[1] കുഞ്ഞാട് ഏഴാംമുദ്ര തുറന്നപ്പോൾ സ്വർഗത്തിൽ ഏകദേശം അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി.
[2] ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ ഞാൻ അപ്പോൾ കണ്ടു; അവർക്ക് ഏഴു കാഹളം നൽകപ്പെടുകയുംചെയ്തു.
[3] അപ്പോൾ മറ്റൊരു ദൂതൻ തങ്കധൂപകലശവുമായി യാഗപീഠത്തിനരികെ വന്നുനിന്നു. സിംഹാസനത്തിനുമുമ്പിലുള്ള തങ്കയാഗപീഠത്തിന്മേൽ സകലവിശുദ്ധരുടെയും പ്രാർഥനകളോടുകൂടെ അർപ്പിക്കാൻ തനിക്കു വളരെ ധൂപവർഗം ലഭിച്ചു.
[4] ദൂതന്റെ കയ്യിൽനിന്നും ധൂപവർഗത്തിന്റെ പുക വിശുദ്ധരുടെ പ്രാർഥനകളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയർന്നു.
[5] ആ ദൂതൻ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീക്കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു. അപ്പോൾ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
[6] കാഹളമേന്തിയ ഏഴു ദൂതന്മാരും കാഹളം ഊതാൻ തയ്യാറെടുത്തു.
[7] ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തം കലർന്ന കന്മഴയും തീയും ഉണ്ടായി, അവ ഭൂമിയിലേക്ക് വർഷിച്ചു. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം വെന്ത് ചാമ്പലായി; വൃക്ഷങ്ങളിൽ മൂന്നിലൊന്നും എല്ലാ പച്ചപ്പുല്ലും കരിഞ്ഞുപോയി.
[8] രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വൻമലപോലെ വലിപ്പമുള്ള എന്തോ ഒന്ന് കത്തിക്കൊണ്ടു സമുദ്രത്തിലേക്ക് പതിച്ചു. സമുദ്രത്തിന്റെ മൂന്നിലൊന്നു ഭാഗം രക്തമായിത്തീർന്നു.
[9] സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്നു ചത്തൊടുങ്ങുകയും കപ്പലുകളിൽ മൂന്നിലൊന്നു തകർന്നുപോകുകയുംചെയ്തു.
[10] മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ തീപ്പന്തംപോലെ കത്തിജ്വലിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും നിപതിച്ചു.
[11] —ആ നക്ഷത്രത്തിനു കയ്പ് എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്പ്പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയുംചെയ്തു.
[12] നാലാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും മൂന്നിലൊന്നു ഭാഗത്തിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ആഘാതമേറ്റു. അവയുടെ മൂന്നിലൊന്ന് ഭാഗം ഇരുണ്ടുപോയി. അങ്ങനെ, പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്ന് ഭാഗം അപ്രത്യക്ഷമായി.
[13] ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ, “ഇനിയുള്ള മൂന്നു ദൂതന്മാർ കാഹളം ഊതുമ്പോൾ ഭൂവാസികൾക്കുണ്ടാകുന്ന അനുഭവം ഭയങ്കരം! ഭയങ്കരം! ഭയങ്കരം! എന്നിങ്ങനെ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ട് ഒരു കഴുകൻ ആകാശമധ്യേ പറക്കുന്നതു ഞാൻ കാണുകയും കേൾക്കുകയുംചെയ്തു.”