[1] അതിനുശേഷം ആ പുരുഷൻ എന്നെ ആലയത്തിലെ വിശാലമായ മുറിയിലേക്കു കൊണ്ടുവന്ന് കട്ടിളക്കാലുകൾ അളന്നു. കട്ടിളക്കാലുകളുടെ വീതി ഇരുവശങ്ങളിൽ ഓരോന്നിലും ആറുമുഴം വീതമായിരുന്നു.
[2] പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴം ആയിരുന്നു. അതിന്റെ പാർശ്വഭിത്തികളുടെ നീളം ഇപ്പുറത്ത് അഞ്ചുമുഴവും അപ്പുറത്ത് അഞ്ചുമുഴവുമായിരുന്നു. അദ്ദേഹം ആലയത്തിലെ വിശാലമുറിയും അളന്നു. അതിന്റെ നീളം നാൽപ്പതുമുഴവും വീതി ഇരുപതു മുഴവും ആയിരുന്നു.
[3] പിന്നീട് അദ്ദേഹം അന്തർമന്ദിരത്തിലേക്കു ചെന്ന് പ്രവേശനത്തിലെ കട്ടിളക്കാലുകൾ അളന്നു. അതിന്റെ ഓരോന്നിന്റെയും വീതി രണ്ടുമുഴംവീതം ആയിരുന്നു. പ്രവേശനത്തിന്റെ വീതി ആറുമുഴവും പ്രവേശനത്തിന്റെ ഇരുവശവുമുള്ള തള്ളിനിൽക്കുന്ന ചുമരുകളുടെ വീതി ഏഴുമുഴം വീതവുമായിരുന്നു.
[4] അദ്ദേഹം അന്തർമന്ദിരത്തിന്റെ നീളം അളന്നു. അത് ഇരുപതു മുഴവും വീതി ആലയത്തിന്റെ വിശാലമായ മുറിയുടെ വീതിക്കൊത്തവണ്ണം ഇരുപതു മുഴവും ആയിരുന്നു. “ഇത് അതിവിശുദ്ധസ്ഥലം,” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
[5] അതിനുശേഷം അദ്ദേഹം ആലയത്തിന്റെ ചുമർ അളന്നു. അതിന്റെ കനം ആറുമുഴം ആലയത്തിന്റെ ചുറ്റുമുള്ള മുറികളുടെ വീതി നാലുമുഴം.
[6] വശത്തോടുചേർന്ന മുറികൾ ഒന്നിനുമേൽ ഒന്നായി മൂന്നു നിലയിലായിരുന്നു. ഓരോ നിലയിലും മുപ്പതു മുറികൾ ഉണ്ടായിരുന്നു. ആലയഭിത്തിക്കകത്തേക്കു കടക്കാതിരിക്കുന്നതിനായി വശത്തോടുചേർന്ന മുറികളെ താങ്ങിനിർത്താൻ ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു.
[7] ആലയത്തിനു ചുറ്റുമുള്ള മുറികൾ ഓരോ നില കഴിയുന്തോറും വീതി കൂടിക്കൂടിവരുന്നവ ആയിരുന്നു. ആലയത്തിനു ചുറ്റുമുള്ള കെട്ടിടം മുകളിലോട്ടു വിസ്താരംകൂടുമാറ് പണിതിരുന്നു. താഴത്തെ നിലയിൽനിന്ന് മുകളിലെത്താൻ നടുവിലത്തെ നിലയിലൂടെ കോണിപ്പടികൾ ഉണ്ടായിരുന്നു.
[8] വശങ്ങളിലുള്ള മുറികൾക്ക് ഒരു അടിസ്ഥാനമാകുംവിധം ആലയത്തിനുചുറ്റും ഉയർന്ന തറ ഞാൻ കണ്ടു; ഒരു ദണ്ഡിന്റെ നീളമായ, ആറു നീണ്ട മുഴങ്ങളായിരുന്നു അതിന് ഉണ്ടായിരുന്നത്.
[9] വശത്തോടുചേർന്ന മുറികളുടെ പുറത്തെ ചുമരിന്റെ കനം അഞ്ചുമുഴമായിരുന്നു. ആലയത്തിന്റെ വശങ്ങളിലെ മുറികൾക്കും
[10] പുരോഹിതന്മാരുടെ മുറികൾക്കും ഇടയിൽ ഇരുപതുമുഴം വീതിയുള്ള ഒരു അങ്കണം ആലയത്തിനുചുറ്റും ഉണ്ടായിരുന്നു.
[11] തുറസ്സായ സ്ഥലത്തുനിന്നു വശത്തോടുചേർന്ന മുറികളിലേക്കു പ്രവേശിക്കാൻ വാതിലുകൾ ഉണ്ടായിരുന്നു; ഒന്നു വടക്കുവശത്തും മറ്റൊന്നു തെക്കുവശത്തും. തുറസ്സായ സ്ഥലത്തോടു ചേർന്നുള്ള തറയ്ക്ക് എല്ലാവശത്തും അഞ്ചുമുഴം വീതി ഉണ്ടായിരുന്നു.
[12] ആലയത്തിന്റെ അങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറുവശത്തുള്ള കെട്ടിടത്തിന്റെ വീതി എഴുപതുമുഴമായിരുന്നു. കെട്ടിടത്തിന്റെ ചുറ്റുമുള്ള മതിലിന്റെ കനം അഞ്ചുമുഴവും അതിന്റെ ആകെ നീളം തൊണ്ണൂറു മുഴവുമായിരുന്നു.
