[1] വീണ്ടും അദ്ദേഹം അവരോട് സാദൃശ്യകഥകളിലൂടെ സംസാരിച്ചുതുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിന് ഏൽപ്പിച്ചിട്ട്, വിദേശത്തുപോയി.
[2] വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി ശേഖരിക്കാൻ അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു.
[3] എന്നാൽ, അവർ അവനെ പിടിച്ച് മർദിക്കുകയും വെറുംകയ്യോടെ തിരികെ അയയ്ക്കുകയുംചെയ്തു.
[4] മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു; അവർ ആ മനുഷ്യന്റെ തലയിൽ മുറിവേൽപ്പിക്കുകയും അപമാനിക്കുകയുംചെയ്തു.
[5] അദ്ദേഹം വീണ്ടും മറ്റൊരാളെ അയച്ചു; അയാളെ അവർ കൊന്നുകളഞ്ഞു. മറ്റു പലരെയും ഇതുപോലെ അദ്ദേഹം അയച്ചു; അവരിൽ ചിലരെ അവർ അടിക്കുകയും ചിലരെ കൊല്ലുകയുംചെയ്തു.
[6] “അദ്ദേഹത്തിന് ഇനി ഒരാളെമാത്രമേ അയയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ—താൻ സ്നേഹിച്ച മകൻ. ‘എന്റെ മകനെ അവർ ആദരിക്കും,’ എന്നു പറഞ്ഞ് അവസാനം അദ്ദേഹം അവനെ അയച്ചു.
[7] “എന്നാൽ ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
[8] അങ്ങനെ അവർ അവനെ പിടിച്ചു കൊന്ന്, മുന്തിരിത്തോപ്പിന് വെളിയിൽ എറിഞ്ഞുകളഞ്ഞു.
[9] “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.
[10] “ ‘ശിൽപ്പികൾ തിരസ്കരിച്ച അതേശിലതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?”
[12] യേശു ഈ സാദൃശ്യകഥ തങ്ങൾക്ക് വിരോധമായിട്ടാണ് പറഞ്ഞതെന്ന് മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ അവർ ജനരോഷം ഭയപ്പെട്ട് അദ്ദേഹത്തെ വിട്ട് അവിടെനിന്നു പോയി.
[13] പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.
[14] അവർ വന്ന് അദ്ദേഹത്തോട്: “ഗുരുവേ, അങ്ങ് സത്യസന്ധനാണ്; അങ്ങ് പക്ഷപാതം കാണിക്കുന്നതുമില്ല. അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം” എന്നു പറഞ്ഞിട്ട്, “റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?
[15] ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്ന് ചോദിച്ചു. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോട് ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം കൊണ്ടുവരൂ, അത് ഞാൻ നോക്കട്ടെ.”
[16] അവർ ഒരു റോമൻ നാണയം കൊണ്ടുവന്നു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്ന് ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു.
[17] അപ്പോൾ യേശു, “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അവരോട് പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടികേട്ട് അവർ വിസ്മയിച്ചു.
[18] പുനരുത്ഥാനം ഇല്ല എന്ന് വാദിക്കുന്ന സദൂക്യർ ഒരുചോദ്യവുമായി യേശുവിന്റെ അടുക്കൽ വന്നു.
[19] അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരുവേ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.
[20] ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹം കഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.
[21] രണ്ടാമൻ ആ വിധവയെ വിവാഹംചെയ്തു; അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു.
[22] ഇങ്ങനെ ഏഴുപേരും മക്കളില്ലാത്തവരായി മരിച്ചു; ഒടുവിൽ ആ സ്ത്രീയും മരിച്ചു.
[23] അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹം കഴിച്ചിരുന്നല്ലോ!”
[24] അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്?
[25] മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമ്പോൾ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല; അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.
[26] എന്നാൽ, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ: മോശയുടെ പുസ്തകത്തിൽ മുൾപ്പടർപ്പിനെക്കുറിച്ച് വിവരിക്കുന്നിടത്ത് ‘ഞാൻ അബ്രഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം മോശയോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ?
[27] അവിടന്ന് മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്ക് വലിയ അബദ്ധം പിണഞ്ഞിരിക്കുന്നു.”
[28] അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്ന് ചോദിച്ചു.
[29] അതിനു യേശു ഉത്തരം പറഞ്ഞു, “ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന: ‘ഇസ്രായേലേ, കേൾക്കുക, നമ്മുടെ ദൈവമായ കർത്താവാണ് ഏകകർത്താവ്;
[30] നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’
[31] രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.”
[32] “ഗുരുവേ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ.
[33] സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി.
[34] അയാളുടെ വിവേകപൂർവമായ മറുപടികേട്ടിട്ട് യേശു, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്ന് പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
[35] പിന്നീടൊരിക്കൽ യേശു ദൈവാലയാങ്കണത്തിൽ വന്നുചേർന്ന ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്ന് വേദജ്ഞർ പറയുന്നത് എങ്ങനെ?
[36] ദാവീദ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, “ ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകൂ,’ എന്ന് കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു എന്ന് പ്രസ്താവിച്ചുവല്ലോ!
[37] ഇങ്ങനെ ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവേ’ എന്ന് സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” ആ വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകൾ ആനന്ദത്തോടെ കേട്ടു.
[38] യേശു തുടർന്ന് ഉപദേശിക്കവെ, ഇങ്ങനെ പറഞ്ഞു: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.
[39] പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.
[40] അവർ നിർലജ്ജം വിധവകളുടെ സമ്പത്ത് അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”
[41] പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരെ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു.
[42] എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ.
[43] യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ഈ പാവപ്പെട്ട വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
[44] മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.