Skip to content
Opens in a new window
Listen to this chapter • 3:10

[1] ഇതിനുശേഷം നാലു ദൂതന്മാർ ഭൂമിയുടെ നാലുകോണുകളിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയിലോ സമുദ്രത്തിലോ ഏതെങ്കിലും വൃക്ഷത്തിന്മേലോ വീശാത്തവിധം ഭൂമിയിലെ നാലു കാറ്റിനെയും അവർ പിടിച്ചിരുന്നു.

[2] മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ:

[3] “നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിടുന്നതുവരെ ഭൂമിക്കോ സമുദ്രത്തിനോ വൃക്ഷങ്ങൾക്കോ കേടുവരുത്തരുത്” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

[4] ഞാൻ മുദ്രയേറ്റവരുടെ സംഖ്യയും കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും മുദ്രയേറ്റവർ 1,44,000 പേർ ആയിരുന്നു.

[5] യെഹൂദഗോത്രത്തിൽനിന്നു മുദ്രയേറ്റവർ 12,000, രൂബേൻ ഗോത്രത്തിൽനിന്ന് 12,000, ഗാദ് ഗോത്രത്തിൽനിന്ന് 12,000,

[6] ആശേർ ഗോത്രത്തിൽനിന്ന് 12,000, നഫ്താലി ഗോത്രത്തിൽനിന്ന് 12,000, മനശ്ശെ ഗോത്രത്തിൽനിന്ന് 12,000,

[7] ശിമയോൻ ഗോത്രത്തിൽനിന്ന് 12,000, ലേവി ഗോത്രത്തിൽനിന്ന് 12,000, യിസ്സാഖാർ ഗോത്രത്തിൽനിന്ന് 12,000,

[8] സെബൂലൂൻ ഗോത്രത്തിൽനിന്ന് 12,000, യോസഫ് ഗോത്രത്തിൽനിന്ന് 12,000, ബെന്യാമിൻഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000.

[9] ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ എല്ലാ രാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കയ്യിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു.

[10] അവർ അത്യുച്ചത്തിൽ: “ ‘രക്ഷ’ സിംഹാസനസ്ഥനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്” എന്ന് ആർത്തുകൊണ്ടിരുന്നു.

[11] അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും, “നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ, ആമേൻ” എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയുംചെയ്തു.

[13] പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോടു, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്ന് ചോദിച്ചു.

[14] അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്ന് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു.

[15] ആകയാൽ, “അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ, രാപകൽ ദൈവത്തെ ആരാധിക്കുന്നു. സിംഹാസനസ്ഥൻ അവർക്കുമീതേ കൂടാരമായിരിക്കും.

[16] ‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല; വെയിലോ അത്യുഷ്ണമോ,’ അവരെ ഒരിക്കലും ബാധിക്കുകയുമില്ല.

[17] കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട് അവരെ മേയിച്ച് ‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’ ‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’”

യോഹന്നാന് ലഭിച്ച വെളിപ്പാട് — Chapters