Skip to content
Opens in a new window
Listen to this chapter • 4:59

[1] അതിനുശേഷം മോശെ യിസ്രായേൽ മക്കളുടെ സംഘത്തെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “നിങ്ങൾ പ്രമാണിക്കുവാൻ യഹോവ കല്പിച്ച വചനങ്ങൾ ഇവയാണ്:

[2] ആറ് ദിവസം വേല ചെയ്യണം; ഏഴാം ദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം; അന്ന് വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം.

[3] ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്”.

[4] മോശെ പിന്നെയും യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത്: “യഹോവ ഇപ്രകാരം കല്പിച്ചു:

[5] നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുക്കുവിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവരണം.

[6] പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,

[7] ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,

[8] വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം,

[9] ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ല് എന്നിവ തന്നെ.

[10] നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നത് എല്ലാം ഉണ്ടാക്കണം.

[11] തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ,

[12] തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,

[13] മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം,

[14] വെളിച്ചത്തിന് നിലവിളക്ക്, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന് എണ്ണ,

[15] ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,

[16] ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്റെ കാൽ,

[17] പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ,

[18] തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ,

[19] അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ”.

[20] അപ്പോൾ യിസ്രായേൽ മക്കളുടെ സർവ്വസഭയും മോശെയുടെ അടുക്കൽനിന്ന് പുറപ്പെട്ടു.

[21] ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിയ്ക്കും അതിന്റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.

[22] പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്ക് പൊൻവഴിപാട് കൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.

[23] നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അത് കൊണ്ട് വന്നു.

[24] വെള്ളിയും താമ്രവും വഴിപാടുകൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു.

[25] സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം തങ്ങളുടെ കൈകൊണ്ട് നെയ്തെടുത്ത നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.

[26] ഹൃദയത്തിൽ ഉത്സാഹം തോന്നിയ സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം കോലാട്ടുരോമം കൊണ്ട് നൂലുണ്ടാക്കി.

[27] പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ലുകളും ഗോമേദകക്കല്ലുകളും

[28] വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ട് വന്നു.

[29] മോശെമുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽ മക്കളിൽ ഔദാര്യമനസ്സുള്ള സകലപുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു.

[30] എന്നാൽ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞത്: “നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേരുചൊല്ലി വിളിച്ചിരിക്കുന്നു.

[31] കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ട് പണി ചെയ്യുവാനും

[32] രത്നം വെട്ടി പതിക്കുവാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൗശലപ്പണികളും ചെയ്യുവാനും

[33] യഹോവ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.

[34] അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിക്കുവാൻ യഹോവ തോന്നിച്ചിരിക്കുന്നു.

[35] കൊത്തുപണിക്കാരന്റെയും കൗശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പവേല ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്യുവാൻ യഹോവ അവരെ മനസ്സിൽ ജ്ഞാനംകൊണ്ട് നിറച്ചിരിക്കുന്നു.

പുറപ്പാട് — Chapters