Skip to content
Opens in a new window
Listen to this chapter • 5:30

[1] ആ ദിവസങ്ങളിൽത്തന്നെ വീണ്ടും ഒരു വലിയ ജനക്കൂട്ടം വന്നുകൂടിയിരുന്നു. അവരുടെപക്കൽ ഭക്ഷിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. അതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്:

[2] “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പം ആയിട്ട് മൂന്നു ദിവസമായി; ഇവർക്ക് ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല.

[3] ഞാൻ അവരെ വിശപ്പോടെ വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും; അവരിൽ ചിലർ വളരെ ദൂരത്തുനിന്നു വന്നവരുമാണ്” എന്ന് പറഞ്ഞു.

[4] അതിന് ശിഷ്യന്മാർ, “ഇവിടെ ഈ വിജനപ്രദേശത്ത് ഇവർക്ക് മതിയാകുന്നത്ര അപ്പം കിട്ടുന്നത് എവിടെനിന്ന്?” എന്ന് ചോദിച്ചു.

[5] യേശു അവരോട്, “നിങ്ങളുടെ കയ്യിൽ എത്ര അപ്പം ഉണ്ട്?” എന്ന് ചോദിച്ചു. “ഏഴ്” അവർ മറുപടി പറഞ്ഞു.

[6] യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. പിന്നീട് ആ ഏഴ് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി, ജനങ്ങൾക്കു വിളമ്പാൻ ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് വിളമ്പുകയുംചെയ്തു.

[7] അവരുടെപക്കൽ കുറെ ചെറിയ മീനും ഉണ്ടായിരുന്നു; അതിനുവേണ്ടിയും അദ്ദേഹം നന്ദി അർപ്പിച്ചതിനുശേഷം, വിളമ്പാൻ ശിഷ്യന്മാരോടു പറഞ്ഞു.

[8] ജനങ്ങൾ ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.

[9] അവിടെ ഭക്ഷണം കഴിച്ചവരിൽ പുരുഷന്മാർ ഏകദേശം നാലായിരം ആയിരുന്നു.

[10] അവരെ യാത്രയയച്ചശേഷം അദ്ദേഹം ശിഷ്യന്മാരോടുകൂടെ വള്ളത്തിൽ കയറി ദൽമനൂഥാ ദേശത്തേക്കു യാത്രയായി.

[11] പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശു ദൈവപുത്രൻ ആണെന്നതിന് തെളിവായി അവർ സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

[12] അദ്ദേഹം ആത്മാവിൽ ഞരങ്ങിക്കൊണ്ട്: “ഈ തലമുറ എന്തുകൊണ്ടാണ് ചിഹ്നം ആവശ്യപ്പെടുന്നത്? ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഈ തലമുറയ്ക്ക് ഒരു അത്ഭുതചിഹ്നവും നൽകപ്പെടുകയില്ല” എന്ന് പറഞ്ഞു.

[13] പിന്നീട് അദ്ദേഹം അവരെ വിട്ടു വള്ളത്തിൽ കയറി അക്കരയ്ക്കു യാത്രയായി.

[14] വള്ളത്തിൽ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരപ്പം ഒഴികെ വേറെ അപ്പം കൊണ്ടുവരാൻ ശിഷ്യന്മാർ മറന്നുപോയിരുന്നു.

[15] “സൂക്ഷിക്കുക, പരീശന്മാരുടെയും ഹെരോദാവിന്റെയും പുളിച്ചമാവിനെപ്പറ്റി ജാഗ്രതയുള്ളവരായിരിക്കുക.” യേശു അവർക്കു മുന്നറിയിപ്പു നൽകി.

[16] “നമ്മുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്” എന്ന് അവർ പരസ്പരം ചർച്ചചെയ്തു.

[17] അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു അവരോട് ചോദിച്ചു, “അപ്പം എടുത്തില്ല എന്നതിനെക്കുറിച്ച് നിങ്ങൾ ചർച്ചചെയ്യുന്നതെന്ത്? നിങ്ങൾ ഇപ്പോഴും കണ്ടിട്ട് ഗ്രഹിക്കുന്നില്ലേ? നിങ്ങൾക്ക് കാര്യങ്ങൾ വേണ്ടതുപോലെ മനസ്സിലാക്കാൻ കഴിയുന്നില്ലേ?