[13] അതിനുശേഷം അദ്ദേഹം ആലയം അളന്നു; അതിന്റെ നീളം നൂറുമുഴം. ആലയത്തിന്റെ അങ്കണവും കെട്ടിടവും അതിന്റെ ചുമരുകൾക്കും നൂറുമുഴം നീളമായിരുന്നു.
[14] ആലയത്തിന്റെ കിഴക്കുവശത്തെ മുറ്റത്തിന്റെയും ആലയത്തിന്റെ മുൻഭാഗത്തിന്റെയും വീതി നൂറുമുഴംവീതമായിരുന്നു.
[15] പിന്നെ അദ്ദേഹം പിൻഭാഗത്തുള്ള മുറ്റത്തിന് അഭിമുഖമായുള്ള കെട്ടിടത്തിന്റെ നീളവും അതിനോടു ചേർന്ന് ഇരുവശത്തുമുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളും അളന്നു; അവയുടെ നീളം നൂറുമുഴം. ആലയത്തിലെ വിശാലമായ മുറി, അന്തർമന്ദിരം, അങ്കണത്തിന് അഭിമുഖമായുള്ള പൂമുഖം,
[16] ഇവ മൂന്നിനും ചുറ്റുമുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങൾ ഉമ്മറപ്പടികൾ വീതികുറഞ്ഞ ജനാലകൾ—ഉമ്മറപ്പടിയും ഉൾപ്പെടെ അതിനപ്പുറമുള്ള എല്ലാം—നിലത്തുനിന്ന് ജാലകങ്ങൾവരെയും തടികൊണ്ടു മറച്ചിരുന്നു, ജാലകങ്ങളോ അടച്ചിരുന്നു.
[17] അന്തർമന്ദിരത്തിന്റെ വാതിലിന്റെ പുറത്ത് മുകളിലുള്ള സ്ഥലത്തും മന്ദിരത്തിന്റെ ചുമരിന്റെചുറ്റും അകമേയും പുറമേയും കൃത്യം ഇടവിട്ട്
[18] കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു. കെരൂബിനും കെരൂബിനും മധ്യേ ഓരോ ഈന്തപ്പന കൊത്തിയിരുന്നു. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങൾ ഉണ്ടായിരുന്നു:
[19] ഒരുവശത്തുള്ള ഈന്തപ്പനയ്ക്കുനേരേ മനുഷ്യമുഖവും മറുവശത്തേതിനുനേരേ സിംഹമുഖവുമാണ് ഉണ്ടായിരുന്നത്. ആലയത്തിനുചുറ്റും എല്ലായിടവും ഇപ്രകാരംതന്നെ കൊത്തിയിരുന്നു.
[20] വിശാലമായ മുറിയുടെ ഭിത്തിയിൽ നിലംമുതൽ പ്രവേശനത്തിന്റെ മുകൾഭാഗംവരെയും കെരൂബുകളും ഈന്തപ്പനകളും കൊത്തിയിരുന്നു.
[21] വിശാലമായ മുറിക്ക് ദീർഘചതുരമായ കട്ടിള ഉണ്ടായിരുന്നു, അതിവിശുദ്ധസ്ഥാനത്തിനു മുന്നിലുള്ള കട്ടിളയും അതിനു സമാനമായിരുന്നു.
[22] മൂന്നുമുഴം ഉയരവും രണ്ടുമുഴം സമചതുരവുമായ മരംകൊണ്ടുള്ള ഒരു യാഗപീഠം ഉണ്ടായിരുന്നു. അതിന്റെ കോണുകളും ചുവടും പാർശ്വങ്ങളും മരംകൊണ്ട് ഉള്ളതായിരുന്നു. ആ പുരുഷൻ എന്നോട്: “ഇത് യഹോവയുടെ സന്നിധിയിലെ മേശയാകുന്നു” എന്നു പറഞ്ഞു.
[23] ആലയത്തിലെ വിശാലമായ മുറിക്കും അതിവിശുദ്ധ മന്ദിരത്തിനും ഇരട്ടക്കതകുകൾ ഉണ്ടായിരുന്നു.
[24] ഓരോ കതകിനും രണ്ടു പലകകൾ വീതമായിരുന്നു ഉണ്ടായിരുന്നത്—വിജാഗിരിവെച്ച രണ്ടു പലകകൾ ഓരോ വാതിലിനും.
[25] ചുമരുകളിൽ കാണപ്പെട്ടതുപോലെതന്നെ വിശാലമായ മുറിയുടെ കതകുകളിലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു. പൂമുഖത്തിന്റെ മുമ്പിൽ മരംകൊണ്ടുള്ള ഒരു കനത്ത തുലാം ഉണ്ടായിരുന്നു.
[26] പൂമുഖത്തിന്റെ വശങ്ങളിലെ ഭിത്തികളിൽ ഇരുവശത്തും ഈന്തപ്പനകൾ കൊത്തിയിട്ടുള്ള വീതികുറഞ്ഞ ജനാലകൾ ഉണ്ടായിരുന്നു. ആലയത്തിന്റെ വശങ്ങളിലുള്ള മുറികളിലും തുലാങ്ങൾ ഉണ്ടായിരുന്നു.