Skip to content
Opens in a new window

[1] പന്ത്രണ്ടാംവർഷം പന്ത്രണ്ടാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:

[2] “മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി അയാളോട് ഇപ്രകാരം പറയുക: “ ‘രാഷ്ട്രങ്ങൾക്കിടയിൽ നീ ഒരു സിംഹത്തെപ്പോലെയാണ്; നീ കടലിലെ ഒരു ഭീകരസത്വംപോലെതന്നെ. നീ നദികളിലേക്കു കുതിച്ചുചാടി നിന്റെ കാൽകൊണ്ടു വെള്ളം കലക്കി ആ നദികളെയെല്ലാം ചെളിവെള്ളം നിറഞ്ഞതാക്കിത്തീർത്തു.

[3] “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വലിയ ജനക്കൂട്ടത്തോടുചേർന്ന് എന്റെ വല നിന്റെമേൽ എറിയും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും.

[4] ഞാൻ നിന്നെ കരയിൽ വലിച്ചിട്ടശേഷം തുറസ്സായ സ്ഥലത്തേക്ക് എറിഞ്ഞുകളയും. ആകാശത്തിലെ പറവകൾ ഒക്കെയും നിന്റെമേൽ വന്നിരിക്കും, വന്യമൃഗങ്ങളെല്ലാം നിന്നെ കാർന്നുതിന്നും.

[5] ഞാൻ നിന്റെ മാംസം പർവതങ്ങളിൽ നിരത്തുകയും നിന്റെ അവശിഷ്ടങ്ങൾകൊണ്ടു താഴ്വരകളെ നിറയ്ക്കുകയും ചെയ്യും.

[6] ഞാൻ കരകളിലെല്ലാം നിന്റെ രക്തം ഒഴുക്കി, പർവതങ്ങൾവരെയും കുതിരുമാറാക്കും; അവയിലെ ഇടുക്കുവഴികളെല്ലാം നിന്റെ മാംസംകൊണ്ടു നിറയും.

[7] നിന്നെ തുടച്ചുനീക്കുമ്പോൾ ഞാൻ ആകാശത്തെ മറച്ച്, അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ ഒരു മേഘംകൊണ്ടു മറയ്ക്കും, ചന്ദ്രൻ അതിന്റെ പ്രകാശം തരികയുമില്ല.

[8] ആകാശത്തിൽ പ്രകാശം പരത്തുന്ന ജ്യോതിസ്സുകളെയെല്ലാം ഞാൻ നിന്റെമേൽ ഇരുളടഞ്ഞവയാക്കും; നിന്റെ ദേശത്തു ഞാൻ അന്ധകാരം വരുത്തും, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.

[9] രാഷ്ട്രങ്ങൾക്കുമധ്യേ ഞാൻ നാശം വരുത്തുമ്പോൾ, നീ അറിയാത്ത ദേശങ്ങൾക്കിടയിൽ വിനാശം വരുത്തുമ്പോൾ അനേകം ജനതകളുടെ ഹൃദയങ്ങൾ ദുഃഖിതമായിത്തീരും.

[10] ഞാൻ അനേകം ജനതകളെ നിന്റെനിമിത്തം സ്തബ്ധരാക്കിത്തീർക്കും; അവരുടെ രാജാക്കന്മാരുടെമുമ്പിൽവെച്ച് ഞാൻ എന്റെ വാൾ വീശുമ്പോൾ അവർ ഭീതിയാൽ നടുങ്ങിപ്പോകും. നിന്റെ വീഴ്ചയുടെ ദിവസത്തിൽ അവർ ഓരോരുത്തനും താന്താങ്ങളുടെ പ്രാണനെ ഓർത്ത് ഓരോ നിമിഷവും വിറയ്ക്കും.

[11] “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ബാബേൽരാജാവിന്റെ വാൾ നിനക്കുനേരേ വരും.

