Skip to content
Opens in a new window

[1] “നീ ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഇപ്രകാരം ഒരു വിലാപഗാനം ആലപിക്കുക:

[2] “ ‘സിംഹങ്ങളുടെ മധ്യത്തിൽ എന്തൊരു സിംഹിയായിരുന്നു നിന്റെ മാതാവ് ആരായിരുന്നു! അവൾ സിംഹക്കുട്ടികളുടെ ഇടയിൽക്കിടന്ന്, അവളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവന്നു.

[3] തന്റെ കുട്ടികളിൽ ഒന്നിനെ അവൾ വളർത്തിക്കൊണ്ടുവന്നു; അവൻ ഒരു ശക്തനായ സിംഹമായിത്തീർന്നു. ഇരകളെ കടിച്ചുചീന്തുന്നതിന് അവൻ ശീലിച്ചു. മനുഷ്യരെ അവൻ വിഴുങ്ങിക്കളഞ്ഞു.

[4] രാഷ്ട്രങ്ങൾ അവനെപ്പറ്റി കേട്ടു, അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു. അവർ അവനെ ചങ്ങലയ്ക്കിട്ട് ഈജിപ്റ്റുദേശത്തു കൊണ്ടുവന്നു.

[5] “ ‘അവൾ തന്റെ ആഗ്രഹത്തിനു ഭംഗം സംഭവിച്ചതുകണ്ട് തന്റെ സിംഹക്കുട്ടികളിൽ മറ്റൊന്നിനെ വളർത്തി ശക്തനായ ഒരു സിംഹമാക്കിമാറ്റി.

[6] അവൻ സിംഹങ്ങൾക്കിടയിൽ സഞ്ചരിച്ച്, ഇപ്പോൾ ശക്തനായ ഒരു സിംഹമായിത്തീർന്നു. ഇരയെ കടിച്ചുചീന്തുവാൻ അവൻ ശീലിച്ചു; അവനും മനുഷ്യരെ വിഴുങ്ങിക്കളഞ്ഞു.

[7] അവരുടെ ബലമേറിയ ശക്തികേന്ദ്രങ്ങൾ അവൻ തകർത്തു; അവരുടെ നഗരങ്ങളെ അവൻ ശൂന്യമാക്കി. അവന്റെ ഗർജനം കേട്ട് ദേശവും അതിലെ സകലനിവാസികളും നടുങ്ങി.

[8] രാഷ്ട്രങ്ങൾ തങ്ങളുടെ പ്രവിശ്യകളിലുള്ള എല്ലാ ദിക്കുകളിൽനിന്നും അവന്റെനേരേ ആക്രമിച്ചു. അവർ അവനായി വല വിരിച്ചു; അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു.

[9] അവർ അവനെ ചങ്ങലയിട്ട് ഒരു കൂട്ടിലാക്കി; അവനെ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇസ്രായേൽ പർവതങ്ങളിൽ അവന്റെ ഗർജനം ഇനി കേൾക്കാതിരിക്കേണ്ടതിന് അവർ അവനെ കാരാഗൃഹത്തിൽ അടച്ചു.

[10] “ ‘നിന്റെ അമ്മ നിന്റെ മുന്തിരിത്തോപ്പിൽ വെള്ളങ്ങൾക്കരികെ നട്ട ഒരു മുന്തിരിവള്ളിപോലെ ആയിരുന്നു; ജലസമൃദ്ധിനിമിത്തം അത് ഫലഭൂയിഷ്ഠവും ശാഖകൾ നിറഞ്ഞതും ആയിരുന്നു.

[11] രാജാക്കന്മാർക്കു ചെങ്കോൽ നിർമിക്കാൻ പറ്റിയ കടുപ്പമുള്ള ശാഖകൾ അതിന് ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നുനിന്നിരുന്നു. അതിന്റെ ഉയരംകൊണ്ടും അനവധി ശാഖകൾകൊണ്ടും അതു സുവ്യക്തമായി കാണാമായിരുന്നു.

[12] എന്നാൽ കോപത്തോടെ അതിനെ പിഴുതെടുത്തു; അതിനെ നിലത്തു തള്ളിയിട്ടു; കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു, അതിലെ കായ്കൾ ഉതിർന്നുപോയി. അതിന്റെ ബലമേറിയ കൊമ്പുകൾ ഉണങ്ങിപ്പോയി, അഗ്നി അതിനെ ദഹിപ്പിച്ചുകളഞ്ഞു.

[13] ഇപ്പോൾ അതിനെ മരുഭൂമിയിൽ, ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.

[14] പ്രധാന ശാഖയിൽനിന്ന് അഗ്നി പടർന്ന് അതിന്റെ ഫലങ്ങൾ ചുട്ടെരിക്കപ്പെട്ടു. അധിപതിയുടെ ഒരു ചെങ്കോലിന് ഉപയുക്തമായ ഒരു ശാഖയും അതിൽ അവശേഷിച്ചില്ല.’ ഇത് ഒരു വിലാപം; ഒരു വിലാപഗീതമായി ഉപയോഗിക്കപ്പെടേണ്ടതുമാണ്.”

യെഹെസ്കേലിന്റെ പ്രവചനം — Chapters