Skip to content
Opens in a new window

[1] യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:

[2] “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഇതാ അവസാനം! ദേശത്തിന്റെ നാലു കോണുകളിലും അവസാനം വന്നെത്തിയിരിക്കുന്നു!

[3] ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു, ഞാൻ എന്റെ കോപം നിനക്കെതിരേ അഴിച്ചുവിടും. നിന്റെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ നിന്നെ ന്യായംവിധിക്കും അറപ്പുളവാക്കുന്ന നിന്റെ സകലപ്രവൃത്തികൾക്കും നിന്നോടു പകരംവീട്ടും.

[4] എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; ഒരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്ക് ഒത്തവണ്ണം നിശ്ചയമായും ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’

[5] “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘അനർഥം! അനർഥത്തിനു പിറകെ അനർഥം! ഇതാ അതു വരുന്നു!

[6] അവസാനം വന്നെത്തിയിരിക്കുന്നു! അവസാനം വന്നെത്തിയിരിക്കുന്നു! അതു നിന്റെനേരേ ഉണർന്നുവരുന്നു. ഇതാ, അതു വന്നിരിക്കുന്നു!

[7] വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു, ഈ ദേശത്തു വസിക്കുന്ന നിന്മേൽത്തന്നെ. സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം സമീപമായി! പർവതങ്ങളിൽ ആർപ്പുവിളി കേൾക്കുന്നു; ആനന്ദത്തിന്റെ അല്ലതാനും.

[8] ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; നിന്നോടുള്ള എന്റെ കോപം ഞാൻ നിറവേറ്റും; നിന്റെ പെരുമാറ്റത്തിന് അനുസൃതമായിത്തന്നെ ഞാൻ നിന്നെ ന്യായംവിധിക്കുകയും നിന്റെ മ്ലേച്ഛതകൾക്കെല്ലാം നിന്നോടു പകരംവീട്ടുകയും ചെയ്യും.

[9] എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; യാതൊരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്കൊത്തവണ്ണം ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അപ്പോൾ യഹോവയാണ് നിന്നെ ദണ്ഡിപ്പിക്കുന്നതെന്നു നീ അറിയും.

[10] “ ‘ഇതാ, ആ ദിവസം! ഇതാ, അതു വരുന്നു! നിന്റെ നാശം പുറപ്പെട്ടിരിക്കുന്നു; വടി പൂത്തിരിക്കുന്നു, അഹങ്കാരം തളിർത്തിരിക്കുന്നു!

[11] അക്രമം എഴുന്നേറ്റിരിക്കുന്നു, ദുഷ്ടരെ ശിക്ഷിക്കുന്നതിനുള്ള ഒരു വടിയായിത്തന്നെ. ആ ജനത്തിൽ ആരുംതന്നെ, ആ ജനസമൂഹത്തിലോ അവരുടെ ധനത്തിലോ മൂല്യവത്തായ ഒന്നും അവശേഷിക്കുകയില്ല.

[12] സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം എത്തിച്ചേർന്നു! വാങ്ങുന്നവർ സന്തോഷിക്കുകയോ വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ; കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു.

[13] വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം വിറ്റവന് താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള ദർശനം മറിച്ചാകുകയില്ല. അവരുടെ പാപംനിമിത്തം ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല.

[14] “ ‘അവർ കാഹളമൂതി സകലതും സജ്ജമാക്കിയിരിക്കുന്നു; എന്നാൽ ആരുംതന്നെ യുദ്ധത്തിനു പുറപ്പെടുന്നില്ല, കാരണം എന്റെ ക്രോധം ആ സമൂഹം മുഴുവന്റെയുംമേൽ ഇരിക്കുന്നു.

[15] പട്ടണത്തിനുപുറത്ത് വാൾ; അകത്ത് പകർച്ചവ്യാധിയും ക്ഷാമവും. വയലിൽ ഇരിക്കുന്നവർ വാളാൽ മരിക്കും. ക്ഷാമവും പകർച്ചവ്യാധിയും നഗരത്തിലുള്ളവരെ നശിപ്പിച്ചുകളയും.

[16] അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും പർവതങ്ങളിലേക്ക് ഓടിപ്പോകും. താഴ്വരകളിലെ പ്രാവുകളെപ്പോലെ അവർ എല്ലാവരും വിലപിക്കും, ഓരോരുത്തരുടെയും പാപങ്ങൾമൂലംതന്നെ.

[17] എല്ലാ കൈകളും തളരും; എല്ലാ കാലുകളും മൂത്രത്താൽ നനയും.

[18] അവർ ചാക്കുശീല ധരിക്കും, നടുക്കം അവരെ കീഴടക്കും. എല്ലാ മുഖങ്ങളിലും ലജ്ജ ഉണ്ടായിരിക്കും, എല്ലാ തലയും ക്ഷൗരം ചെയ്യപ്പെടും.

[19] “ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും, അവരുടെ സ്വർണം മലിനമായ വസ്തുപോലെ പരിഗണിക്കപ്പെടും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ മോചിപ്പിക്കാൻ കഴിയുകയില്ല. വിശപ്പടക്കുന്നതിനോ വയറുനിറയ്ക്കുന്നതിനോ അവർക്കത് ഉപകരിക്കുകയില്ല. അത് അവരെ പാപത്തിലേക്കു വീഴാൻ കാരണമാക്കിയല്ലോ.

[20] തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു. മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങൾ നിർമിക്കുന്നതിനായി അവർ അത് ഉപയോഗിച്ചു. അതിനാൽ അതു ഞാൻ അവർക്ക് ഒരു ഹീനവസ്തുവാക്കിത്തീർക്കും.

[21] അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും ഭൂമിയിലെ ദുഷ്ടർക്കു കവർച്ചയായും കൊടുക്കും, അവർ അതിനെ അശുദ്ധമാക്കും.

[22] ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും, എനിക്കു വിലപ്പെട്ട സ്ഥലത്തെ കൊള്ളക്കാർ അശുദ്ധമാക്കും. അവർ അതിൽ പ്രവേശിക്കുകയും അതിനെ മലിനമാക്കുകയും ചെയ്യും.

[23] “ ‘ദേശം രക്തപാതകംകൊണ്ടും പട്ടണം അക്രമംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക!

[24] അവരുടെ വീടുകൾ കൈവശമാക്കുന്നതിന് ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും.

[25] ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും; എന്നാൽ അവർ അതു കണ്ടെത്തുകയില്ല.

[26] നാശത്തിനുമീതേ നാശവും കിംവദന്തിക്കുമീതേ കിംവദന്തിയും ഉണ്ടാകും. അവർ പ്രവാചകനിൽനിന്ന് ഒരു ദർശനം അന്വേഷിക്കും ന്യായപ്രമാണത്തിൽനിന്നും പുരോഹിതൻ നൽകുന്ന ഉപദേശം നിലയ്ക്കും, ഗോത്രത്തലവന്മാരുടെ ആലോചനയും അവസാനിക്കും.

[27] രാജാവു വിലപിക്കും, പ്രഭു നൈരാശ്യത്താൽ മൂടപ്പെടും, ദേശത്തിലെ ജനങ്ങളുടെ കൈകൾ വിറയ്ക്കും. അവരുടെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ അവരോട് ഇടപെടും, അവരുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഞാൻ അവരെ ന്യായംവിധിക്കും. അപ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”

യെഹെസ്കേലിന്റെ പ്രവചനം — Chapters