Skip to content
Opens in a new window
Listen to this chapter • 5:05

[1] പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല.

[2] മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു.

[3] അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയുംചെയ്യും.

[4] അവിടന്ന് അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”

[5] സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”

[6] അവിടന്ന് പിന്നെയും എന്നോടരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആദിയും അന്തവും ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്നു സൗജന്യമായി കുടിക്കാൻ നൽകും.

[7] വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും.

[8] എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”

[9] അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്ന് എന്നോട് പറഞ്ഞത്: “വരിക, കുഞ്ഞാടിന്റെ പത്നിയായിത്തീരേണ്ട മണവാട്ടിയെ ഞാൻ കാണിച്ചുതരാം.”

[10] പിന്നെ അയാൾ എന്നെ ആത്മാവിൽ വലിപ്പമേറിയതും ഉന്നതവുമായ ഒരു പർവതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി; സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതായ ജെറുശലേം എന്ന വിശുദ്ധനഗരം എനിക്കു കാണിച്ചുതന്നു.

[11] ദൈവികപ്രഭയിൽ അത് വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ആ പ്രഭ ഏറ്റവും വിലയേറിയ രത്നത്തിന്റേതുപോലെ—അച്ഛസ്ഫടികമായ സൂര്യകാന്തത്തിന്റേതുപോലെ ആയിരുന്നു.

[12] അതിന് ഉയർന്ന ഒരു വലിയ കോട്ടയും കോട്ടയ്ക്കു പന്ത്രണ്ട് കവാടങ്ങളും കവാടങ്ങളിൽ ഓരോന്നിലും കാവലായി ഓരോ ദൂതന്മാരും ഉണ്ട്. ഓരോ കവാടത്തിലും ഇസ്രായേൽ ഗോത്രങ്ങളിൽ ഓരോന്നിന്റെയും നാമം രേഖപ്പെടുത്തിയിരിക്കുന്നു.

[13] മൂന്നു കവാടങ്ങൾ കിഴക്കും മൂന്നു കവാടങ്ങൾ വടക്കും മൂന്നു കവാടങ്ങൾ തെക്കും മൂന്നു കവാടങ്ങൾ പടിഞ്ഞാറും ആയിരുന്നു.

[14] നഗരത്തിന്റെ കോട്ടമതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയിൽ ഓരോന്നിലും കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഓരോരുത്തരുടെ പേരും ഉണ്ട്.

[15] എന്നോടു സംസാരിച്ച ദൂതന്റെ കൈവശം നഗരവും അതിന്റെ കവാടങ്ങളും കോട്ടയും അളക്കുന്നതിനു തങ്കംകൊണ്ടുള്ള ഒരു ദണ്ഡ് ഉണ്ടായിരുന്നു.

[16] സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ; അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു.

[17] പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ ആയിരുന്നു.

[18] കോട്ട നിർമിച്ചിരിക്കുന്നത് സൂര്യകാന്തക്കല്ലുകൊണ്ടും നഗരമാകട്ടെ, അച്ഛസ്ഫടികംപോലെയുള്ള തനിത്തങ്കംകൊണ്ടുമായിരുന്നു.

[19] കോട്ടയുടെ അടിസ്ഥാനശിലകൾ സർവവിധരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാമത്തെ അടിസ്ഥാനശില സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം,

[20] അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചെമപ്പുകല്ല്, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം.

[21] പന്ത്രണ്ട് കവാടങ്ങളാകട്ടെ, പന്ത്രണ്ട് മുത്തുകളായിരുന്നു; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ അച്ഛസ്ഫടികത്തിനു തുല്യമായ തങ്കവുമായിരുന്നു.

[22] നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു.

[23] നഗരത്തിൽ പ്രകാശിക്കേണ്ടതിനായി സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം, ദൈവതേജസ്സ് അതിനെ പ്രശോഭിതമാക്കിയിരുന്നു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു.

[24] ജനതകൾ അതിന്റെ പ്രകാശത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ സർവപ്രതാപത്തോടുംകൂടെ അതിലേക്ക് വന്നുചേരും.

[25] അതിന്റെ കവാടങ്ങൾ പകൽ ഒരിക്കലും അടയ്ക്കുകയില്ല; രാത്രി അവിടെ ഉണ്ടായിരിക്കുകയുമില്ല.

[26] ജനതകൾ അവരുടെ മഹത്ത്വത്തോടെയും ബഹുമാനത്തോടെയും അതിലേക്കു വരും.

[27] കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.

യോഹന്നാന് ലഭിച്ച വെളിപ്പാട് — Chapters