[12] എല്ലാ ജനതകളിലുംവെച്ചു ക്രൂരന്മാരായ പ്രബലയോദ്ധാക്കളുടെ വാൾകൊണ്ടു നിന്റെ കവർച്ചസംഘങ്ങളെല്ലാം വീഴുന്നതിനു ഞാൻ ഇടയാക്കും. ഈജിപ്റ്റിന്റെ അഭിമാനത്തെ അവർ തകർത്തുകളയും; അവളുടെ കവർച്ചസംഘങ്ങൾ മുഴുവനും നശിപ്പിക്കപ്പെടും.

[13] സമൃദ്ധമായ ജലാശയങ്ങൾക്കരികെനിന്ന് അവരുടെ കന്നുകാലികളെയെല്ലാം ഞാൻ നശിപ്പിച്ചുകളയും; മേലാൽ ഈ ജലാശയങ്ങളെ മനുഷ്യന്റെ കാൽ കലക്കുകയോ മൃഗങ്ങളുടെ കുളമ്പുകൾ കലക്കമുണ്ടാക്കുകയോ ചെയ്യുകയില്ല.

[14] അതിനുശേഷം അവരുടെ വെള്ളം തെളിഞ്ഞ് എണ്ണപോലെ ഒഴുകാൻ ഞാൻ ഇടവരുത്തും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[15] ഞാൻ ഈജിപ്റ്റിനെ ശൂന്യമാക്കി ദേശത്തുള്ള എല്ലാറ്റിനെയും ഉന്മൂലനംചെയ്യും, അവിടെ പാർക്കുന്നവരെയെല്ലാം ഞാൻ സംഹരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’

[16] “അവർ അതിനെക്കുറിച്ച് ആലപിക്കുന്ന വിലാപഗീതം ഇതാകുന്നു. ജനതകളുടെ പുത്രിമാർ അത് ആലപിക്കും. ഈജിപ്റ്റിനും അതിന്റെ കവർച്ചസംഘത്തിനുംവേണ്ടി അവർ അത് ആലപിക്കുമെന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.”

[17] പന്ത്രണ്ടാംവർഷം ആ മാസം, പതിനഞ്ചാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:

[18] “മനുഷ്യപുത്രാ, ഈജിപ്റ്റിലെ കവർച്ചസംഘത്തെപ്പറ്റി വിലപിച്ച് അവരെയും ശക്തരായ രാഷ്ട്രങ്ങളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഭൂമിയുടെ അധോഭാഗങ്ങളിലേക്കു തള്ളിയിടുക.

[19] അവരോടു പറയുക: ‘നിങ്ങൾ മറ്റാരെക്കാൾ ആകർഷണീയരായിരിക്കുന്നു? ഇറങ്ങിച്ചെന്ന് പരിച്ഛേദനം ഏൽക്കാത്തവരുടെ കൂട്ടത്തിൽ കിടക്കുക.’

[20] വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും. വാൾ അവൾക്കെതിരേ ഊരപ്പെട്ടിരിക്കുന്നു; അവളെയും അവളുടെ കവർച്ചസംഘങ്ങളെയും അതിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുക.

[21] പാതാളത്തിന്റെ മധ്യത്തിൽനിന്ന് അവരുടെ ശക്തരായ നേതാക്കന്മാർ ഈജിപ്റ്റിനെയും അവളുടെ സഹായികളെയുംപറ്റി ഇപ്രകാരം പറയും: ‘അവർ ഇറങ്ങിവന്ന് വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം ഇവിടെ കിടക്കുന്നു.’

[22] “അശ്ശൂർ അവളുടെ സർവസൈന്യത്തോടുംകൂടെ അവിടെയുണ്ട്; അവളുടെ സകലനിഹതന്മാരും അവൾക്കുചുറ്റും കല്ലറകളിലുണ്ട്; വാളേറ്റുവീണ എല്ലാവരുംതന്നെ.

[23] അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അഗാധതയിലാണ്; അവളുടെ സൈന്യം ആ ശവക്കുഴിക്കു ചുറ്റുമായിക്കിടക്കുന്നു. ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയവരെല്ലാം വാളാൽ വധിക്കപ്പെട്ട് വീണിരിക്കുന്നു.