[18] അതോ, കണ്ണുണ്ടായിട്ടും കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ? നിങ്ങൾ ഓർക്കുന്നതുമില്ലേ?

[19] ഞാൻ അഞ്ച് അപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചാണ് നിങ്ങൾ പെറുക്കിയത്?” “പന്ത്രണ്ട്” അവർ മറുപടി പറഞ്ഞു.

[20] “ഞാൻ ഏഴ് അപ്പം നുറുക്കി നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചെടുത്തു?” “ഏഴ്” അവർ മറുപടി പറഞ്ഞു.

[21] “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?” അദ്ദേഹം അവരോടു ചോദിച്ചു.

[22] അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു.

[23] യേശു അന്ധന്റെ കൈക്കുപിടിച്ചു, ഗ്രാമത്തിനു പുറത്തു കൊണ്ടുപോയി. അദ്ദേഹം അയാളുടെ കണ്ണുകളിൽ തുപ്പി, തന്റെ കൈകൾ അയാളുടെമേൽ വെച്ചുകൊണ്ട് അയാളോട്, “നീ എന്തെങ്കിലും കാണുന്നുണ്ടോ?” എന്ന് ചോദിച്ചു.

[24] അയാൾ ചുറ്റും നോക്കിയിട്ട്, “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, വ്യക്തമായിട്ടല്ല, അവർ നടക്കുന്ന മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്” എന്ന് പറഞ്ഞു.

[25] യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു.

[26] “ഗ്രാമത്തിനുള്ളിൽ പോകരുത്” എന്നു പറഞ്ഞ് യേശു അയാളെ നേരേ വീട്ടിലേക്ക് അയച്ചു.

[27] യേശുവും ശിഷ്യന്മാരും കൈസര്യ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു യാത്രയായി. പോകുന്ന വഴിയിൽ അദ്ദേഹം അവരോട്, “ഞാൻ ആര് ആകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്ന് ചോദിച്ചു.

[28] അതിന് ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്ന് ചിലരും ഏലിയാവ് എന്ന് മറ്റുചിലരും പ്രവാചകന്മാരിൽ ഒരാൾ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.

[29] “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “അങ്ങ് ക്രിസ്തു ആകുന്നു,” എന്ന് പത്രോസ് പ്രതിവചിച്ചു.

[30] തന്നെപ്പറ്റി ആരോടും പറയരുത് എന്ന കർശനനിർദേശവും യേശു അവർക്ക് നൽകി.

[31] മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം അവരെ ഉപദേശിച്ചുതുടങ്ങി.

[32] അദ്ദേഹം ഈ കാര്യം തുറന്നു പറഞ്ഞപ്പോൾ പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി ശാസിച്ചുതുടങ്ങി.

[33] യേശുവോ തിരിഞ്ഞു തന്റെ ശിഷ്യന്മാരെ നോക്കിയിട്ട്, പത്രോസിനെ ശാസിച്ചു. “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്ന് പറഞ്ഞു.

[34] പിന്നെ അദ്ദേഹം ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും അടുക്കൽ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ അനുയായി ആകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.

[35] സ്വന്തം ജീവനെ പരിരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് നഷ്ടമാകും; എന്നാൽ എന്റെ അനുയായി ആയതു നിമിത്തവും സുവിശേഷം നിമിത്തവും സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതിനെ രക്ഷിക്കും.

[36] ഒരു മനുഷ്യൻ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്ത് പ്രയോജനം?

[37] അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്ത് പകരം കൊടുക്കാൻ കഴിയും?

[38] വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെക്കുറിച്ചും ലജ്ജിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും (ഞാനും) തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതരോടുകൂടെ വരുമ്പോൾ ലജ്ജിക്കും.”

മർക്കോസ് എഴുതിയ സുവിശേഷം — Chapters