[1] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
[2] “ഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു.
[3] അവൻ കൗശലപ്പണികൾ ചെയ്യുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടുള്ള പണി ചെയ്യുവാനും രത്നം വെട്ടി പതിക്കുവാനും
[4] മരത്തിൽ കൊത്തുപണികൾ ചെയ്യുവാനും സകലവിധമായ ശില്പവേലകൾ ചെയ്യുവാനും ഞാൻ അവനെ
[5] ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.
[6] ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ നിയോഗിക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോട് കല്പിച്ചതെല്ലാം അവർ ഉണ്ടാക്കും.
[7] സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളെല്ലാം
[8] മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളെല്ലാം
[9] ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളെല്ലം തൊട്ടിയും അതിന്റെ കാലുകളും വിശേഷവസ്ത്രങ്ങളും
[10] പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷയ്ക്കായിട്ട്
[11] അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗ്ഗവും ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും അവർ ഉണ്ടാക്കും”.
[12] യഹോവ പിന്നെയും മോശെയോട്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയണം: നിങ്ങൾ എന്റെ ശബ്ബത്ത് ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നറിയേണ്ടതിന് അത് തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.
[13] അതുകൊണ്ട് നിങ്ങൾ ശബ്ബത്ത് ആചരിക്കണം; അത് നിങ്ങൾക്ക് വിശുദ്ധം ആകുന്നു.
[14] അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം. ആരെങ്കിലും അന്ന് വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണം.
[15] ആറ് ദിവസം വേല ചെയ്യണം; എന്നാൽ ഏഴാം ദിവസം പൂർണ്ണവിശ്രമത്തിനുള്ള ശബ്ബത്താണ്; അത് യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.
[16] ആകയാൽ യിസ്രായേൽ മക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായി ആചരിക്കേണ്ടതിന് ശബ്ബത്തിനെ പ്രമാണിക്കണം.
[17] അത് എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറ് ദിവസംകൊണ്ടാണ് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവിടുന്ന് സ്വസ്ഥമായിരുന്ന് വിശ്രമിച്ചു”.
[18] ദൈവം സീനായി പർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.