു.

[11] ഒരു മനുഷ്യന്റെ ആത്മാവല്ലാതെ അയാളുടെ ചിന്തകൾ വേറെ ആരാണറിയുക? അങ്ങനെതന്നെ, ദൈവത്തിന്റെ ആത്മാവൊഴികെ മറ്റാരും ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുന്നില്ല.

[12] നാം ലോകത്തിന്റെ ആത്മാവിനെയല്ല, ദൈവം നമുക്കു സൗജന്യമായി നൽകിയിരിക്കുന്നതു ഗ്രഹിക്കാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെയാണ് നാം പ്രാപിച്ചിരിക്കുന്നത്.

[13] മനുഷ്യജ്ഞാനം ഞങ്ങളെ പഠിപ്പിച്ച വാക്കുകളിലൂടെയല്ല, ആത്മാവ് പഠിപ്പിച്ച വാക്കുകളിലൂടെയാണ് ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുന്നത്; അങ്ങനെ, ഞങ്ങൾ ആത്മികപാഠങ്ങൾ ആത്മാവിനാൽത്തന്നെ വ്യക്തമാക്കുന്നു.

[14] ദൈവാത്മാവ് ഇല്ലാത്തയാൾ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല, അവ അയാൾക്കു ഭോഷത്തമായി തോന്നുന്നു; ആത്മികമായി വിവേചിക്കേണ്ടതാകയാൽ അവയെ ഗ്രഹിക്കാൻ അയാൾക്കു സാധ്യവുമല്ല.

[15] സകലവും ആത്മികർ വിവേചിക്കുന്നു; ആർക്കും അവരെ വിധിക്കാനാകുന്നതുമില്ല.

[16] “കർത്താവിന്റെ മനസ്സ് അറിഞ്ഞിട്ട് അവിടത്തേക്ക് ആലോചന നൽകാൻ കഴിയുന്നവർ ആര്?” എന്നാൽ നാം ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.

കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters