Skip to content
Opens in a new window
Listen to this chapter • 3:06

[1] ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക.

[2] ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റി വയ്ക്കണം. അങ്ങനെ ചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ.

[3] നിങ്ങളുടെ സംഭാവന ജെറുശലേമിലേക്ക് കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം.

[4] ഞാനും പോകുന്നതു നല്ലതെന്നു തോന്നിയാൽ അവർക്ക് എന്നോടുകൂടെ പോരാം.

[5] ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്.

[6] ഒരുപക്ഷേ ഞാൻ കുറച്ചുകാലം നിങ്ങളോടുകൂടെ താമസിച്ചേക്കും, ശീതകാലം മുഴുവൻ അവിടെ ചെലവഴിച്ചെന്നും വരാം, അപ്പോൾ എന്റെ തുടർന്നുള്ള യാത്രയ്ക്കു വേണ്ടുന്ന സഹായം ചെയ്തുതരാൻ നിങ്ങൾക്കു കഴിയുമല്ലോ.

[7] ഇപ്പോൾ നിങ്ങളെ സന്ദർശിച്ചിട്ടു പെട്ടെന്നു മടങ്ങാനല്ല ഞാൻ ആഗ്രഹിക്കുന്നത്; കർത്താവ് അനുവദിച്ചാൽ കുറച്ചുകാലം നിങ്ങളോടൊപ്പം താമസിക്കാൻ ഞാൻ ആശിക്കുന്നു.

[8] എന്നാൽ പെന്തക്കൊസ്തുവരെ ഞാൻ എഫേസോസിൽ താമസിക്കും.

[9] കാരണം, ഫലപ്രദമായ വേലയ്ക്കുവേണ്ടി വലിയൊരു വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു; എന്നെ എതിർക്കുന്നവരും പലരുണ്ട്.

[10] തിമോത്തിയോസ് വരുമ്പോൾ, അയാൾ ഭയലേശമെന്യെ നിങ്ങളോടുകൂടെ വസിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. അയാൾ എന്നെപ്പോലെതന്നെ കർത്താവിന്റെ വേല ചെയ്യുകയാണല്ലോ.

[11] ആരും അയാളോട് അനാദരവ് കാണിക്കരുത്. എന്റെ അടുക്കൽ മടങ്ങിയെത്തേണ്ടതിന് അവനെ സമാധാനത്തോടെ യാത്രയയയ്ക്കണം. ഞാനും സഹോദരന്മാരും അയാളെ കാത്തിരിക്കുകയാണ്.

[12] നമ്മുടെ സഹോദരനായ അപ്പൊല്ലോസിന്റെ കാര്യം: സഹോദരരോടുകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ അയാളെ നിർബന്ധിച്ചു, എന്നാൽ ഉടനെ വരാൻ അയാൾക്കു തീരെ താൽപ്പര്യമില്ല, അവസരം ലഭിക്കുമ്പോൾ അയാൾ വരും.

[13] ജാഗ്രതയോടിരിക്കുക, വിശ്വാസത്തിൽ സുസ്ഥിരരായിരിക്കുക, ധൈര്യമുള്ളവരായിരിക്കുക, ശക്തരായിരിക്കുക.

[14] നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ.

[15] സഹോദരങ്ങളേ, അഖായയിൽ ആദ്യം വിശ്വസിച്ചത് സ്തെഫാനൊസിന്റെ കുടുംബമാണെന്നു നിങ്ങൾക്ക് അറിയാമല്ലോ; വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അവർ സ്വയം സമർപ്പിച്ചിരിക്കുകയാണ്.

[16] അങ്ങനെയുള്ളവർക്കും, ഈ ശുശ്രൂഷയിൽ അവരോടൊപ്പം അധ്വാനിക്കുന്നവർക്കും നിങ്ങൾ വിധേയരായിരിക്കണമെന്നു ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു.

[17] സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കോസും വന്നപ്പോൾ ഞാൻ ആനന്ദിച്ചു; കാരണം നിങ്ങളുടെ അഭാവം അവർ നികത്തി.

[18] അവർ എന്റെയും നിങ്ങളുടെയും ആത്മാവിനു നവോന്മേഷം നൽകിയിരിക്കുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുക.

[19] ഏഷ്യാപ്രവിശ്യയിലെ സഭകൾ നിങ്ങളെ അഭിവന്ദിക്കുന്നു. അക്വിലാസും പ്രിസ്കില്ലയും അവരുടെ ഭവനത്തിൽ കൂടിവരുന്ന സഭയും കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അഭിവന്ദിക്കുന്നു.

[20] എല്ലാ സഹോദരങ്ങളും അഭിവന്ദിക്കുന്നു. വിശുദ്ധചുംബനത്താൽ അന്യോന്യം അഭിവന്ദിക്കുക.

[21] പൗലോസ് എന്ന ഞാൻ, സ്വന്തം കയ്യാൽ ഈ വന്ദനം എഴുതുന്നു.

[22] കർത്താവിനെ സ്നേഹിക്കാത്ത ഏവരും ശാപഗ്രസ്തർ! കർത്താവേ, വരേണമേ!

[23] കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.

[24] നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം, ആമേൻ.

കൊരിന്ത്യർക്ക് എഴുതിയ ഒന്നാംലേഖനം — Chapters