[1] യഹോവ പിന്നെയും മോശെയോട് പറഞ്ഞു: “നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിക്കുവിൻ.
[2] മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടി കയറി വരുകയുമരുത്” എന്ന് കല്പിച്ചു.
[3] അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്ന് ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു.
[4] മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു.
[5] പിന്നെ അവർ യിസ്രായേൽ മക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.
[6] മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.
[7] അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു.
[8] അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ” എന്ന് പറഞ്ഞു.
[9] അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു.
[10] അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവിടുത്തെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
[11] യിസ്രായേൽ മക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ട് ഭക്ഷണപാനീയങ്ങൾ കഴിച്ചു.
[12] പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിയ്ക്കുക; ഞാൻ നിനക്ക് കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്ന് അരുളിച്ചെയ്തു.
[13] അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റ്, മോശെ ദൈവത്തിന്റെ പർവ്വതത്തിൽ കയറി.
[14] അവൻ മൂപ്പന്മാരോട്: “ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിക്കുവിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടി ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ” എന്ന് പറഞ്ഞു.
[15] അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.
[16] യഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്ന് മോശെയെ വിളിച്ചു.
[17] യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽ മക്കൾക്ക് തോന്നി.
[18] മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.