Skip to content
Opens in a new window
Listen to this chapter • 4:17

[1] ഞാൻ നോക്കി: അപ്പോൾ സീയോൻ മലയിൽ കുഞ്ഞാടും അവിടത്തോടൊപ്പം നെറ്റിയിൽ കുഞ്ഞാടിന്റെയും പിതാവിന്റെയും നാമം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 1,44,000 പേരും ഇതാ നിൽക്കുന്നു!

[2] സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. അത് അലറുന്ന തിരമാലപോലെയും മഹാമേഘഗർജനംപോലെയും ആയിരുന്നു. ആ ശബ്ദം അനേകം വൈണികന്മാർ ഒരുമിച്ച് വീണവായിക്കുന്നതിനു സമാനവുമായിരുന്നു.

[3] സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കുംമുമ്പാകെ അവർ പുതിയൊരു ഗീതം ആലപിച്ചു. ഭൂമിയിൽനിന്നു വീണ്ടെടുക്കപ്പെട്ട 1,44,000 പേർക്കല്ലാതെ ആർക്കും ആ ഗീതം പഠിക്കാൻ കഴിഞ്ഞില്ല.

[4] അവർ സ്ത്രീകളുമായി മലിനപ്പെടാതെ സ്വയം കാത്തതിനാൽ, ചാരിത്ര്യം നഷ്ടപ്പെടാത്തവരാണ്. കുഞ്ഞാട് പോകുന്നിടത്തെല്ലാം അവർ അവിടത്തെ അനുഗമിക്കുന്നു. ദൈവത്തിനും കുഞ്ഞാടിനും പ്രഥമഫലമായി സമർപ്പിക്കാൻ അവരെ മനുഷ്യരിൽനിന്നു വിലയ്ക്കു വാങ്ങിയിരിക്കുന്നു.

[5] അവരുടെ അധരങ്ങളിൽ ഒരിക്കലും വ്യാജം ഉണ്ടായിരുന്നില്ല; അവർ നിഷ്കളങ്കരാണ്.

[6] മറ്റൊരു ദൂതൻ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിലുള്ള എല്ലാ രാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും ജനങ്ങളോടും അറിയിക്കാനുള്ള നിത്യസുവിശേഷം അവന്റെ കൈവശമുണ്ടായിരുന്നു.

[7] “ദൈവത്തെ ഭയപ്പെട്ട് അവിടത്തേക്കു മഹത്ത്വം കൊടുക്കുക; അവിടത്തെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാ നീരുറവുകളും സൃഷ്ടിച്ചവനെ ആരാധിക്കുക!” എന്നിങ്ങനെ ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

[8] തുടർന്നു രണ്ടാമത്തെ ദൂതൻ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ തന്റെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യം സകലരാജ്യങ്ങളെയും കുടിപ്പിച്ച ‘മഹാനഗരമായ ബാബിലോൺ ഇതാ നിലംപതിച്ചിരിക്കുന്നു’!”

[9] അതിന്റെ ശേഷം മൂന്നാമത്തെ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ആരെങ്കിലും മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ അവന്റെ അടയാളം സ്വീകരിക്കുകയോ ചെയ്താൽ

[10] ദൈവകോപത്തിന്റെ ചഷകത്തിൽ പൂർണവീര്യത്തോടെ പകർന്നുവെച്ചിരിക്കുന്ന ദൈവക്രോധമെന്ന മദ്യം അയാൾ കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും അവർ ദണ്ഡനം അനുഭവിക്കും.

[11] അവരുടെ ദണ്ഡനത്തിന്റെ പുക യുഗാനുയുഗം ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുകയോ അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് രാപകൽ സ്വസ്ഥത അന്യമായിരിക്കും.”

[12] ദൈവകൽപ്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം സൂക്ഷിക്കുകയുംചെയ്യുന്ന ദൈവജനത്തിന് ഇവിടെ സഹിഷ്ണുത അത്യാവശ്യമായിരിക്കുന്നു.

[13] അപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടത്, “എഴുതുക; ഇപ്പോൾമുതൽ കർത്താവിൽ മരിക്കുന്നവർ അനുഗൃഹീതർ.” “അതേ,” ദൈവാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, “തങ്ങളുടെ അധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കും.”

[14] അതിനുശേഷം ഒരു വെൺമേഘം ഞാൻ കണ്ടു. ഇതാ, ആ മേഘത്തിനുമീതേ മനുഷ്യപുത്രന് തുല്യനായ ഒരുവൻ തലയിൽ തങ്കക്കിരീടമണിഞ്ഞും കയ്യിൽ മൂർച്ചയുള്ള അരിവാളേന്തിയും ഇരിക്കുന്നു.

[15] അപ്പോൾ മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്ന് പുറത്തുവന്നു മേഘത്തിന്മേൽ ഇരിക്കുന്നവനോട് അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭൂമിയിലെ വിളവു കൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്ത്തിനുള്ള സമയവും ഇതാ വന്നിരിക്കുന്നു. അതുകൊണ്ട്, ഇപ്പോൾ നിന്റെ അരിവാൾ എടുത്തു കൊയ്ത്ത് ആരംഭിക്കുക.”

[16] മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു; അങ്ങനെ ഭൂമിയിൽ കൊയ്ത്തു നടന്നു.

[17] വേറൊരു ദൂതനും സ്വർഗത്തിലെ ദൈവാലയത്തിൽനിന്ന് വന്നു. അവന്റെ കയ്യിൽ മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു.

[18] അഗ്നിയുടെമേൽ അധികാരമുള്ള മറ്റൊരു ദൂതൻ യാഗപീഠത്തിങ്കൽനിന്നു വന്ന് മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “ഭൂമിയിൽ മുന്തിരിങ്ങ പാകമായിരിക്കയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്നു മുന്തിരിക്കുലകൾ മുറിച്ചെടുക്കുക” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

[19] ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് മുന്തിരിവിളവ് ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് എറിഞ്ഞു.

[20] നഗരത്തിനു പുറത്തുവെച്ച് മുന്തിരിക്കുല ചക്കിൽ ചവിട്ടിമെതിച്ചു. ചക്കിൽനിന്നു രക്തം പുറപ്പെട്ട് ഒരു കുതിരയുടെ കടിഞ്ഞാണുള്ള ഉയരംവരെ പൊങ്ങി, 300 കിലോമീറ്റർ ദൂരംവരെ ഒഴുകി.

യോഹന്നാന് ലഭിച്ച വെളിപ്പാട് — Chapters