[1] യേശു ദൈവാലയത്തിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ, “ഗുരുവേ, നോക്കിയാലും, എന്തൊരു കല്ല്! എങ്ങനെയുള്ള പണി!” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
[2] യേശു അവനോട്, “ഇത്ര മഹത്തായ പണികൾ നീ കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും” എന്ന് പറഞ്ഞു.
[3] ഇതിനുശേഷം യേശു ഒലിവുമലയിൽ ദൈവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും സ്വകാര്യമായി അദ്ദേഹത്തോട്,
[4] “എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ നിവൃത്തിയാകും എന്നതിന് ചിഹ്നം എന്തായിരിക്കുമെന്ന് ഞങ്ങൾക്കു പറഞ്ഞുതന്നാലും” എന്ന് അഭ്യർഥിച്ചു.
[5] യേശു അവരോടു പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
[6] ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
[7] നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
[8] ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമവും ഉണ്ടാകും. ഇവ പ്രസവവേദനയുടെ ആരംഭംമാത്രം.
[9] “ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയുംചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും.
[10] എന്നാൽ, അവസാനം വരുന്നതിനുമുമ്പായി സകലജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്.
[11] അവർ നിങ്ങളെ കൊണ്ടുപോയി കുറ്റവിചാരണയ്ക് ഏൽപ്പിക്കുമ്പോൾ, അവിടെ എന്താണു പറയേണ്ടതെന്നു ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ആസമയത്ത് ദൈവം നിങ്ങളോട് പറയുന്നതെന്തോ അതുമാത്രം പറഞ്ഞാൽ മതി; കാരണം നിങ്ങളല്ല, പരിശുദ്ധാത്മാവാണ് നിങ്ങളിലൂടെ സംസാരിക്കുന്നത്.
[12] “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയുംചെയ്യും.
[13] നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
[14] “എന്നാൽ ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ നിൽക്കരുതാത്ത സ്ഥാനത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—, യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
[15] മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീട്ടിനുള്ളിൽ കയറരുത്.
[16] വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
[17] ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം!
[18] നിങ്ങളുടെ പലായനം ശീതകാലത്ത് ആകരുതേ എന്ന് പ്രാർഥിക്കുക.
[19] കാരണം, ദൈവം ലോകത്തെ സൃഷ്ടിച്ച നാൾമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ പീഡനത്തിന്റെ നാളുകൾ ആയിരിക്കും അവ.
[20] “കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
[21] അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അത് വിശ്വസിക്കരുത്.
[22] കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്ന് അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
[23] ആകയാൽ ജാഗ്രത പാലിക്കുക; ഞാൻ ഇത് മുൻകൂട്ടിത്തന്നെ സകലവും നിങ്ങളോട് പറഞ്ഞിരിക്കുന്നു.
[24] “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചതിനുശേഷം, “ ‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:
[25] നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
[26] “അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും പ്രതാപത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് മനുഷ്യർ കാണും.
[27] അവിടന്ന് തെരഞ്ഞെടുത്തവർക്കായി അന്നാളിൽ അവിടത്തെ ദൂതന്മാരെ അയയ്ക്കും; ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന്, മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ ദൂതന്മാർ ഒന്നിച്ചുകൂട്ടും.
[28] “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
[29] അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങൾ സംഭവിക്കുന്നത് കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്ന് മനസ്സിലാക്കുക.
[30] ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല നിശ്ചയം.
[31] ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ അനശ്വരമായിരിക്കും.
[32] “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ, പുത്രൻപോലുമോ, അറിയുന്നില്ല.
[33] സൂക്ഷിക്കുക! ജാഗ്രതയോടെയിരിക്കുക! ആ സമയം എപ്പോൾ വരുന്നെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.
[34] ഒരു മനുഷ്യൻ തന്റെ വീടു സേവകരെ ഏൽപ്പിച്ചിട്ടു സേവകർ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിക്കുകയും വാതിൽകാവൽക്കാരനോടു ജാഗ്രതയോടെ ഇരിക്കാൻ കൽപ്പിക്കുകയുംചെയ്തിട്ട് ദൂരേക്കു പോകുന്നതുപോലെയാകുന്നു ഇത്.
[35] “ഭവനത്തിന്റെ യജമാനൻ തിരികെ വരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്ക് അറിയാത്തതുകൊണ്ട് ജാഗ്രതയോടിരിക്കുക. അത് സന്ധ്യക്കോ അർധരാത്രിയിലോ പുലർച്ചയ്ക്കോ ആയിരിക്കാം.
[36] അദ്ദേഹത്തിന്റെ വരവ് അപ്രതീക്ഷിതസമയത്തായിരിക്കയാൽ നിങ്ങൾ ഉറങ്ങുന്നവരായി കാണപ്പെടരുത്.
[37] ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നതുതന്നെ എല്ലാവരോടുമുള്ള എന്റെ കൽപ്പനയാണ്: ‘ജാഗ്രതയോടെയിരിക്കുക!’ ”