[24] “ഏലാം അവിടെയുണ്ട്; അവളുടെ കവർച്ചസംഘങ്ങളും അവൾക്കുചുറ്റുമായി കാണാം. അവരെല്ലാം വാളാൽ കൊന്നുവീഴ്ത്തപ്പെട്ടിരിക്കുന്നു. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയവരെല്ലാം പരിച്ഛേദനം ഏൽക്കാത്തവരായി അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ തങ്ങളുടെ ലജ്ജ വഹിക്കുന്നു.

[25] നിഹതന്മാരുടെ മധ്യേ അവൾക്കായി ഒരു കിടക്ക ഒരുക്കിയിരിക്കുന്നു; അവളുടെ കവർച്ചസംഘമെല്ലാം അവളുടെ ശവക്കുഴിക്കുചുറ്റുമുണ്ട്; അവരെല്ലാം അപരിച്ഛേദിതരും വാളാൽ കൊല്ലപ്പെട്ടവരുമത്രേ. അവരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു പരന്നതിനാൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ ലജ്ജ വഹിക്കുന്നു. നിഹതന്മാർക്കിടയിൽ അവരെ കിടത്തിയിരിക്കുന്നു.

[26] “മേശെക്കും തൂബാലും അവിടെയുണ്ട്. അവരുടെ കവർച്ചസംഘമെല്ലാം അവരുടെ ശവക്കുഴിക്കുചുറ്റുമുണ്ട്. അവരെല്ലാം അപരിച്ഛേദിതരാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തുകയാൽ കൊല്ലപ്പെട്ടവരാണ് അവർ.

[27] വീണുപോയവരും തങ്ങളുടെ ആയുധങ്ങളുമായി പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നവരും തങ്ങളുടെ വാളുകൾ സ്വന്തം തലയ്ക്കുകീഴേയും പരിചകൾ അവരുടെ അസ്ഥിക്കുമീതേയും വെച്ചിട്ടുള്ളവരുമായ പുരാതന യോദ്ധാക്കൾക്കൊപ്പം ഇവരും അവിടെ കിടക്കേണ്ടതല്ലേ? ഈ യുദ്ധവീരന്മാരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു വ്യാപിച്ചിരിക്കുന്നു.

[28] “ഫറവോനേ, നീയും പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരുടെ ഇടയിൽ കിടക്കുകയും ചെയ്യും.

[29] “ഏദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരുംതന്നെ. അവർ ശക്തരായിരുന്നിട്ടും വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കുന്ന; അപരിച്ഛേദിതരും കുഴിയിൽ ഇറങ്ങുന്നവരുമായവരോടുകൂടെ അവർ കിടക്കുന്നു.

[30] “ഉത്തരദേശത്തെ സകലപ്രഭുക്കന്മാരും എല്ലാ സീദോന്യരും അവിടെയുണ്ട്; അവരുടെ ശക്തിമൂലം അവർ ഭീതി പരത്തിയെങ്കിലും അവർ ലജ്ജിതരായി നിഹതന്മാരോടൊപ്പം ഇറങ്ങിപ്പോയി. വാളാൽ നിഹതന്മാരായവരോടൊപ്പം അപരിച്ഛേദിതരായി അവർ കിടക്കുന്നു. കുഴിയിലേക്കിറങ്ങുന്നവരോടുകൂടെ തങ്ങളുടെ ലജ്ജയെ അവർ വഹിക്കുകയുംചെയ്യുന്നു.

[31] “ഫറവോനും അവന്റെ സകലസൈന്യവും അവരെ കാണും. വാൾകൊണ്ടു കൊല്ലപ്പെട്ട തന്റെ കവർച്ചസംഘത്തെപ്പറ്റി അവന് ആശ്വാസം ലഭിക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[32] ജീവനുള്ളവരുടെ ദേശത്ത് ഞാനാണല്ലോ ഭീതിപരത്തിയത്. അങ്ങനെ ഫറവോനും അവന്റെ കവർച്ചസംഘംമുഴുവനും വാളാൽ കൊല്ലപ്പെട്ട അപരിച്ഛേദിതരുടെ മധ്യത്തിൽ കിടക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”

യെഹെസ്കേലിന്റെ പ്രവചനം — Chapters