[1] ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ ആരംഭം:
[2] യെശയ്യാപ്രവാചകൻ തന്റെ പുസ്തകത്തിൽ, “ഇതാ ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു; അയാൾ നിനക്കു വഴിയൊരുക്കും.” എന്നും
[3] “ ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’ എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ഒരുവന്റെ ശബ്ദമാണിത്!” എന്ന് എഴുതിയിരുന്നതുപോലെ,
[4] ഈ ശബ്ദമായി യോഹന്നാൻസ്നാപകൻ വന്നു! അദ്ദേഹം മരുഭൂമിയിൽവെച്ച് ജനത്തോട്, അവർ അവരുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു.
[5] യെഹൂദ്യഗ്രാമങ്ങളിൽ എല്ലായിടത്തുനിന്നുള്ളവരും ജെറുശലേം നഗരത്തിലുള്ള എല്ലാ ജനങ്ങളും യോഹന്നാന്റെ അടുക്കൽ എത്തി. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവർക്ക് അദ്ദേഹം യോർദാൻനദിയിൽ സ്നാനം നൽകി.
[6] യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം.
[7] അദ്ദേഹത്തിന്റെ പ്രസംഗം ഇതായിരുന്നു: “എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല.
[8] ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു; എന്നാൽ, അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകും.”
[9] ഏറെ താമസിക്കാതെ ഒരുദിവസം യേശു ഗലീലാപ്രവിശ്യയിലെ നസറെത്ത് പട്ടണത്തിൽനിന്നു യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു വന്നു. യോഹന്നാൻ അദ്ദേഹത്തെ യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
[10] യേശു വെള്ളത്തിൽനിന്നു കയറുമ്പോൾ ആകാശം പിളരുന്നതും പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവരുന്നതും കണ്ടു.
[11] “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
[12] ഉടനെതന്നെ ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് നയിച്ചു.
[13] നാൽപ്പതു ദിവസം അദ്ദേഹം ആ വിജനസ്ഥലത്ത് സാത്താനാൽ പരീക്ഷിക്കപ്പെട്ടു. ഈസമയം അദ്ദേഹം അവിടെ വന്യമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചും പോന്നു.
[14] യോഹന്നാൻസ്നാപകൻ കാരാഗൃഹത്തിലായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലയിൽ വന്നു.
[15] “സമയം വന്നിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; നിങ്ങളുടെ പാപങ്ങളിൽനിന്നു മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക!” എന്നിങ്ങനെയായിരുന്നു യേശുവിന്റെ പ്രസംഗം.
[16] യേശു ഗലീലാതടാകതീരത്തുകൂടി നടക്കുമ്പോൾ മീൻപിടിത്തക്കാരായ ശിമോനും സഹോദരനായ അന്ത്രയോസും തടാകത്തിൽ വലയിറക്കുന്നതു കണ്ടു.
[17] യേശു അവരോട്, “എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് പറഞ്ഞു
[18] ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
[19] അവർ അൽപ്പം മുന്നോട്ടു ചെന്നപ്പോൾ, സെബെദിയുടെ മകൻ യാക്കോബും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനും വള്ളത്തിലിരുന്ന് വല നന്നാക്കുന്നതു കണ്ടു.
[20] ഉടനെ യേശു അവരെയും വിളിച്ചു. അവർ പിതാവായ സെബെദിയെ ജോലിക്കാരോടുകൂടെ വള്ളത്തിൽ വിട്ടിട്ട് അദ്ദേഹത്തെ അനുഗമിച്ചു.
[21] യേശുവും ശിഷ്യന്മാരും കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. ശബ്ബത്തുനാളായപ്പോൾ യേശു യെഹൂദപ്പള്ളിയിൽ ചെന്ന് ഉപദേശിക്കാൻ തുടങ്ങി.
[22] ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു; കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് യേശു അവരെ ഉപദേശിച്ചത്.
[23] അപ്പോൾത്തന്നെ ആ പള്ളിയിൽ ഉണ്ടായിരുന്ന ദുരാത്മബാധിതനായ ഒരു മനുഷ്യൻ ഉച്ചത്തിൽ,
[24] “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് പറഞ്ഞു.
[25] “ശബ്ദിക്കരുത്! അവനിൽനിന്ന് പുറത്തുവരിക!” യേശു ശാസിച്ചു.
[26] ഉടനെ ദുരാത്മാവ് ആ മനുഷ്യനെ നിലത്ത് ഭയങ്കരമായി വീഴ്ത്തി ഇഴച്ചു; അലറി നിലവിളിച്ചുകൊണ്ട് അവനെ വിട്ടുപോയി.
[27] ഇതെല്ലാം കണ്ട ജനം വിസ്മയത്തോടെ, “ഇതെന്തൊരു അധികാരമുള്ള പുതിയ ഉപദേശം! അദ്ദേഹം ദുരാത്മാക്കളോടുപോലും കൽപ്പിക്കുകയും അവ അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുന്നല്ലോ!” എന്നിങ്ങനെ പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി.
[28] അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ഗലീല പ്രവിശ്യയിൽ എല്ലായിടത്തും അതിവേഗം വ്യാപിച്ചു.
[29] അവർ യെഹൂദപ്പള്ളിയിൽനിന്ന് ഇറങ്ങിയ ഉടനെതന്നെ യാക്കോബിനോടും യോഹന്നാനോടുംകൂടെ, ശിമോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലേക്കു പോയി.
[30] ശിമോന്റെ ഭാര്യാമാതാവ് പനിപിടിച്ചു കിടപ്പിലായിരുന്നു. ഈ കാര്യം ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു.
[31] യേശു അടുത്തുചെന്ന് അവളുടെ കൈക്കുപിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചു. അവളുടെ പനി സൗഖ്യമായി. അവൾ യേശുവിനെയും ശിഷ്യന്മാരെയും ശുശ്രൂഷിച്ചുതുടങ്ങി.
[32] അന്നു വൈകുന്നേരം, സൂര്യൻ അസ്തമിച്ചതിനുശേഷം, ജനങ്ങൾ രോഗികളും ഭൂതബാധിതരുമായ എല്ലാവരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.
[33] നഗരവാസികൾ എല്ലാവരും വാതിൽക്കൽ വന്നുകൂടി.
[34] പലവിധ രോഗങ്ങൾ ബാധിച്ചിരുന്ന അനേകംപേരെ യേശു സൗഖ്യമാക്കി; അനവധി ഭൂതങ്ങളെയും പുറത്താക്കി. യേശു ആരെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് അവയെ സംസാരിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല.
[35] അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു.
[36] ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു.
[37] കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു.
[38] അതിനു യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു
[39] അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.
[40] ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്ന് അപേക്ഷിച്ചു.
[41] യേശുവിന് അവനോട് സഹതാപം തോന്നി. കൈ നീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്ന് പറഞ്ഞു.
[42] തൽക്ഷണം കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്ക് സൗഖ്യംവന്നു.
[43] യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്ന് പറഞ്ഞു.
[45] എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.