Skip to content
Opens in a new window
Listen to this chapter • 4:05

[1] എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ ഒരു ലേവ്യകന്യകയെ വിവാഹം കഴിച്ചു.

[2] അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നുമാസം ഒളിപ്പിച്ചുവച്ചു.

[3] അവനെ പിന്നെ ഒളിച്ചുവയ്ക്കുവാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന് പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.

[4] അവന് എന്ത് സംഭവിക്കുമെന്ന് അറിയുവാൻ അവന്റെ സഹോദരി ദൂരത്ത് നിന്നു.

[5] അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിക്കുവാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അത് എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു.

[6] അവൾ അത് തുറന്നപ്പോൾ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോട് അലിവുതോന്നി: “ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്നാകുന്നു” എന്ന് പറഞ്ഞു.

[7] അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: “ഈ പൈതലിന് മുലപ്പാൽ കൊടുക്കണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരണമോ” എന്ന് ചോദിച്ചു.

[8] ഫറവോന്റെ പുത്രി അവളോട്: “ചെന്ന് കൊണ്ടുവരുക” എന്ന് പറഞ്ഞു. കന്യക ചെന്ന് പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.

[9] ഫറവോന്റെ പുത്രി അവളോട്: “നീ ഈ പൈതലിനെ കൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തണം; ഞാൻ നിനക്ക് ശമ്പളം തരാം” എന്ന് പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തുകൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തി.

[10] പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ട് പോയി, അവൻ അവൾക്കു മകനായി: “ഞാൻ അവനെ വെള്ളത്തിൽനിന്ന് വലിച്ചെടുത്തു” എന്ന് പറഞ്ഞ് അവൾ അവന് മോശെ എന്നു പേരിട്ടു.

[11] മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനവേല കണ്ടു. തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു ഈജിപ്ത്കാരൻ അടിക്കുന്നത് കണ്ടു.

[12] അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ ഈജിപ്ത്കാരനെ അടിച്ചു കൊന്ന് മണലിൽ മറവുചെയ്തു.

[13] പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നത് കണ്ടു, അന്യായം ചെയ്തവനോട്: “നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.

[14] അതിന് അവൻ: “നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? ഈജിപ്ത്കാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ” എന്നു ചോദിച്ചു. അപ്പോൾ കാര്യം പരസ്യമായിപ്പോയല്ലോ എന്ന് പറഞ്ഞ് മോശെ പേടിച്ചു.

[15] ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്നു താമസിച്ചു; അവൻ ഒരു കിണറിനരികെ ഇരുന്നു.

[16] മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിക്കുവാൻ വെള്ളംകോരി തൊട്ടികൾ നിറച്ചു.

[17] എന്നാൽ ഇടയന്മാർ വന്ന് അവരെ ഓടിച്ചു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു.

[18] അവർ തങ്ങളുടെ അപ്പനായ രെയൂവേലിന്റെ അടുക്കൽ വന്നപ്പോൾ: “നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ?” എന്ന് അവൻ ചോദിച്ചു.

[19] “ഒരു ഈജിപ്റ്റുകാരൻ ഇടയന്മാരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിച്ച്, ഞങ്ങൾക്കു വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു” എന്ന് അവർ പറഞ്ഞു.

[20] അവൻ തന്റെ പുത്രിമാരോട്: “അവൻ എവിടെ? നിങ്ങൾ അവനെ അവിടെ വിട്ടേച്ചു വന്നതെന്ത്? ഭക്ഷണം കഴിക്കുവാൻ അവനെ വിളിക്കുവിൻ” എന്നു പറഞ്ഞു.

[21] മോശെയ്ക്ക് അവനോടുകൂടെ താമസിക്കുവാൻ സമ്മതമായി; അവൻ മോശെയ്ക്ക് തന്റെ മകൾ സിപ്പോറയെ കൊടുത്തു.

[22] അവൾ ഒരു മകനെ പ്രസവിച്ചു: “ഞാൻ അന്യദേശത്ത് പരദേശി ആയിരിക്കുന്നു” എന്നു പറഞ്ഞ് മോശെ അവന് ഗേർശോം എന്നു പേരിട്ടു.

[23] കുറെനാൾ കഴിഞ്ഞപ്പോൾ ഈജിപ്റ്റിലെ രാജാവ് മരിച്ചു. യിസ്രായേൽ മക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.

[24] ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമം ഓർത്തു.

[25] ദൈവം യിസ്രായേൽ മക്കളെ കടാക്ഷിച്ചു; ദൈവം അവരുടെ സാഹചര്യം അറിഞ്ഞ്.

പുറപ്പാട് — Chapters