[1] സഹോദരങ്ങളേ, എനിക്കു നിങ്ങളോട് സംസാരിക്കാൻ സാധിച്ചത് ആത്മികരോട് എന്നപോലെയല്ല, പിന്നെയോ ജഡികരോട്, ക്രിസ്തുവിൽ ശിശുതുല്യരോട് എന്നപോലെമാത്രമായിരുന്നു.
[2] ഞാൻ നിങ്ങൾക്കു പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല.
[3] നിങ്ങൾ ഇപ്പോഴും ജഡീകരാണ്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും നിലനിൽക്കെ നിങ്ങൾ ജഡികരല്ലേ? സാമാന്യജനത്തെപ്പോലെതന്നെയല്ലേ നിങ്ങൾ പെരുമാറുന്നത്?
[4] “ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാമാന്യമനുഷ്യരല്ലേ?
[5] ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിനു ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർ മാത്രമല്ലേ?
[6] ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്.
[7] അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല, വളർച്ച നൽകുന്ന ദൈവമത്രെ മഹത്ത്വമർഹിക്കുന്നവൻ.
[8] നടുന്നവനും നനയ്ക്കുന്നവനും തുല്യരത്രെ. ഓരോരുത്തർക്കും അവരവരുടെ പ്രയത്നത്തിന് അനുസൃതമായി പ്രതിഫലം ലഭിക്കും.
[9] ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം.
[10] ദൈവം എനിക്കു കൃപ നൽകിയതുകൊണ്ട് ജ്ഞാനിയായ ഒരു മുഖ്യശിൽപ്പിയെപ്പോലെ ഞാൻ അടിസ്ഥാനം ഇട്ടു. അതിന്മേൽ വേറൊരാൾ പണിയുന്നു; എന്നാൽ, പണിയുന്നവർ ഓരോരുത്തരും ശ്രദ്ധയോടെ വേണം പണിയാൻ.
[11] യേശുക്രിസ്തു എന്ന അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു; മറ്റൊന്നിടാൻ ആർക്കും സാധ്യമല്ല.
[12] ഈ അടിസ്ഥാനത്തിന്മേൽ വിവിധതരം നിർമാണ സാമഗ്രികളായ സ്വർണം, വെള്ളി, രത്നം ഇവയും തടി, പുല്ല്, വൈക്കോൽ എന്നിവയും ഉപയോഗിച്ചു പണിയുന്നു എങ്കിൽ അയാളുടെ പണി എന്തെന്ന് ഒരിക്കൽ വ്യക്തമാകും.
[13] അത് വെളിപ്പെടുത്തുന്നത് അഗ്നികൊണ്ടായിരിക്കും; അഗ്നി തന്നെ ഓരോരുത്തരുടെയും പ്രവൃത്തിയുടെ ശ്രേഷ്ഠത പരിശോധിക്കും.
[14] ഒരാളുടെ നിർമിതി അഗ്നിയെ അതിജീവിച്ചാൽ അയാൾക്കു പ്രതിഫലം ലഭിക്കും.
[15] അത് ദഹിച്ചു പോകുന്നെങ്കിലോ അയാൾക്കു നഷ്ടം വരും; അയാളോ രക്ഷപ്പെടും എന്നാൽ അഗ്നിജ്വാലയിലൂടെ കടന്നുവന്ന ഒരാളെപ്പോലെമാത്രം!
[16] നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ?
[17] ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നത് ആരായാലും അയാളെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ ആലയം വിശുദ്ധം; നിങ്ങൾ തന്നെയാണ് ആ ദൈവാലയം.
[18] ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ.
[19] ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ കുടുക്കുന്നു” എന്നും
[20] “കർത്താവ് ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് അറിയുന്നു” എന്നും എഴുതിയിരിക്കുന്നല്ലോ.
[21] അതുകൊണ്ട് ഇനിമേൽ വ്യക്തികളെക്കുറിച്ചു അഭിമാനംകൊള്ളാൻ പാടില്ല! സകലവും സകലരും നിങ്ങൾക്കുള്ളതാണ്,
[22] പൗലോസോ അപ്പൊല്ലോസോ കേഫാവോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്;
[23] നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.